കൊച്ചി: മീൻ വിൽപ്പനയിലൂടെ വിദ്യാഭ്യാസത്തിനും ജീവിതച്ചെലവിനും പണം കണ്ടെത്തിയ ഹനാനെ സോഷ്യൽ മീഡിയ വഴി അധിക്ഷേപിക്കാൻ ശ്രമിച്ച കേസിൽ ഒരാൾ കൂടി പിടിയിലായി. എറണാകുളം ചെറായി സ്വദേശി വിശ്വനാണ് പിടിയിലായത്. എസിപി കെ.ലാൽജിയുടെ നേതൃത്വത്തിലുളള പൊലീസ് സംഘമാണ് ഇയാളെ ഇന്ന് രാവിലെ കസ്റ്റഡിയിലെടുത്തത്.

ഹനാനെതിരായ സൈബർ ആക്രമണ കേസിൽ കൂടുതൽ പേരെ പൊലീസ് ചോദ്യം ചെയ്യുമെന്നാണ് വിവരം. ഫെയ്‌സ്ബുക്കിൽ ഹനാനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിൽ പോസ്റ്റുകളും കമന്റുകളും വിശ്വൻ പങ്കുവച്ചിരുന്നു. ഇതിന്റെ സ്ക്രീൻ ഷോട്ടുകൾ ഫെയ്‌സ്ബുക്കിൽ നിന്ന് ലഭിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ ഇന്നലെ നൂറുദ്ദീൻ എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പാലാരിവട്ടം പൊലീസ് ആണ് വയനാട് സ്വദേശിയായ നൂറുദ്ദീനെ കസ്റ്റഡിയിലെടുത്തത്. ഇയാളെ പിന്നീട് പൊലീസ് ചോദ്യം ചെയ്ത ശേഷം തെളിവില്ലെന്ന് കണ്ട് വിട്ടയച്ചു.

അതേസമയം ഹനാന്റെ പേരിൽ വ്യാജ ഫെയ്‌സ്ബുക്ക് പേജുകൾ ആരംഭിച്ചിട്ടുണ്ട്. ഹനാൻഹനാനി ആക്ടർ എന്ന പേരിലാണ് പേജ് തുടങ്ങിയത്. ഇതിനെ കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഇതിനോടകം 10000 ത്തിലേറെ പേർ വ്യാജ പ്രൊഫൈൽ ലൈക് ചെയ്തിട്ടുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ