/indian-express-malayalam/media/media_files/uploads/2018/07/hanan.jpg)
കൊച്ചി: തമ്മനത്ത് കോളേജ് യൂണിഫോമിട്ട് മീന്‍ വില്‍പന നടത്തി കേരള ജനതയുടെ ശ്രദ്ധ നേടിയ കോളജ് വിദ്യാര്‍ഥി ഹനാന്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു. സ്‌റ്റേജ് ഷോ കഴിഞ്ഞുവരുന്ന വഴി വാഹനം നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. ഇന്നു രാവിലെ കൊടുങ്ങല്ലൂരിലാണ് സംഭവം. ഹനാന്റെ നട്ടെല്ലിന് പരുക്കേറ്റിട്ടുണ്ട്. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലെ മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലിലേക്ക് മാറ്റി.
കോഴിക്കോട് വടകരയിൽ ഒരു കടയുടെ ഉദ്ഘാടനം കഴിഞ്ഞുവരുമ്പോൾ കൊടുങ്ങല്ലൂരെത്തിയപ്പോഴാണ് വാഹനം അപകടത്തിൽ പെട്ടത്. ഒരാൾ വണ്ടിയുടെ കുറുകെ ചാടുകയും കാർ അടുത്തുള്ള വൈദ്യുതി പോസ്റ്റിൽ ചെന്നിടിക്കുകയും ഹനാൻ കാറിനകത്തുതന്നെ വീഴുകയായിരുന്നുവെന്നുമാണ് പറയുന്നത്. ഹനാനെ ഉടൻ ഐസിയുവിൽ പ്രവേശിപ്പിക്കും. കൂടെയുണ്ടായിരുന്ന ഡ്രൈവർക്ക് പരുക്കുകളൊന്നുമില്ല.
കൊടുങ്ങല്ലൂരിൽ നിന്നും മാല്യങ്കര, ചെറായി വഴി എറണാകുളത്തേക്ക് വരാനായിരുന്നു ശ്രമം. എന്നാൽ കൊടുങ്ങല്ലൂരെത്തിയപ്പോൾ വാഹനം ഓടിച്ചിരുന്ന ജിതേഷിന് ഉറക്കം വന്നു. പിന്നീട് ഇവർ വാഹനം വഴിയിൽ നിർത്തി കിടന്നുറങ്ങി. 12.30 യ്ക്കാണ് ഇവിടെയെത്തിയത്. ഇവിടെ നിന്നും ആറരയോടെയാണ് പിന്നീട് യാത്ര തുടർന്നത്.
എന്നാൽ യാത്ര തുടങ്ങി പത്ത് മിനിറ്റിനകം തന്നെ വാഹനം അപകടത്തിൽ പെട്ടു. ഹനാൻ ഈ സമയത്ത് കാറിൽ പുറകിലെ സീറ്റിൽ കിടക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇവർ സീറ്റിൽ നിന്നും ഉയർന്ന് സീറ്റിൽ തന്നെ വീണു. നട്ടെല്ലിനേറ്റ പരുക്ക് അല്പം ഗുരുതരമാണെന്നും എംആർഐ സ്കാനിങിനായി ഉടൻ തന്നെ ഹനാനെ കൊണ്ടുപോകുമെന്നും മെഡിക്കല്‍ ട്രസ്റ്റ് അധികൃതര്‍ ഐ ഇ മലയാളത്തോടു പറഞ്ഞു.
സ്‌കൂള്‍ യൂണിഫോമില്‍ മീന്‍ വിറ്റ വാര്‍ത്ത മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തതോടെയാണ് ഹനാന്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റുന്നത്. ഈ വാര്‍ത്തയ്ക്കു പിന്നാലെ ഹനാന് സഹായ ഹസ്തങ്ങളുമായി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. സംവിധായകന്‍ അരുണ്‍ഗോപി പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ഇരുപത്തിഒന്നാം നൂറ്റാണ്ട് എന്ന ചിത്രത്തിലേക്ക് അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്തിരുന്നു.
തനിക്കായി ലഭിച്ച സഹായ തുക ഹനാന്‍ പ്രളയബാധിതരെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരുന്നു. മീന്‍ വിറ്റും കച്ചവടങ്ങള്‍ നടത്തിയും ഈവന്റ് മാനേജ്മെന്റിന് പോയുമെല്ലാമാണ് വിദ്യാഭ്യാസത്തിനായുള്ള പണം ഹനാന്‍ കണ്ടെത്തുന്നത്. തൊടുപുഴയിലെ അല്‍അസര്‍കോളജിലെ മൂന്നാംവര്‍ഷ കെമിസ്ട്രി വിദ്യാര്‍ത്ഥിനിയാണ് ഹനാന്‍.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.