കൊച്ചി: പഠനത്തിനിടെ ഉപജീവനത്തിനായി മീൻവിൽപ്പന നടത്തി മലയാളികളുടെ മനസ്സിൽ ഇടംനേടിയ കോളേജ് വിദ്യാർഥിനിയാണ് ഹനാൻ. അവളിതാ ഒരിക്കല്‍ കൂടി മലയാളികളെ വിസ്മയിപ്പിക്കാനെത്തുന്നു. ഖാദിയെ പ്രചരിപ്പിക്കാൻ റാംപിൽ അതിമനോഹരിയായി.

ഖാദി ബോർഡിന്റെ ഓണം-ബക്രീദ് ഖാദിമേളയുടെ സംസ്ഥാനതല ഉദ്ഘാടനം പ്രമാണിച്ച് തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തിൽ നടക്കുന്ന ഖാദി ഫാഷൻ ഷോയിലാണ് ഹനാനെത്തുക. ഹനാന് ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്കാരവും നൽകും. ഇത്തരമൊരു അംഗീകാരം അവസരവും തനിക്കു നൽകിയതിൽ അതിയായ സന്തോഷമുണ്ടെന്ന് ഹനാൻ പറഞ്ഞു

കേരളത്തിലെ പതിനായിരത്തോളം സ്ത്രീകളാണ് ഖാദിയിലൂടെ വരുമാനം കണ്ടെത്തുന്നത്. അവരുടെ ഉത്പന്നങ്ങളുടെ പ്രദർശനത്തിൽ ജീവിക്കാനായി പോരാടുന്ന ഹനാൻ പങ്കുചേരുന്നു എന്നതാണ് സവിശേഷത.

ജീവിത പോരാട്ടത്തിലൂടെ മറ്റുള്ളവര്‍ക്ക് മാതൃകയായ ഹനാന് വീടു വയ്ക്കാന്‍ സ്ഥലം നല്‍കാമെന്ന് പ്രവാസി മലയാളി നേരത്തെ അറിയിച്ചിരുന്നു. ഹനാന് വീടുവയ്ക്കാനായി അഞ്ച് സെന്റ് ഭൂമി നല്‍കാമെന്ന് കുവൈത്തിലുള്ള സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകനായ ജോയി മുണ്ടക്കാടന്‍ ആണ് അറിയിച്ചത്. നേരത്തെ ഹനാനെ സഹായിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സുമനസുകളോടായി അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇയാള്‍ സന്നദ്ധത അറിയിച്ച് രംഗത്തെത്തിയത്. രമേശ് ചെന്നിത്തലയെയാണ് വീടു വയ്ക്കാന്‍ ഭൂമി നല്‍കാമെന്ന് അറിയിച്ചത്.

മീന്‍ വില്‍പന നടത്തിയതിനെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ ഹനാനെ അവഹേളിച്ച വയനാട് സ്വദേശി നൂറുദ്ദീന്‍ ഷെയ്ഖിനെ നേരത്തെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കൊച്ചി സിറ്റി പൊലീസ് നൂറുദ്ദീനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. ഫെയ്‌സ്ബുക്ക് ലൈവിലൂടെയാണ് ഇയാള്‍ ഹനാനെ അധിക്ഷേപിച്ച് രംഗത്തെത്തിയത്. തുടര്‍ന്ന് ഈ വീഡിയോ വൈറലായി മാറി. കൂടാതെ ഇതിന് വിശദീകരണം നല്‍കിയും ഇയാള്‍ വീഡിയോ തയ്യാറാക്കി.

ഹനാന്‍ എന്ന വിദ്യാര്‍ത്ഥിനി ജീവിതമാര്‍ഗമായി എറണാകുളം തമ്മനത്ത് മീന്‍ വില്‍ക്കുന്നതായി വാര്‍ത്ത വന്നതിനെ തുടര്‍ന്ന് ആ കുട്ടിക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായ അപവാദ പ്രചരണവും ആക്രമണങ്ങളും നടന്നിരുന്നു. മാധ്യമങ്ങളെ ആക്രമിക്കുന്നു എന്ന രീതിയില്‍ പെണ്‍കുട്ടിക്ക് നേരെയാണ് സൈബര്‍ ലോകത്ത് നിന്നും ആക്രമണമുണ്ടായത്.

സൈബര്‍ ആക്രമണം കടുത്തതോടെ തന്നെ ജീവിക്കാന്‍ വിടണമെന്ന് ഹനാന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞുകൊണ്ട് അഭ്യര്‍ത്ഥിച്ചിരുന്നു. ‘എന്റെ അക്കൗണ്ടിലേക്ക് ഒന്നരലക്ഷത്തോളം രൂപ വന്നിട്ടുണ്ടെന്നാണറിഞ്ഞത്. എനിക്കൊരാളുടെയും പണം വേണ്ട. എന്നെ ഇങ്ങനെ സ്‌നേഹിക്കരുത്. ജീവിക്കാന്‍ അനുവദിക്കണം. പണിയെടുത്ത് എങ്ങനെയെങ്കിലും ജീവിച്ചോളാം. കൂലിപ്പണിയെടുത്തിട്ടാണെങ്കിലും പാത്രം കഴുകയിട്ടാണെങ്കിലും,’ ഹനാന്‍ പറഞ്ഞു.

ഹനാന് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഎം മുതിര്‍ന്ന നേതാവ് വി.എസ്.അച്യുതാനന്ദന്‍, സംസ്ഥാന വനിതാ കമ്മീഷന്‍ എന്നിവര്‍ രംഗത്തെത്തിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.