കൊച്ചി: ജീവിതത്തിലെ കഷ്ടപ്പാടുകളെ വെല്ലുവിളിച്ചു മുന്നേറുന്ന ഹനാന്‍ ഹനാനിയെ കേരളം അത്ര പെട്ടന്നൊന്നും മറക്കത്തില്ല. കോളേജില്‍ പോകും മുമ്പ് യൂണിഫോമില്‍ മീന്‍ വില്‍ക്കാനെത്തുന്ന ഹനാന്റെ ചിത്രം സോഷ്യല്‍ മീഡിയയും കേരളക്കരയും നെഞ്ചിലേറ്റിയതാണ്. പിന്നെ അധിക്ഷേപവും സംശയവും ഹനാനെതിരെ ഉയര്‍ന്നതും ഒടുവില്‍ അതെല്ലാം മാറി ഹനാന്റെ പോരാട്ടത്തിന് കേരളം പിന്തുണ പ്രഖ്യാപിച്ച് കഴിഞ്ഞിട്ട് അധികനാളായിട്ടില്ല. പക്ഷെ ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ പലയിടത്തും ഹനാനെതിരെ ചിലര്‍ രംഗത്തെത്തുന്നുണ്ട്. അത്തരക്കാരുടെ പുതിയ ആയുധം ഒരു വീഡിയോയാണ്.

ഹുക്ക വലിക്കുന്ന ഹനാന്റെ വീഡിയോയുമായാണ് പെണ്‍കുട്ടിയ്‌ക്കെതിരെ ഇപ്പോള്‍ വിമര്‍ശനം ഉയരുന്നത്. ഇടപ്പള്ളിയിലെ ഒരു ഹോട്ടലില്‍ നിന്നും ഹുക്ക വലിക്കുന്ന ഹനാന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. കേരളത്തിന്റെ ദത്തുപുത്രിയെന്ന് മുഖ്യമന്ത്രി വാഴ്ത്തിയ ഹനാന്‍ 100 രൂപയുടെ ഹുക്ക വലിക്കുന്നെന്നായിരുന്നു വിമര്‍ശനം. തനിക്കെതിരായ പ്രചരണങ്ങള്‍ക്ക് മറുപടിയുമായി ഹനാന്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

ഒരു കൗതുകത്തിന് മാത്രമാണ് ഹുക്ക വലിച്ചതെന്നും ലഹരിയില്ലെന്ന് ഉറപ്പു വരുത്തിയിരുന്നുവെന്നും പറയുന്ന ഹനാന്‍ തനിക്കെതിരെ നുണ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമ നടപടിയെടുക്കുമെന്നും പറയുന്നു. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു ഹനാന്‍ മറുപടി നല്‍കിയത്. വീഡിയോയും ഹനാന്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

”മീന്‍ വില്പന നടത്തിയാല്‍ പിന്നെ കാറില്‍ സഞ്ചരിക്കാന്‍ പാടില്ല. സ്റ്റാര്‍ ഹോട്ടലില്‍ പോകാന്‍ പാടില്ല. വിലപിടിപ്പുള്ള വസ്ത്രം ധരിക്കാന്‍ പാടില്ല. സ്വര്‍ണ്ണം ഉപയോഗിക്കാന്‍ പാടില്ല. ഇപ്പോള്‍ ദേ ഹുക്കാ. ചിലര്‍ പിന്നാലെ കൂടിയിരിക്കുകയാണ്. മഞ്ഞയില്‍ മാത്രം വാര്‍ത്തകള്‍ കാണുന്ന ചിലര്‍. എന്റെ ആദ്യത്തെ വാര്‍ത്തയില്‍ തന്നെ പറയുന്നുണ്ട്. ദാരിദ്രമല്ല, പല ജോലികള്‍ ചെയ്ത് അധ്വാനിച്ചാണ് ജീവിക്കുന്നതെന്ന്. അത്തരം ജോലികള്‍ ആരോഗ്യം വീണ്ടെടുത്തത് മുതല്‍ ചെയ്ത് പോരുന്നു. ഇനിയും തുടരും. സിനിമയില്‍ നിന്ന് അവസരം ലഭിച്ചിരുന്നു. അഭിനയിക്കാനും, പാടാനും അവസരം ലഭിച്ചു. ഇതിന്റെ ചര്‍ച്ചക്കായി എന്നെ ഹോട്ടലില്‍ വിളിച്ചാല്‍ ഞാന്‍ മീന്‍ വില്‍പ്പനക്കാരിയാണ്, എനിക്ക് ഹോട്ടല്‍ അയിത്തമാണെന്ന് പറയാനാകുമൊ ഞാനും സ്റ്റാര്‍ ഹോട്ടലൊക്കെ കണ്ടോട്ടേ ചേട്ടാ..” ഹനാന്‍ പറയുന്നു.

ചിലര്‍ക്ക് എന്റെ ജീവിത രീതിയാണ് പ്രശ്നം. ഞാന്‍ പട്ടിണി കിടക്കുന്നത് കണ്ടാലെ അവര്‍ക്കൊരു ആശ്വാസമുള്ളു. പിന്നെ മീന്‍ വില്പന അത്ര മോശം പണിയല്ലട്ടോ. അതിനൊരു തൊട്ടുകൂടായ്മയുമില്ല. എല്ലാ ജോലികള്‍ക്കും അതിന്റേതായ മഹത്വമുണ്ട്. പിന്നെ ഒരു പെണ്‍കുട്ടിയുടെ ഫോട്ടോ അവരുടെ അനുവാദം കൂടാതെ എടുക്കുന്നതും പ്രചരിപ്പിക്കുന്നതും നല്ല കാര്യമല്ലെന്നും ഹനാന്‍ പറയുന്നു. ഇനിയും എന്റെ പിന്നാലെ ഒളിഞ്ഞ് നോക്കാന്‍ വന്നാല്‍ മീന്‍ വെള്ളം തന്നെ തലയില്‍ കമിഴ്ത്തുമെന്ന് പറഞ്ഞാണ് ഹനാന്‍ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ഹനാന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

.മീന്‍ വില്പന നടത്തിയാല്‍ പിന്നെ കാറില്‍ സഞ്ചരിക്കാന്‍ പാടില്ല. സ്റ്റാര്‍ ഹോട്ടലില്‍ പോകാന്‍ പാടില്ല. വിലപിടിപ്പുള്ള വസ്ത്രം ധരിക്കാന്‍ പാടില്ല. സ്വര്‍ണ്ണം ഉപയോഗിക്കാന്‍ പാടില്ല. ഇപ്പോള്‍ ദേ ഹുക്കാ. ചിലര്‍ പിന്നാലെ കൂടിയിരിക്കുകയാണ്. മഞ്ഞയില്‍ മാത്രം വാര്‍ത്തകള്‍ കാണുന്ന ചിലര്‍. എന്റെ ആദ്യത്തെ വാര്‍ത്തയില്‍ തന്നെ പറയുന്നുണ്ട്. ദാരിദ്രമല്ല, പല ജോലികള്‍ ചെയ്ത് അധ്വാനിച്ചാണ് ജീവിക്കുന്നതെന്ന്. അത്തരം ജോലികള്‍ ആരോഗ്യം വീണ്ടെടുത്തത് മുതല്‍ ചെയ്ത് പോരുന്നു. ഇനിയും തുടരും. സിനിമയില്‍ നിന്ന് അവസരം ലഭിച്ചിരുന്നു. അഭിനയിക്കാനും, പാടാനും അവസരം ലഭിച്ചു. ഇതിന്റെ ചര്‍ച്ചക്കായി എന്നെ ഹോട്ടലില്‍ വിളിച്ചാല്‍ ഞാന്‍ മീന്‍ വില്‍പ്പനക്കാരിയാണ്, എനിക്ക് ഹോട്ടല്‍ അയിത്തമാണെന്ന് പറയാനാകുമൊ ഞാനും സ്റ്റാര്‍ ഹോട്ടലൊക്കെ കണ്ടോട്ടേ ചേട്ടാ..

പല സ്ഥലങ്ങളിലും പോകുമ്പോള്‍ പലരും നിര്‍ബന്ധിക്കാറുണ്ട്, ഭക്ഷണം കഴിക്കാനും മറ്റും. ഇത്തരത്തില്‍ ഹുക്കയെ കുറിച്ചറിയാന്‍ ഒരു കൗതുകം തോന്നി. പുകയില വിഭാഗത്തില്‍പ്പെടുന്നതല്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം മാത്രം. കൂടാതെ പലരും അവിടെ ചെയ്യുന്നുണ്ടായിരുന്നു.

എന്നാല്‍ ചിലര്‍ക്ക് എന്റെ ജീവിത രീതിയാണ് പ്രശ്നം. ഞാന്‍ പട്ടിണി കിടക്കുന്നത് കണ്ടാലെ അവര്‍ക്കൊരു ആശ്വാസമുള്ളു. പിന്നെ മീന്‍ വില്പന അത്ര മോശം പണിയല്ലട്ടോ. അതിനൊരു തൊട്ടുകൂടായ്മയുമില്ല. എല്ലാ ജോലികള്‍ക്കും അതിന്റേതായ മഹത്വമുണ്ട്. പിന്നെ ഒരു പെണ്‍കുട്ടിയുടെ ഫോട്ടോ അവരുടെ അനുവാദം കൂടാതെ എടുക്കുന്നതും പ്രചരിപ്പിക്കുന്നതും നല്ല കാര്യമല്ല. പിന്നെ മഞ്ഞ വാര്‍ത്തകള്‍ മാത്രം കൊടുക്കുന്ന മലയാളിവാര്‍ത്ത എന്ന പേരുളള ഓണ്‍ലൈന്‍കാരുടെ പണിയും കലക്കിയിട്ടുണ്ട്. നല്ല റേറ്റിങ് കിട്ടിയല്ലോ അല്ലേ… ഇനിയും എന്റെ പിന്നാലെ ഒളിഞ്ഞ് നോക്കാന്‍ വന്നാല്‍ മീന്‍ വെള്ളം തന്നെ തലയില്‍ കമിഴ്ത്തും

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.