കൊച്ചി: വടകരയിൽ നിന്നും എറണാകുളത്തേക്കുളള യാത്രക്കിടെ കൊടുങ്ങല്ലൂരിൽ കാറപകടത്തിൽ പെട്ട് ഹനാൻ ഹമീദിന് സാരമായ പരിക്ക്. നട്ടെല്ലിനേറ്റ പരിക്കിനെ തുടർന്ന് ഹനാനെ കൊച്ചി മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ എംആർഐ സ്‌കാനിംങിന് വിധേയയാക്കി.

കഴിഞ്ഞ വെളളിയാഴ്ച രാവിലെയാണ് വിവിധ പരിപാടികൾക്കായി ഹനാൻ സുഹൃത്തിന്റെ കാറിൽ യാത്ര പുറപ്പെട്ടത്. വർക്കലയിൽ സ്വകാര്യ ചടങ്ങിൽ പങ്കെടുത്ത ശേഷം ഇവർ പിന്നീട് തിരുവനന്തപുരത്തേക്ക് പോയി. അവിടെ ഓൾ ഇന്ത്യ റേഡിയോവിൽ ആയിരുന്നു പരിപാടി. പിന്നീട് അവിടെ നിന്നാണ് കോഴിക്കോടേക്ക് പോയത്.

Read More: ഹനാന്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ടു; നട്ടെല്ലിനു സാരമായ പരുക്ക്

കോഴിക്കോട് നിന്നും വടകരയിലേക്കായിരുന്നു യാത്ര. ഇവിടെ മൂന്ന് കടകളുടെ ഉദ്ഘാടന ചടങ്ങിനായാണ് ഹനാൻ എത്തിയത്. ഇന്നലെ ആയിരുന്നു ഉദ്ഘാടനം. ഉദ്ഘാടനത്തിനിടെ ഫോണിൽ നിരന്തരം കോളുകൾ വന്നിരുന്നതായി ഹനാൻ സഞ്ചരിച്ചിരുന്ന കാറിന്റെ ഡ്രൈവർ ജിതേഷ് ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോട് പറഞ്ഞു.

“പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഹനാൻ ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടുവെന്നാണ് വിളിച്ചവർ പറഞ്ഞത്. സത്യത്തിൽ ഹനാന്റെ പേരിലുളള വ്യാജ പ്രൊഫൈൽ ആണ് നരേന്ദ്ര മോദിക്കെതിരെ പോസ്റ്റിട്ടത്. അക്കാര്യം അപ്പോൾ തന്നെ സുഹൃത്തുക്കൾ അവരെ വിളിച്ച് പറയുകയായിരുന്നു,” ജിതേഷ് പറഞ്ഞു.

ഹനാന്റെ പേരിലുളള വ്യാജ ഫെയ്‌സ്ബുക് പ്രൊഫൈലിൽ പങ്കുവച്ച നരേന്ദ്രമോദിയെ വിമർശിക്കുന്ന പോസ്റ്റുകൾ

ഹനാൻ ആവശ്യപ്പെട്ടതനുസരിച്ചാണ് സുഹൃത്തായ മാധ്യമപ്രവർത്തക തിരുവനന്തപുരത്ത് വിജിലൻസ് ഡിവൈഎസ്‌പിയുടെ ഹൈടെക് സെല്ലിന്റെ ചുമതലക്കാരനുമായ ഇഎസ് ബിജുവിനെ ബന്ധപ്പെട്ടത്. പിന്നീട് ഇദ്ദേഹം ഡിജിപിയുടെ ഇമെയിൽ ഐഡിയും കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ എംപി ദിനേശിന്റെ നമ്പറും ഇമെയിൽ ഐഡിയും കൈമാറി.

“ഇന്നലെ അവരെന്നെ വിളിച്ചിരുന്നു. തന്റെ മുഖചിത്രം പ്രൊഫൈൽ ചിത്രമാക്കിയ വ്യാജ ഫെയ്‌സ്ബുക് പ്രൊഫൈലിൽ നിന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പോസ്റ്റുകൾ പ്രചരിക്കുന്നതെന്ന് അവർ പറഞ്ഞു. ഇതിനെതിരെ ഹൈടെക് സെല്ലിന്റെ ഇമെയിലിലേക്ക് പരാതി അയക്കാനാണ് അവരോട് ആദ്യം ആവശ്യപ്പെട്ടത്. ഡിജിപിയുടെ ഇമെയിലിലേക്കും കൊച്ചി സിറ്റി പൊലീസ് കമ്മിഷണറുടെ ഇമെയിലിലേക്കും പരാതി അയക്കാൻ ആവശ്യപ്പെട്ടു. അതവർ അയച്ചിരുന്നു. ഹൈടെക് സെല്ലിൽ പരാതി ലഭിച്ചു,” അദ്ദേഹം പറഞ്ഞു.

കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്ക് വാട്‌സ്ആപ്പിലൂടെ പരാതി കൈമാറിയതായി ജിതേഷ് പറഞ്ഞു. “ഇന്ന് രാവിലെ പത്ത് മണിക്ക് കമ്മിഷണർ ഓഫീസിൽ നേരിട്ട് വരാൻ അവിടെ നിന്ന് നിർദ്ദേശം ലഭിച്ചു. ഇതോടെയാണ് രാത്രി വടകരയിൽ തങ്ങാതെ അപ്പോൾ തന്നെ മടങ്ങിയത്. കൊച്ചിയിൽ ഒരു സ്വകാര്യ റേഡിയോ സ്റ്റേഷനിൽ പരിപാടിയും ഏറ്റിരുന്നു.” എന്നാൽ കമ്മിഷണറെ കണ്ട് പരാതി നൽകുന്നതായിരുന്നു പ്രധാന ലക്ഷ്യമെന്ന് ജിതേഷ് പറഞ്ഞു.

ഇക്കാര്യം സ്ഥിരീകരിക്കാൻ കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ എംപി ദിനേശിനെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും അദ്ദേഹത്തെ ലഭ്യമായില്ല. അതേസമയം ഹനാന് നട്ടെല്ലിനേറ്റ പരിക്ക് സാരമുളളതാണ്. ഇതേ തുടർന്ന് ഇവരെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ ന്യൂറോ ഐസിയുവിലേക്ക് മാറ്റി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ