അയാള്‍ ഒരു മാനസിക രോഗിയെ പോലെ എന്റെ പിന്നാലെ നടന്നു: പിടിയിലായ നൂറുദ്ദീനെ കുറിച്ച് ഹനാന്‍

ഇത്രയും ഉപദ്രവകാരിയാണ് ഇയാള്‍ എന്ന് താന്‍ അറിഞ്ഞിരുന്നില്ലെന്നും ഹനാന്‍

കൊച്ചി: മീന്‍ വില്‍പന നടത്തിയതിനെ തുടര്‍ന്ന് സോഷ്യൽ മീഡിയയില്‍ തന്നെ അവഹേളിച്ച വയനാട് സ്വദേശി നൂറുദ്ദീന്‍ ഷെയ്ഖിനെ കണ്ടിട്ടുണ്ടെന്ന് ഹനാന്‍, അയാള്‍ തനിക്ക് ചുറ്റും   നടക്കുന്നത് കണ്ടിരുന്നതായി ഹനാന്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. വയനാട് സ്വദേശിയായ നൂറുദ്ദീന്‍ ഷെയ്ഖ് എന്നയാളെ കൊച്ചി പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

‘കോളജില്‍ നിന്ന് അയച്ച വാഹനത്തിലാണ് അന്നേ ദിവസം ഞാന്‍ മാധ്യമ പ്രവര്‍ത്തകരെ കാണാനായി പോയത്. അവിടെ എത്തിയത് മുതല്‍ കാണുന്നതാണ് ഈ നൂറുദ്ദീന്‍ ഷെയ്ഖിനെ. ഒരു മാനസിക രോഗിയെപോലെ ഇയാള്‍ തന്റെ പുറകില്‍ നടക്കുകയായിരുന്നു. അവിടെ ഉണ്ടായിരുന്ന ഒരു വനിതാ റിപ്പോര്‍ട്ടറോട് തന്നെ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇത്രയും ഉപദ്രവകാരിയാണ് ഇയാള്‍ എന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല. നിയമം നിയമത്തിന്റെ രീതിയില്‍ പോകുന്നുണ്ട്. സര്‍ക്കാരിന്റെയും കോളേജിന്റെയും ഭാഗത്ത് നിന്ന് എല്ലാ സഹായങ്ങളുമുണ്ട്’- ഹനാന്‍ പറഞ്ഞു.

കൊച്ചി സിറ്റി പൊലീസ് ഇന്നലെ നൂറുദ്ദീനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. ഫെയ്സ്ബുക്ക് ലൈവിലൂടെയാണ് ഇയാള്‍ ഹനാനെ അധിക്ഷേപിച്ച് രംഗത്തെത്തിയത്. തുടര്‍ന്ന് ഈ വീഡിയോ വൈറലായി മാറി. കൂടാതെ ഇതിന് വിശദീകരണം നല്‍കിയും ഇയാള്‍ വെള്ളിയാഴ്ച വീഡിയോ തയ്യാറാക്കി.

ഈ ലൈവ് വീഡിയോയിലും ഹനാനെതിരെ അധിക്ഷേപപരമായ പരാമര്‍ശങ്ങളുണ്ട്. വയനാട് സ്വദേശിയായ ഇയാള്‍ കൊച്ചിയിലാണ് താമസിക്കുന്നത്. ഹനാനെ അപകീർത്തിപ്പെടുത്തിയ കൂടുതല്‍ പേര്‍ക്കെതിരെ കേസെടുക്കാൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങൾ വഴി ഹനാനെ അപമാനിച്ച മുഴുവൻ പേർക്കെതിരെയും കേസെടുക്കും. സൈബർ സെല്ലിന്റെ സഹായത്തോടെയാണ് കേസ് അന്വേഷണം.

ഹനാൻ എന്ന വിദ്യാർത്ഥിനി ജീവിതമാർഗമായി എറണാകുളം തമ്മനത്ത് മീൻ വിൽക്കുന്നതായി വാർത്ത വന്നതിനെ തുടർന്ന് ആ കുട്ടിക്കെതിരെ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായ അപവാദ പ്രചരണവും ആക്രമണങ്ങളും നടന്നിരുന്നു. മാധ്യമങ്ങളെ ആക്രമിക്കുന്നു എന്ന രീതിയിൽ​ പെൺകുട്ടിക്ക് നേരെയാണ് സൈബർ ലോകത്ത് നിന്നും ആക്രമണമുണ്ടായത്.

സൈബർ ആക്രമണം കടുത്തതോടെ തന്നെ ജീവിക്കാന്‍ വിടണമെന്ന് ഹനാൻ മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞുകൊണ്ട് അഭ്യർത്ഥിച്ചിരുന്നു. ‘എന്റെ അക്കൗണ്ടിലേക്ക് ഒന്നരലക്ഷത്തോളം രൂപ വന്നിട്ടുണ്ടെന്നാണറിഞ്ഞത്. എനിക്കൊരാളുടെയും പണം വേണ്ട. എന്നെ ഇങ്ങനെ സ്നേഹിക്കരുത്. ജീവിക്കാന്‍ അനുവദിക്കണം. പണിയെടുത്ത് എങ്ങനെയെങ്കിലും ജീവിച്ചോളാം. കൂലിപ്പണിയെടുത്തിട്ടാണെങ്കിലും പാത്രം കഴുകയിട്ടാണെങ്കിലും,’ ഹനാന്‍ പറഞ്ഞു.

വിവാദ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ നിയമപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി തമ്മനത്ത് മീൻ കച്ചവടം നടത്താനെത്തിയ ഹനാന് കച്ചവടം ചെയ്യാൻ​ പൊലീസ് അനുമതി നൽകിയില്ല. ഇതോടെ ഹനാന് തന്റെ ഉപജീവന മാർഗമായ മീൻ കച്ചവടം നടത്താൻ കൊച്ചി നഗരസഭ കിയോസ്ക് നൽകുമെന്ന് മേയർ സൗമിനി ജെയിൻ അറിയിച്ചു. നഗരസഭമേഖലയിലെ സൗകര്യമുളള സ്ഥലം ഇതിനായി നൽകും. നഗരസഭ നേരിട്ട് ഹനാന് ലൈസൻസ് നൽകുമെന്നും മേയർ പറഞ്ഞു.

ഹനാന് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം മുതിർന്ന നേതാവ് വി.എസ്.അച്യുതാനന്ദൻ, സംസ്ഥാന വനിതാ കമ്മീഷൻ എന്നിവർ രംഗത്തെത്തിയിരുന്നു. ഹനാനെതിരെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ആക്രമണം ഇപ്പോഴാണ് ശ്രദ്ധയില്‍പ്പെട്ടതെന്നും ഹനാനെ കാണുമെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ പറഞ്ഞിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Hanan reveals the man who attacked her on facebook was followed her before

Next Story
ഹനാനെതിരായ ഫെയ്‌സ്ബുക്ക് അധിക്ഷേപം: വയനാട് സ്വദേശി കൊച്ചിയില്‍ പിടിയില്‍
The moderation of comments is automated and not cleared manually by malayalam.indianexpress.com