ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാര്‍ സംരക്ഷണയില്‍ ഹാദിയയുടെ പഠനം തുടരാന്‍ സുപ്രിംകോടതി അനുമതി നല്‍കിയതില്‍ സന്തോഷമുണ്ടെന്ന് ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍. ദൈവത്തിന് നന്ദി പറയുന്നതായും ഹാദിയയെ സ്വതന്ത്ര്യയാക്കിയതില്‍ സന്തുഷ്ടനാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധി റദ്ദാക്കാതിരുന്ന സുപ്രിംകോടതിയുടെ തീരുമാനത്തില്‍ സന്തോഷമുണ്ടെന്ന് ഹാദിയയുടെ അച്ഛന്‍ അശോകന്‍ പറഞ്ഞു.

എന്നാല്‍ ഭര്‍ത്താവിനൊപ്പമോ രക്ഷിതാക്കള്‍ക്കൊപ്പമോ ഹാദിയയ്ക്ക് പോകാന്‍ കോടതി അനുമതി നല്‍കിയിട്ടില്ല. ഇപ്പോള്‍ പഠനം തുടരണമെന്നും വിവാഹം സംബന്ധിച്ച വാദം ജനുവരി മൂന്നാം വാരം കേള്‍ക്കുമെന്നും കോടതി അറിയിച്ചു. മലപ്പുറത്ത് സുഹൃത്തിന്റെ വീട്ടില്‍ പോകണമെന്നാണ് ഹാദിയ കോടതിയോട് ആവശ്യപ്പെട്ടത്. എന്നാല്‍ സേലത്ത് കോളേജിലേക്ക് പോകാനാണ് കോടതി ഹാദിയയോട് നിര്‍ദേശിച്ചത്. ഡോക്ടറാകണമെന്ന ഹാദിയയുടെ ആഗ്രഹം പരിഗണിച്ച് ഇപ്പോള്‍ പഠിക്കുകയാണ് ചെയ്യേണ്ടതെന്നും കോടതി അറിയിച്ചു.

സുരക്ഷാകാര്യങ്ങളും ചെലവും സംസ്ഥാന സര്‍ക്കാരും തമിഴ്നാട് സര്‍ക്കാരും ചേര്‍ന്ന് നടത്തണം. കേരളഹൗസില്‍ കഴിയുന്ന ഹാദിയയെ കഴിയുന്നതും വേഗം സേലത്തുളള കോളേജ് ഹോസ്റ്റലിലേക്ക് മാറ്റാനുളള നടപടി സര്‍ക്കാര്‍ സ്വീകരിക്കണമെന്നും കോടതി അറിയിച്ചു. ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയാക്കിയതിന് ശേഷമാണ് ഹാദിയയുടെ ഡോക്ടര്‍ പഠനം പൂര്‍ത്തിയാവുകയുളളു.

സര്‍വ്വകലാശാലയില്‍ ഒരു ലോക്കല്‍ ഗാഡിയനെ ചുമതലപ്പെടുത്തണമെന്ന് ഹാദിയ ആവശ്യപ്പെട്ടു. കോളേജ് ഡീനിനെ ലോക്കല്‍ ഗാഡിയനാക്കാമെന്ന് കോടതി വ്യക്തമാക്കി. എന്നാല്‍ തന്റെ ഭര്‍ത്താവാണ് തന്റെ ലോക്കല്‍ ഗാഡിയനെന്നും ഹാദിയ പറഞ്ഞു. തുടര്‍ന്ന് സേലം ശിവരാജ് ഹോമിയോ മെഡിക്കല്‍ കോളേജ് ഡീനിനെ രക്ഷകര്‍ത്താവാക്കി നിര്‍ദേശിച്ച് ഹാദിയയുടെ പഠനം തുടരണമെന്ന് കോടതി നിര്‍ദേശിച്ചു. കോളേജിനോട് ഹാദിയയ്ക്ക് ഹോസ്റ്റല്‍ സൗകര്യം ഒരുക്കാന്‍ ആവശ്യപ്പെടും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ