തിരുവനന്തപുരം: സർക്കാരിന്റെ മകളാണ് താനെന്നും എല്ലാ സംരക്ഷണവും തനിക്കുണ്ടെന്നും ഹനാൻ. ഒരു മകൾ എന്ന രീതിയിൽ അവൾ എപ്പോഴും ആഗ്രഹിക്കുക അച്ഛന്റെയും അമ്മയുടെയും സംരക്ഷണമാണ്. ആ മകളുടെ സംരക്ഷണം എനിക്ക് എന്നും ഉണ്ട്. വളരെ ധൈര്യത്തോടെയാണ് ഞാൻ നിൽക്കുന്നത്. നല്ല ആത്മവിശ്വാസം തോന്നുന്നുണ്ട്. ഒരാൾക്ക് പോലും എന്നെ കൈവയ്ക്കാൻ കഴിയില്ല. ഒരു വെടിയുണ്ട പോലും എന്റെ നെറ്റിയിൽ പതിക്കില്ല എന്ന വിശ്വാസം ഉണ്ടെന്ന് ഹനാൻ പറ‍ഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഹനാൻ.

തനിക്ക് എല്ലാ പിന്തുണയും നൽകി ഒപ്പംനിന്നതിന് മുഖ്യമന്ത്രിയോട് വളരെയധികം നന്ദിയുണ്ടെന്നും സോഷ്യൽ മീഡിയ വഴി തന്നെ ആക്രമിച്ചവർക്കെതിരെയുളള നടപടി ശക്തമാക്കുമെന്ന് ഉറപ്പ് നൽകിയതായും ഹനാൻ പറഞ്ഞു. ശോഭന ജോർജിനൊപ്പമാണ് ഹനാൻ മുഖ്യമന്ത്രിയെ കാണാനെത്തിയത്.

ഹനാനെ കണ്ടുവെന്നും സർക്കാരിന്റെ എല്ലാ സംരക്ഷണവും അവൾക്കുണ്ടാകുമെന്ന് ഉറപ്പു നൽകിയെന്നും മുഖ്യമന്ത്രി ഫെയ്സ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. ”ഹനാൻ വന്നു കണ്ടിരുന്നു. മന്ത്രിസഭായോഗം കഴിഞ്ഞെത്തിയപ്പോൾ ആയിരുന്നു ഹനാൻ വന്നത്. ആ കുട്ടിയുടെ മുഖത്തെ ചിരി കണ്ടപ്പോൾ സന്തോഷം തോന്നി. പഠിക്കാനും ജീവിക്കാനുമായി തൊഴിലെടുക്കുന്ന വാർത്ത വന്നതിന്റെ പേരിൽ കടുത്ത സൈബർ ആക്രമണം നേരിട്ട കുട്ടിയാണ് ഹനാൻ. അന്ന് സർക്കാർ ഹനാന് എല്ലാ സംരക്ഷണവും ഉറപ്പാക്കിയിരുന്നു. കുറ്റക്കാരെ അറസ്റ്റു ചെയ്യുകയും ചെയ്തു. അതിനു നന്ദി അറിയിക്കാനായിരുന്നു ഹനാൻ എത്തിയത്. ഉദ്യോഗസ്ഥർക്ക് ഇതു സംബന്ധിച്ച നിർദ്ദേശം നൽകിയിട്ടുണ്ട്‌. നല്ല ധൈര്യത്തോടെ തന്നെ മുന്നോട്ടു പോകാൻ ഹനാനോട് പറഞ്ഞു”, ഫെയ്സ്ബുക്കിൽ പിണറായി കുറിച്ചു.

ഹനാന്‍ എന്ന വിദ്യാര്‍ത്ഥിനി ജീവിതമാര്‍ഗമായി എറണാകുളം തമ്മനത്ത് മീന്‍ വില്‍ക്കുന്നതായി വാര്‍ത്ത വന്നതിനെ തുടര്‍ന്ന് ആ കുട്ടിക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായ അപവാദ പ്രചരണവും ആക്രമണങ്ങളും നടന്നിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.