തിരുവനന്തപുരം: ഈ വർഷത്തെ മറ്റ് ആഘോഷങ്ങൾ പോലെ തന്നെ കർശന നിയന്ത്രണങ്ങളിലായിരിക്കും പുതുവത്സരത്തെയും നമ്മൾ വരവേൽക്കാനൊരുങ്ങുന്നത്. കോവിഡ് വ്യാപനത്തിന്റെ സാഹര്യത്തിൽ സംസ്ഥാനത്ത് പുതുവർഷ ആഘോഷങ്ങൾക്ക് സർക്കാർ കർശന നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. എല്ലാ പുതുവർഷാഘോഷങ്ങളിലും കോവിഡ്-19 ചട്ടങ്ങൾ കർശനമായി പാലിക്കണമെന്ന് സംസ്ഥാന ദുരന്ത പ്രതിരോധ വകുപ്പ് ഇത് സംബന്ധിച്ച ഉത്തരവിൽ വ്യക്തമാക്കിയിട്ടുള്ളതാണ്. മാസ്ക് ധരിക്കുന്നതും സാംമൂഹിക അകലം പാലിക്കുന്നതും അടക്കമുള്ള നിയന്ത്രണങ്ങൾ ആഘോഷങ്ങൾക്ക് ബാധകമാണ്.

ഡിസംബർ 31ന് രാത്രി 10മണിയോടെ എല്ലാ പുതുവർഷാഘോഷ പരിപാടികളും അവസാനിപ്പിക്കണം. ഈ നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കും. ജില്ലാ കലക്ടർമാർക്കും ജില്ലാ പൊലീസ് മേധാവിമാർക്കുമാണ് ഇതിന്റെ നിരീക്ഷണ ചുമതല.

കഴിഞ്ഞ വർഷങ്ങളിൽ പുതുവർഷ ആഘോഷങ്ങൾ നടന്നിരുന്ന കേന്ദ്രങ്ങളിൽ നിരീക്ഷണത്തിന് പ്രത്യേകം സംവിധാനങ്ങൾ അതാത് ജില്ല ഭരണകൂടങ്ങൾ ഒരുക്കിയിട്ടുണ്ട്. ബീച്ചുകൾ കേന്ദ്രീകരിച്ചാണ് പലപ്പോഴും പുതുവർഷ ആഘോഷങ്ങൾ നടക്കാറുള്ളത്. അതുകൊണ്ട് തന്നെ ഇത്തരം കേന്ദ്രങ്ങളിലെല്ലാം നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

എറണാകുളത്ത് തഹസിൽദാരുടെ നേതൃത്വത്തിൽ പ്രത്യേക മൊബൈൽ സ്‌ക്വാഡ്

ഫോർട്ട്‌ കൊച്ചി, ചെറായി ബീച്ചുകളിൽ നിയന്ത്രണങ്ങൾ ഉറപ്പ് വരുത്തുന്നതിനായി തഹസിൽദാരുടെ നേതൃത്വത്തിൽ പ്രത്യേക മൊബൈൽ സ്‌ക്വാഡിനെ ചുമതലപ്പെടുത്തി കൊണ്ട് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ഉത്തരവിറക്കി. കോവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി ജില്ലയിലെ പുതുവർഷ ആഘോഷങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ എസ്. സുഹാസ് ഉത്തരവിറക്കിയിരിക്കുന്നത്.

• കോവിഡ് നിർദേശങ്ങൾ പാലിച്ചു കൊണ്ട് മാത്രമേ ആഘോഷങ്ങൾ നടത്താൻ പാടുള്ളു. മാസ്ക്, സാമൂഹിക അകലം , സാനിറ്റൈസേഷൻ ,ബ്രെക്ക് ദി ചെയിൻ നിർദേശങ്ങൾ എന്നിവ കർശനമായി പാലിക്കണം.

• പുതു വർഷ ആഘോഷങ്ങളുടെ ഭാഗമായുള്ള സംഘം ചേരലുകൾ അനുവദിക്കില്ല.

• എന്നാൽ പള്ളികളിൽ കർശന നിയന്ത്രണങ്ങളോടെ പുതുവർഷ പ്രാർത്ഥന നടത്താം.

• ഡിസംബർ 31 ന് രാത്രി 10 മണിക്ക് ശേഷം ആഘോഷങ്ങൾ നടത്താനും പൊതു സ്ഥലങ്ങളിൽ സംഘം ചേരാനും പാടില്ല.

• നിർദേശങ്ങൾ പാലിക്കാത്തവർക്കെതിരെ കോവിഡ് നിയന്ത്രണ ലംഘനങ്ങൾ ചുമത്തി നിയമ നടപടി സ്വീകരിക്കും.

• ജില്ലാ പോലീസ് മേധാവികൾ സർക്കാർ നിർദേശിച്ച നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തും.

• ഓരോ പ്രദേശത്തും നിയന്ത്രണങ്ങൾ കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഉറപ്പ് വരുത്തണം.

• എല്ലാ താലൂക്കുകളിലും നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സ്‌ക്വാഡ് രൂപീകരിക്കണം.

പള്ളികളിൽ പാതിരാ കുർബാന നടത്താൻ അനുമതി

പള്ളികളില്‍ പാതിരാ കുർബാന നടത്തുന്നതിന് അനുമതിയുണ്ട്. എന്നാല്‍ എല്ലാവിധ കോവിഡ് പ്രോട്ടോക്കോളും നിര്‍ബന്ധമായും പാലിക്കണം. പള്ളികളില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിന്റെ 50 ശതമാനം പേര്‍ മാത്രം കുറുബാനയ്ക്ക് പങ്കെടുക്കണം. എന്നാല്‍ പരമാവധി 200 പേരില്‍ കൂടാനും പാടില്ല. പള്ളികളുടെ പുറത്ത് കൂട്ടം കൂടരുത്. കോവിഡിന്റെ രണ്ടാംവരവ് കൂടി റിപ്പോര്‍ട്ടു ചെയ്ത സാഹചര്യത്തില്‍ പൊതുജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. പുതുവത്സരാഘോഷം കഴിവതും വീട്ടിനുള്ളില്‍ തന്നെ ഒതുക്കി നിര്‍ത്തണമെന്നും പ്രായമേറിയവര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍ തുടങ്ങിയവര്‍ ഒരു കാരണവശാലും പുറത്തുള്ള പരിപാടികളില്‍ പങ്കെടുക്കരുതന്നും ജില്ലാ കളകടര്‍ അഭ്യര്‍ഥിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.