കൊച്ചി: മീന്‍ വില്‍പന നടത്തിയതിനെ തുടര്‍ന്ന് പെണ്‍കുട്ടി സോഷ്യല്‍മീഡിയയില്‍ അവഹേളനത്തിന് ഇരയായ സംഭവത്തില്‍ പൊലീസ് കേസെടുത്തു. വയനാട് സ്വദേശിയായ നൂറുദ്ധീന്‍ ഷൈഖ് എന്നയാള്‍ക്കെതിരെയാണ് കൊച്ചി പൊലീസ് കേസെടുത്തത്. കൊച്ചി സിറ്റി പൊലീസാണ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. ഫെയ്സ്ബുക്ക് ലൈവിലൂടെയാണ് ഇയാള്‍ ഹനാനെ അധിക്ഷേപിച്ച് രംഗത്തെത്തിയത്. തുടര്‍ന്ന് ഈ വീഡിയോ വൈറലായി മാറി.

ഹനാനെ അപകീർത്തിപ്പെടുത്തിയ കൂടുതല്‍ പേര്‍ക്കെതിരെ കേസെടുക്കാൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങൾ വഴി ഹനാനെ അപമാനിച്ച മുഴുവൻ പേർക്കെതിരെയും കേസെടുക്കും. വൈകിട്ടോടെ എഫ്ഐആർ റജിസ്റ്റർ ചെയ്യും. സൈബർ സെല്ലിന്റെ സഹായത്തോടെയാകും കേസ് അന്വേഷണം.

ഹനാൻ എന്ന വിദ്യാർത്ഥിനി ജീവിതമാർഗമായി എറണാകുളം തമ്മനത്ത് മീൻ വിൽക്കുന്നതായി വാർത്ത വന്നതിനെ തുടർന്ന് ആ കുട്ടിക്കെതിരെ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായ അപവാദ പ്രചരണവും ആക്രമണങ്ങളും നടന്നിരുന്നു. മാധ്യമങ്ങളെ ആക്രമിക്കുന്നു എന്ന രീതിയിൽ​ പെൺകുട്ടിക്ക് നേരെയാണ് സൈബർ ലോകത്ത് നിന്നും ആക്രമണമുണ്ടായത്.

സൈബർ ആക്രമണം കടുത്തതോടെ തന്നെ ജീവിക്കാന്‍ വിടണമെന്ന് ഹനാൻ മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞുകൊണ്ട് അഭ്യർത്ഥിച്ചിരുന്നു. ‘എന്റെ അക്കൗണ്ടിലേക്ക് ഒന്നരലക്ഷത്തോളം രൂപ വന്നിട്ടുണ്ടെന്നാണറിഞ്ഞത്. എനിക്കൊരാളുടെയും പണം വേണ്ട. എന്നെ ഇങ്ങനെ സ്നേഹിക്കരുത്. ജീവിക്കാന്‍ അനുവദിക്കണം. പണിയെടുത്ത് എങ്ങനെയെങ്കിലും ജീവിച്ചോളാം. കൂലിപ്പണിയെടുത്തിട്ടാണെങ്കിലും പാത്രം കഴുകയിട്ടാണെങ്കിലും,’ ഹനാന്‍ പറഞ്ഞു.

വിവാദ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ നിയമപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി തമ്മനത്ത് മീൻ കച്ചവടം നടത്താനെത്തിയ ഹനാന് കച്ചവടം ചെയ്യാൻ​ പൊലീസ് അനുമതി നൽകിയില്ല. ഇതോടെ ഹനാന് തന്റെ ഉപജീവന മാർഗമായ മീൻ കച്ചവടം നടത്താൻ കൊച്ചി നഗരസഭ കിയോസ്ക് നൽകുമെന്ന് മേയർ സൗമിനി ജെയിൻ അറിയിച്ചു. നഗരസഭമേഖലയിലെ സൗകര്യമുളള സ്ഥലം ഇതിനായി നൽകും. നഗരസഭ നേരിട്ട് ഹനാന് ലൈസൻസ് നൽകുമെന്നും മേയർ പറഞ്ഞു.

ഹനാന് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം മുതിർന്ന നേതാവ് വി.എസ്.അച്യുതാനന്ദൻ, സംസ്ഥാന വനിതാ കമ്മീഷൻ എന്നിവർ രംഗത്തെത്തിയിരുന്നു. ഹനാനെതിരെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ആക്രമണം ഇപ്പോഴാണ് ശ്രദ്ധയില്‍പ്പെട്ടതെന്നും ഹനാനെ കാണുമെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ പറഞ്ഞിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.