കൊച്ചി: തനിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഹനാന്‍. തനിക്ക് സഹായമെന്ന നിലയില്‍ അയച്ചു തന്ന പണമെല്ലാം തിരികെ നല്‍കാമെന്നും ജീവിക്കാന്‍ വിടണമെന്നും ഹനാന്‍ പറഞ്ഞു. മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞു കൊണ്ടായിരുന്നു ഹനാന്റെ പ്രതികരണം.

‘ എന്റെ അക്കൗണ്ടിലേക്ക് ഒന്നരലക്ഷത്തോളം രൂപ വന്നിട്ടുണ്ടെന്നാണറിഞ്ഞത്. എനിക്കൊരാളുടെയും പണം വേണ്ട. എന്നെ ഇങ്ങനെ സ്നേഹിക്കരുത്. ജീവിക്കാന്‍ അനുവദിക്കണം. പണിയെടുത്ത് എങ്ങനെയെങ്കിലും ജീവിച്ചോളാം. കൂലിപ്പണിയെടുത്തിട്ടാണെങ്കിലും പാത്രം കഴുകയിട്ടാണെങ്കിലും.’ ഹനാന്‍ പറയുന്നു. എന്റെ എ.ടി.എം കാര്‍ഡ് നിങ്ങള്‍ക്ക് തരാം. പണം ആര്‍ക്കാണെങ്കിലും നിങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ ഡിസ്ട്രിബ്യൂട്ട് ചെയ്തോളൂവെന്നും ഹനാന്‍ മാധ്യമപ്രവര്‍ത്തകരോടായി പറഞ്ഞു.

അക്കൗണ്ടിലേക്ക് വന്ന പണം മുഴുവന്‍ തിരിച്ചുനല്‍കുമെന്നും തന്നെ ജോലി ചെയ്ത് ജീവിക്കാനനുവദിക്കണമെന്നും ഹനാന്‍ പറയുന്നു. കൂലിപ്പണിയെടുത്ത് ഞാന്‍ ജീവിച്ചോളാം. എന്നെ ടോര്‍ച്ചര്‍ ചെയ്യരുതെന്നും പെണ്‍കുട്ടി പറഞ്ഞു. 20 വയസ് പ്രായമുള്ള കൊച്ചു കുട്ടിയാണ് താനെന്നും ഇങ്ങനെയൊന്നും പറഞ്ഞ് വേദനിപ്പിക്കരുതെന്നും പറഞ്ഞ ഹനാന്‍ താന്‍ അവതാരികയായും മറ്റു പോകുന്നതാണെന്നും അതുകൊണ്ട് മെയ്ക്ക് അപ്പൊക്കെ ഇടാറുണ്ടെന്നും അതിനെന്താണ് പ്രശ്‌നമെന്നും ചോദിച്ചു.

അതേസമയം, തന്നെ മീന്‍ വില്‍ക്കുന്നതില്‍ നിന്ന് പൊലീസ് തടഞ്ഞെന്നും ഹനാന്‍ കൂട്ടിച്ചേര്‍ത്തു. അതുകൊണ്ട് ചെറിയ ഒരു കടമുറിയെടുത്ത് മീന്‍ കച്ചവടം തുടരാനാണ് ആഗ്രഹമെന്നും അവര്‍ പറഞ്ഞു. നേരത്തെ ഹനാനെതിരെ വ്യാപകമായ രീതിയില്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യാജപ്രചരണം ഉണ്ടായിരുന്നു.

ഹനാന് പിന്തുണയുമായി സംസ്ഥാന വനിതാ കമ്മീഷനും രംഗത്തെത്തിയിരുന്നു. ഹനാനെതിരെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ആക്രമണം ഇപ്പോഴാണ് ശ്രദ്ധയില്‍പ്പെട്ടതെന്നും കൊച്ചിയില്‍ ചെന്നാലുടന്‍ ഹനാനെ കാണുമെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ പറഞ്ഞു. അതേസമയം, ഹനാനെ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു. കേരളാ പൊലീസിന്റെ സൈബര്‍ സുരക്ഷാ വിഭാഗമാണ് ഇക്കാര്യം വിശദമായി പരിശോധിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.