കൊച്ചി: മഴയിലും വെള്ളപ്പൊക്കത്തിലും വലഞ്ഞ കേരളത്തിന് സഹായഹസ്തവുമായി സർക്കാരിന്റെ പുത്രി ഹനാനും. തന്നെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവന്ന ശേഷം ബാങ്ക് അക്കൗണ്ടുകളിലേക്ക് സഹായമായി എത്തിയ ഒന്നരലക്ഷം രൂപയാണ് ഹനാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക് സംഭാവന ചെയ്തത്.

ചരിത്രം കണ്ട ഏറ്റവും വലിയ പ്രളയത്തിലൂടെ സംസ്ഥാനം നീങ്ങുമ്പോൾ വീട്​ നഷ്​​ടപ്പെട്ട ദുരന്ത ബാധിതർക്ക്​ താമസിക്കാനുള്ള സഹായം വാഗ്​ദാനം ​ചെയ്​ത് പലരും സമൂഹ മാധ്യമങ്ങളിലൂടെ രംഗത്ത്​ വന്നിട്ടുണ്ട്.

ആദ്യ ദിവസങ്ങളിൽ എന്തു ചെയ്യണമെന്നറിയാതെ അപ്രതീക്ഷിതമായി വന്ന വെള്ളപ്പൊക്കത്തിൽ പകച്ചു നിന്നെങ്കിലും പിന്നീട്​ പലരും സാമ്പത്തിക സഹായത്തിനു പുറമെ തങ്ങളാൽ സാധിക്കുന്ന മറ്റ്​ സഹായവുമായി രംഗത്തെത്തുന്നുണ്ട്​. വീടും സ്വത്തും നഷ്​ടപ്പെട്ട മുൻ പരിചയം പോലുമില്ലാത്ത ആളുകൾക്ക്​ സൗജന്യ താമസ സൗകര്യം ഒരുക്കി സ്വന്തം വീട്ടിലേക്ക്​ ക്ഷണിച്ചുകൊണ്ട്​​ പലരും​ മുന്നോട്ടു വന്നിട്ടുണ്ട്​. ഇതിനായി ഫെയ്സ്​ബുക്ക്​ അടക്കമുള്ള മാധ്യമങ്ങളിലൂടെ ബന്ധപ്പെടാനുള്ള ഫോൺ നമ്പറും നൽകി​.

സമൂഹ മാധ്യമങ്ങളിലൂടെ രക്ഷാപ്രവർത്തനത്തിനു സഹായകമായ സന്ദേശങ്ങളും ഹെൽപ്​ലൈൻ നമ്പറുകളും പങ്കുവച്ചും പരോക്ഷമായെങ്കിലും രക്ഷാ ദൗത്യത്തി​​​​ന്റെ ഭാഗമാവുന്നവരും കുറവല്ല. വസ്​ത്രങ്ങളും ഭക്ഷണങ്ങളും മറ്റുമായി വ്യക്​തിപരമായും​ സാംസ്​കാരിക, സന്നദ്ധ സംഘടനകളുടെയും രാഷ്​ട്രീയ പ്രസ്​ഥാനങ്ങളുടെയും ഭാഗമായും കാരുണ്യത്തി​​ന്റെ കൈത്താങ്ങുമായി ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സഹായമെത്തുന്നുണ്ട്​.

സംസ്​ഥാനത്തി​​ന്റെ വിവിധ ഭാഗങ്ങളിൽ ഒറ്റപ്പെട്ട പലരും സഹായം അഭ്യർഥിച്ച്​ സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും രംഗത്തു വരുന്നുമുണ്ട്​​. ചുറ്റിലും വെള്ളത്താൽ നിറഞ്ഞ സ്​ഥലത്ത്​ കെട്ടിടത്തിനു മുകളിലും മറ്റുമായി അഭയം തേടിയവർ ഭയപ്പാടോടു കൂടി ഫെയ്സ്​ബുക്കിൽ ലൈവ്​ വീഡിയോയിലൂടെയും വാട്​സ്​ആപ്പ്​ സ​ന്ദേശത്തിലൂടെയുമാണ്​ സഹായം ആവശ്യപ്പെടുന്നത്​. വൈദ്യുതി വി​​ച്ഛേദിക്കപ്പെട്ടതും മൊബൈൽ ഫോണിൽ ചാർജ്​ തീർന്നു പോകുന്നതും ഒറ്റപ്പെട്ടു കഴിയുന്നവരെ ആശങ്കയിലാഴ്​ത്തുന്നു. ദുരിതക്കയത്തിൽ നിന്ന്​ സംസ്​ഥാനത്തെ കര കയറ്റാനായി സൈന്യവും സർക്കാർ സംവിധാനങ്ങളും സന്നദ്ധ സേവകരും ഉണർന്നു പ്രവർത്തിക്കുന്നത്​ ആശ്വാസത്തിന്​ വക നൽകുന്നുണ്ട്​.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.