Happy New Year 2020: 2019നെ ഒറ്റവായനയില്‍ ക്രോഡീകരിച്ചാല്‍ ഇങ്ങനെ പറയാം, ‘കേരളം മാതൃകയാണ്, കേരളം എല്ലാവരുടേതുമാണ്, കേരളം ഒറ്റക്കെട്ടാണ്.’ ഏറ്റവുമൊടുവില്‍ നാമതു കണ്ടതു ഡിസംബര്‍ 31നു നിയമസഭയിലാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കുന്ന ആദ്യ സംസ്ഥാനമായി മാറി കേരളം.
രാഷ്ട്രീയത്തിനതീതമായി, ഭാഷയ്ക്കും ജാതി-മത-വര്‍ണ വ്യത്യാസങ്ങള്‍ക്കുമപ്പുറം ഈ നാട് ആദ്യമായല്ല കൈകോര്‍ക്കുന്നത്. ഭക്ഷണത്തിന്റെയും വസ്ത്രത്തിന്റെയും വിശ്വാസത്തിന്റെയും അടിസ്ഥാനത്തില്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലും ന്യൂനപക്ഷങ്ങള്‍ ആക്രമണങ്ങള്ക്കിരയായപ്പോള് അവര്ക്കുതാങ്ങായി ഒറ്റക്കെട്ടായി കേരളത്തിന്റെ കൈകള്‍ നീണ്ടു. നിപയുടെയും പ്രളയത്തിന്റെയും കാലത്തും ഈ ഐക്യം കേരളം കണ്ടു.
Read Here: Happy New Year 2020 Quotes, Wishes, Images: പ്രിയപ്പെട്ടവർക്ക് പുതുവത്സര ആശംസകൾ കൈമാറാം

ദശാബ്ദത്തിന്റെ കണക്കെടുപ്പ്: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം
പോയ ദശാബ്ദത്തില്‍ വികസനരംഗത്തും കേരളം മുന്നോട്ടു തന്നെ കുതിച്ചു. കൊച്ചി മെട്രോ, കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം, വിഴിഞ്ഞം പദ്ധതി, കൊച്ചിയെ പെട്രോ കെമിക്കല്‍ ഹബ്ബാക്കി മാറ്റുന്ന പദ്ധതി, ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി തുടങ്ങിയവ കേരളത്തിന്റെ നേട്ടങ്ങളായി. ഒടുവിൽ, കേരളത്തിന്റെ രണ്ടറ്റങ്ങളെയും ബന്ധിപ്പിക്കുന്ന സെമി ഹൈ സ്പീഡ് റെയിൽപ്പാത പദ്ധതിയുടെ പ്രവർത്തനങ്ങൾക്കും കേരളം തുടക്കമിട്ടിരിക്കുന്നു. നിരവധി പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭത്തിലെത്തിക്കാനും കേരളത്തിനു സാധിച്ചു..
എല്ലാ ജനസമൂഹത്തെയും ഉള്‍ക്കൊള്ളുന്ന നാടാണെന്ന സല്‍പ്പേര് കേരളം കൂടുതല്‍ ഊട്ടിയുറപ്പിക്കുന്നതായിരുന്നു പോയ ദശാബ്ദം. രാജ്യത്ത് ആദ്യമായി ട്രാന്‍സ്ജെന്‍ഡര്‍ നയം നടപ്പാക്കിയ സംസ്ഥാനമായി മാറി കേരളം. സ്വകാര്യ വിദ്യഭ്യാസമേഖലയില്‍ പ്രസാവധി ആനുകൂല്യം നടപ്പാക്കുന്ന ആദ്യ സംസ്ഥാനവും കേരളമാണ്. ഇതരസംസ്ഥാന തൊഴിലാളികള്‍ക്കു ചികിത്സാ ആനുകൂല്യം, ക്ഷേമനിധി, താമസസൗകര്യം തുടങ്ങിയവ പ്രഖ്യാപിച്ചു. പ്രവാസികളുടെ കാര്യത്തില്‍ ക്ഷേമനിധി ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളും പദ്ധതികളും നിലവില്‍ വന്നു.
എന്നാല്‍, കേള്‍വികേട്ട മാതൃകയ്ക്ക് പലയിടങ്ങളിലും ആഴമില്ലെന്ന ആശങ്കയെയും വിമര്‍ശനങ്ങളെയും സാധൂകരിക്കുന്ന നിരവധി പ്രതിലോമ പ്രവര്‍ത്തനങ്ങള്‍ക്കും പോയ ദശാബ്ദത്തില്‍ കേരളം സാക്ഷ്യം വഹിച്ചു. ആള്‍ക്കൂട്ട വിചാരണകള്‍, ആള്‍ക്കൂട്ട കൊലപാതകങ്ങള്‍, പരിസ്ഥിതി സംരക്ഷണത്തിനെതിരായ ആക്രമണോത്സുക ആള്‍ക്കൂട്ട പ്രക്ഷോഭങ്ങള്‍, വിശ്വാസത്തിന്റെയും മതത്തിന്റെയും പേരിലുള്ള പ്രകടമായ വേര്‍തിരിവുകള്‍ തുടങ്ങിയവ കേരളത്തില്‍ പ്രകടമായതിന്റെ കാലം കൂടിയായിരുന്നു പോയ ദശാബ്ദം.
Read Here: Happy New Year 2020: എന്ത് കൊണ്ട് ജനുവരി ഒന്ന് പുതുവത്സരമായി ആഘോഷിക്കപ്പെടുന്നു?

നിരവധി പ്രതിലോമ പ്രവര്‍ത്തനങ്ങള്‍ക്കും പോയ ദശാബ്ദത്തില്‍ കേരളം സാക്ഷ്യം വഹിച്ചു
ഗ്രെറ്റ തുന്‍ബര്‍ഗ് എന്ന പതിനാറുകാരി യുഎന്‍ കാലാവസ്ഥാ അടിയന്തര ഉച്ചകോടിയില്‍ നടത്തിയ വൈകാരികമായ പ്രസംഗം പോയവര്‍ഷത്തെ ലോകത്തെ ശ്രദ്ധേയമായ സംഭവങ്ങളിലൊന്നായിരുന്നു. ”പൊള്ളയായ വാക്കുകള്‍ കൊണ്ട് നിങ്ങള്‍ എന്റെ സ്വപ്നങ്ങള്‍ കവര്‍ന്നു, ബാല്യം മോഷ്ടിച്ചു. എന്നിട്ടും ഞാനുള്‍പ്പെടുന്ന യുവതലമുറയുടെ മുന്നില്‍ നിങ്ങള്‍ പ്രതീക്ഷയര്‍പ്പിച്ചു. എങ്ങനെ ഇതിനു ധൈര്യം വരുന്നു?,” സ്വീഡിഷ് വിദ്യാര്‍ഥിനി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉള്‍പ്പെടെയുള്ള ലോകനേതാക്കള്‍ക്കു നേരെയാണ് ഈ ചോദ്യവുമായി വിരല്‍ ചൂണ്ടിയത്.
ഗ്രെറ്റയുടെ ചോദ്യം നീളുന്നതു പ്രകൃതിദുരന്തങ്ങളുടെ പ്രദേശമായി മാറിക്കഴിഞ്ഞ കേരളത്തിലേക്കു കൂടിയാണ്. തുടരെത്തുടരെയുണ്ടായ രണ്ടു പ്രളയത്തെ അതിജീവിച്ച കേരളം ഇനിയുമതിന്റെ കെടുതി മറന്നിട്ടില്ല. ഇത്രയും ജനസാന്ദ്രതയുള്ള ഒരു പ്രദേശത്തിന്റെ അതിജീവനത്തിന് എന്താണു പരിഹാരമെന്ന് അടിയന്തരമായി ചിന്തിക്കേണ്ട സാഹചര്യം. വികസനത്തെക്കുറിച്ചുള്ള പരമ്പരാഗത കാഴ്ചപ്പാട് തന്നെ മാറേണ്ട കാലം കഴിഞ്ഞിരിക്കുന്നു.
Read Here: Varsha Phalam 2020: വർഷഫലം 2020

തുടരെത്തുടരെയുണ്ടായ രണ്ടു പ്രളയത്തെ അതിജീവിച്ച കേരളം ഇനിയുമതിന്റെ കെടുതി മറന്നിട്ടില്ല
കാലാവസ്ഥ അടിയന്തരാവസ്ഥ മറികടക്കാനും മനുഷ്യജീവിതത്തെ നിലനിര്‍ത്താനുമുള്ള വലിയ പോരാട്ടത്തിലാണു ലോകത്തിലെ വലിയൊരു നിര ജനവിഭാഗം. ഇതു കണ്ടില്ലെന്നു നടിക്കാന്‍ കേരളത്തിന് അധികകാലം കഴിയില്ല. കേരളത്തിന്റെ പുനരുജ്ജീവനത്തിനു വികസനമെന്ന കാഴ്ചപ്പാടിനെ പുനര്‍വിചിന്തനം ചെയ്യുകയും പുനര്‍നിര്‍വചിക്കുകയും ചെയ്തേ മതിയാകൂ. കേരളത്തിന്റെ നിലനില്‍പ്പിനായി ഭൂപ്രകൃതിക്കനുസരിച്ച് ഹ്രസ്വകാല, ദീര്‍ഘകാല നടപടികള്‍ ഉള്‍പ്പെടുന്ന മാസ്റ്റര്‍പ്ലാന്‍ ആവിഷ്കരിക്കണമെന്ന ആവശ്യം വിവിധ കോണുകളില്‍നിന്നു ശക്തമാണ്.
ആരോഗ്യം, വിദ്യാഭ്യാസ രംഗങ്ങളിലും കേരളം മുന്‍പന്തിയിലാണെങ്കിലും ഈ രംഗത്തെ പരിമിതികള്‍ കാണാതിരുന്നു കൂട. നിപയെ അതിജീവിച്ചതു കേരളത്തിന്റെ ആരോഗ്യരംഗത്തിന്റെ പരിചയ സമ്പന്നതയും കാര്യപ്രാപ്തിയുമാണു പ്രകടമാക്കുന്നതെങ്കിലും പകര്‍ച്ചവ്യാധികള്‍ നേരിടുന്നതിലും ആശുപത്രികളുടെ നിലവാരം ഉയര്‍ത്തുന്നതിലും കേരളം സഞ്ചരിക്കാനുള്ളത് ബഹുദൂരമാണ്. നിപയില്‍ സിസ്റ്റര്‍ ലിനി ഉള്‍പ്പെടെ പതിനെട്ട് ജീവന് നഷ്ടപ്പെട്ടതു പകര്‍ച്ചവ്യാധികളെ നേരിടുന്നതില്‍ കേരളം ഇനിയും മുന്നോട്ടുപോകേണ്ടതിന്റെ ആവശ്യകതയാണു ചൂണ്ടിക്കാണിക്കുന്നത്.
ലോകവും നാം തന്നെയും വാഴ്ത്തുന്ന കേരളവികസന മാതൃകയ്ക്കു വലിയ വെല്ലുവിളിയായി ഇന്നും തുടരുകയാണു മാലിന്യനിര്‍മാര്‍ജന വിഷയം. മാലിന്യനിര്‍മാര്‍ജന കാര്യത്തില്‍ സര്‍ക്കാരിനു വ്യക്തമായ നയമില്ലെന്നിരിക്കെ, ജനം പൊതുസ്ഥലങ്ങളിലും ജലസ്രോതസുകളിലും മാലിന്യം വലിച്ചെറിയുന്നതും കേരളത്തെ രോഗാതുരമായ സമൂഹമാക്കി മാറ്റുന്നു.
Read Here: ആഘോഷക്കുടിയുടെ ആരോഗ്യപ്രശ്നങ്ങള്‍

സ്ത്രീസുരക്ഷയുടെ കാര്യത്തില്‍ ഇന്നും പിന്നിലാണു കേരളം
ആധുനിക സമൂഹമെന്ന് സ്വയം അവകാശപ്പെടുമ്പോഴും സ്ത്രീസുരക്ഷയുടെ കാര്യത്തില്‍ ഇന്നും പിന്നിലാണു കേരളം. രാത്രിയില്‍ സ്ത്രീയ് ഒറ്റയ്ക്കു നടക്കാവുന്ന സാഹചര്യം ഇന്നും കേരളത്തിലില്ല. കഴിഞ്ഞ ദിവസം വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍ നടന്ന സ്ത്രീകളുടെ രാത്രി നടത്തം പുരോഗമന ചുവടുവയ്പാകുമെന്നു പ്രത്യാശിക്കാനെ ഇപ്പോള്‍ നിര്‍വാഹമുള്ളൂ.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook
.