വെല്ലുവിളികളെ അതിജീവിച്ച് മുന്നേറുന്നിടത്താണ് ഒരു ജനതയുടെ വിജയം. രണ്ട് പ്രളയം, ഓഖി, നിപ, ഒടുവില്‍ കൊറോണ വൈറസ്… ദുരന്തങ്ങളുടെ വേലിയേറ്റത്തെയാണ് ഏതാനും വര്‍ഷങ്ങളായി കേരളം സാക്ഷ്യം വഹിക്കുന്നത്. ഒന്നിനു പിന്നാലെ ഒന്നായി ദുരന്തങ്ങളെത്തിയിട്ടും വാടിത്തളര്‍ന്ന് വീണുപോകാതിരുന്ന കേരളം അതിജീവനത്തിന്റെ പുതിയ മാതൃകയാണു ലോകത്തിനു കാട്ടിക്കൊടുത്തിരിക്കുന്നത്. ഏറ്റവും ചെറുതായി പറഞ്ഞാല്‍, വിദ്യാഭ്യാസത്താലും സംസ്കാരത്താലും സാമൂഹ്യഐക്യത്താലും സമ്പന്നമായ ഒരു ജനതയുടെ സമാനതകളില്ലാത്ത മുന്നേറ്റം.
2019 അവസാനം ചൈനയിലെ വുഹാനില്‍ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് എന്ന മഹാമാരി കേരളത്തെ ഇത്രമേല്‍ ബാധിക്കുമെന്ന നേരിയ ചിന്തപോലും അന്നാര്‍ക്കുമുണ്ടായിരിക്കില്ല. ജനുവരി 30നു രാജ്യത്തെ ആദ്യ കോവിഡ് കേസ് കേരളത്തില്‍ സ്ഥിരീകരിച്ചതോടെ ഈ മഹാമാരിയുടെ പിടിയില്‍നിന്ന് നമ്മളും പുറത്തല്ലെന്ന ഭയാശങ്ക വ്യാപകമായി സൃഷ്ടിക്കപ്പെട്ടു. പിന്നീട് കൂടുതല്‍ കേസുകള്‍ സ്ഥിരീകരിച്ചെങ്കിലും വെല്ലുവിളിയെ ഫലപ്രദമായി നേരിട്ട് ഒരു ഘട്ടത്തില്‍ സംസ്ഥാനം പൂര്‍ണമായും കോവിഡ് മുക്തമായി.
ലോക്ക് ഡൗണ്‍ സമസ്‌തമേഖലകളിലും സൃഷ്ടിച്ച കടുത്ത സാമ്പത്തിക പ്രതിസന്ധിയെ കേരളം എങ്ങനെ മറികടക്കുമെന്നത് വ്യാപകമായി ഉയര്‍ന്ന ആശങ്കയായിരുന്നു. എന്നാല്‍ പ്രളയകാലങ്ങളിലേതുപോലെ എല്ലാവരും കൈകോര്‍ത്തതോടെ ഖജനാവിലേക്ക് ഒഴുകിയ കോടികള്‍ സര്‍ക്കാരിന്റെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കു വലിയ ഊര്‍ജമായി മാറി. നിലവില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകൾ റിപ്പോർട്ട് സംസ്ഥാനമാണു കേരളമെങ്കിലും ഇതിനെയും ഫലപ്രദമായി കീഴടക്കാന്‍ കഴിയുമെന്ന് നമ്മുടെ കാര്യക്ഷമായ ആരോഗ്യ, സാമൂഹ്യക്ഷേമ സംവിധാനം ലോകത്തിനു കാണിച്ചുകൊടുത്തിട്ടുണ്ട്. കോവിഡ് മരണനിരക്ക് ഏറ്റവും കുറവുള്ള സംസ്ഥാനമായി നിലനില്‍ക്കുന്നതിന്റെ കാരണവും നമ്മുടെ ആരോഗ്യസംവിധാനത്തിന്റെ മികവ് തന്നെ.
സര്‍ക്കാരിനു വലിയ ആശ്വാസം നല്‍കിയ തദ്ദേശഭരണ തിരഞ്ഞെടുപ്പിനൊടുവില്‍ 2020 അവസാനിക്കുമ്പോള്‍ മറ്റൊരു തിരഞ്ഞെടുപ്പിന്റെ പടിവാതിലിലേക്കാണു പുതിയ വര്‍ഷം പിറക്കുന്നത്. കോവിഡിനെ നേരിട്ട രീതിയും ലോക്ക്‌് ഡൗണ്‍ കാലത്തെ ക്ഷേമപ്രവര്‍ത്തനങ്ങളും എല്‍ഡിഎഫിനു ഭരണത്തുടര്‍ച്ച നല്‍കുമെന്ന പ്രതീതി വ്യാപകമായി സൃഷ്ടിക്കപ്പെട്ടിരുന്നു. ലോക്ക്‌് ഡൗണ്‍ കാലത്തും തുടര്‍ന്നുമുള്ള മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം അദ്ദേഹത്തിന്റെ സര്‍ക്കാരിന്റെയും ജനപ്രീതി കുത്തനെ കൂട്ടിയപ്പോള്‍ പ്രതിപക്ഷത്തിനും ബിജെപിയ്‌ക്കും പിടിവള്ളിയില്ലാതായി.
ഒടുവില്‍ അപ്രതീക്ഷിതമായി സ്‌പ്രിംക്ലര്‍ കരാര്‍, സ്വര്‍ണക്കടത്ത്, ലൈഫ് മിഷന്‍ ആരോപണങ്ങള്‍ എത്തിയതോടെ മുഖ്യമന്ത്രി പിണറായി വിജയനും സര്‍ക്കാരും പ്രതിക്കൂട്ടിലായെന്ന പ്രതീതി സൃഷ്ടിക്കപ്പെട്ടു. മാവോയിസ്‌റ്റ് വേട്ട, പാലത്തായ് കേസ്, വാളയാര്‍ കേസ് തുടങ്ങി നിരവധി ആരോപണങ്ങള്‍ പൊലീസിനെതിരെ ഇക്കാലയളവില്‍ ഉയര്‍ന്നു. എന്നാല്‍ തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന്റെ പ്രതീക്ഷകളെ പാടെ തകിടം മറിച്ചുകൊണ്ട് എല്‍ഡിഎഫ് നടത്തിയ വന്‍ മുന്നേറ്റം പിണറായിക്കും സിപിഎമ്മിനും വലിയ ആത്മവിശ്വാസമാണ് നല്‍കിയിരിക്കുന്നത്. ഈ ആത്മവിശ്വാസത്തോടെയാവും ഭരണത്തുടര്‍ച്ചയെന്ന ലക്ഷ്യത്തോടെ ഇടതുമുന്നണി ഏപ്രിലില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുക.
ശബരിമല യുവതീപ്രവേശനത്തുടര്‍ന്നുള്ള ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് തോറ്റമ്പിയപ്പോള്‍ മുഴുവന്‍ പഴിയും പോയത് പിണറായി വിജയനിലേക്കായിരുന്നു. ഇതു മുന്നില്‍കണ്ട് തദ്ദേശഭരണ തിരഞ്ഞെടുപ്പിലും ശബരിമലയും അഴിമതി ആരോപണങ്ങളും യുഡിഎഫും ബിജെപിയും ഉയര്‍ത്തിയെങ്കിലും വിലപ്പോകാതിരുന്നതിനു പിന്നില്‍ ഭക്ഷ്യക്കിറ്റുകളും ക്ഷേമപെന്‍ഷനുകള്‍ വര്‍ധിപ്പിച്ചതും ഉള്‍പ്പെടെയുള്ള സര്‍ക്കാരിന്റെ ക്ഷേമപ്രവര്‍ത്തനങ്ങളുമാണ്. സര്‍ക്കാരിനെതിരെ അഴിമതി ആരോപണമുയര്‍ത്തി നേരിടാനിറങ്ങിയ യുഡിഎഫിന് പാലാരിവട്ടം അഴിമതിക്കേസില്‍ വികെ ഇബ്രാഹിം കുഞ്ഞും ജ്വല്ലറി തട്ടിപ്പ് കേസില്‍ എംസി ഖമറുദ്ദീന്‍ എംഎല്‍എയും അറസ്‌റ്റിലായതും വന്‍ തിരിച്ചടിയായി.
ബിജെപിക്കു ബദലാവാന്‍ കോണ്‍ഗ്രസിനേ കഴിയൂയെന്ന വികാരം വ്യാപകമായി ഉയര്‍ന്നതും ലോക്‌സഭാ തിരഞ്ഞെടുപ്പിലെ എല്‍ഡിഎഫിന്റെ കനത്ത തോല്‍വിയുടെ മറ്റൊരു കാരണമായിരുന്നു. എന്നാല്‍ ഈ പ്രതീക്ഷ വെറുതെയാണെന്ന തോന്നലില്‍ മുസ്ലിം ന്യൂനപക്ഷ വോട്ടുകള്‍ വലിയതോതില്‍ ഇടത്തോട്ടു മാറിയതും കേരള കോണ്‍ഗ്രസ് എമ്മിന്റെ വരവും തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ തിളക്കത്തിനു കാരണമായി. പൗരത്വഭേദഗതി നിയമത്തിനെതിരായ സര്‍ക്കാരിന്റെയും ഇടതുമുന്നണിയുടെയും നിലപാടും ഏറെ ഗുണം ചെയ്‌തു.
രാജ്യം മുഴുവന്‍ തിരിച്ചടി നേരിടുന്ന കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ജീവന്മരണ പോരാട്ടമാണ് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ്. അഞ്ചുകൊല്ലം കൂടുമ്പോള്‍ ഭരണമാറ്റമെന്ന കേരള സാഹചര്യം കോണ്‍ഗ്രസിനെ തുണയ്‌ക്കുമോ അതോ ഇടതുമുന്നണിയും പിണറായി വിജയനും ഭരണത്തുടര്‍ച്ച നേടുമോ? ഈ വലിയ ചോദ്യത്തിനാണു 2021 ഉത്തരം നല്‍കാനുള്ളത്, ഒപ്പം ദുരന്തങ്ങളൊഴിഞ്ഞ നാളുകള്‍ക്കുവേണ്ടിയുള്ള ഒരു ജനതയുടെ കാത്തിരിപ്പിനും.
Happy New Year 2021: Wishes, images, status, quotes, greetings card, messages, and photos: നവവത്സരാശംസകള്‍







Happy New Year 2021 Wishes Images, Status, Quotes, Messages, Photos, Pics



