കൊച്ചി: അപകടത്തെത്തുടര്‍ന്ന് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ കഴിയുന്ന ഹനാന്‍ ദുരൂഹത ആരോപിച്ച് രംഗത്ത്. തന്നെ മനഃപൂര്‍വ്വം അപകടത്തില്‍ പെടുത്തിയതായി സംശയമുണ്ടെന്ന് ഹനാന്‍ പറഞ്ഞു. ഹനാന്‍ മീന്‍ വില്‍പന നടത്തുന്ന വാര്‍ത്ത പുറത്തുകൊണ്ടുവന്ന മാതൃഭൂമിയാണ് ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അപകടം നടന്ന ഉടനെ ഒരു ഓണ്‍ലൈന്‍ മാധ്യമം വേഗത്തില്‍ പറന്നെത്തിയതും സംശയം ഉണര്‍ത്തുന്നതായി ഹനാന്‍ പറഞ്ഞു. രാവിലെ 6 മണിയോടെ അപകടം നടന്നപ്പോള്‍ തന്നെ ഇവരെ ആരാണ് ആശുപത്രിയിലേക്ക് വിളിച്ചുവരുത്തിയതെന്ന് അറിയില്ലെന്നും ഇതില്‍ ദുരൂഹതയുണ്ടെന്നും ഹനാന്‍ വ്യക്താക്കി.

വിവാദമായ ലൈവ് വീഡിയോ തന്റെയോ ആശുപത്രി അധികൃതരുടേയോ അനുവാദം ഇല്ലാതെയാണ് ഫെയ്സ്ബുക്ക് പേജില്‍ അപ്‌ലോഡ് ചെയ്തതെന്നും ഹനാന്‍ പറഞ്ഞു. കാറോടിച്ചിരുന്ന ഡ്രൈവറുടെ പെരുമാറ്റത്തിലും സംശയമുണ്ട്. ഇയാളുടെ മൊഴിയില്‍ പൊരുത്തക്കേടുകളുണ്ട്. പലപ്പോഴും സംഭവങ്ങള്‍ മാറ്റിപ്പറയുന്നു. ഇയാളുടെ പെരുമാറ്റത്തില്‍ മറ്റുളളവരും സംശയം ഉന്നയിക്കുന്നുണ്ടെന്നും ഹനാന്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ തിങ്കളാഴ്ച വടകരയിൽ നിന്നും എറണാകുളത്തേക്കുളള യാത്രക്കിടെ കൊടുങ്ങല്ലൂരിൽ കാറപകടത്തിൽ പെട്ടാണ് ഹനാൻ ഹമീദിന് സാരമായ പരുക്ക് പറ്റിയത്. നട്ടെല്ലിനേറ്റ പരുക്കിനെ തുടർന്ന് ഹനാന്‍ കൊച്ചി മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്.

കഴിഞ്ഞ വെളളിയാഴ്ച രാവിലെയാണ് വിവിധ പരിപാടികൾക്കായി ഹനാൻ സുഹൃത്തിന്റെ കാറിൽ യാത്ര പുറപ്പെട്ടത്. വർക്കലയിൽ സ്വകാര്യ ചടങ്ങിൽ പങ്കെടുത്ത ശേഷം ഇവർ പിന്നീട് തിരുവനന്തപുരത്തേക്ക് പോയി. അവിടെ ഓൾ ഇന്ത്യ റേഡിയോവിൽ ആയിരുന്നു പരിപാടി. പിന്നീട് അവിടെ നിന്നാണ് കോഴിക്കോടേക്ക് പോയത്. കോഴിക്കോട് നിന്നും വടകരയിലേക്കായിരുന്നു യാത്ര. ഇവിടെ മൂന്ന് കടകളുടെ ഉദ്ഘാടന ചടങ്ങിനായാണ് ഹനാൻ എത്തിയത്. കഴിഞ്ഞ ഞായറാഴ്ച ആയിരുന്നു ഉദ്ഘാടനം.

കൊടുങ്ങല്ലൂരിൽ നിന്നും മാല്യങ്കര, ചെറായി വഴി എറണാകുളത്തേക്ക് വരാനായിരുന്നു ശ്രമം. എന്നാൽ കൊടുങ്ങല്ലൂരെത്തിയപ്പോൾ വാഹനം ഓടിച്ചിരുന്ന ജിതേഷിന് ഉറക്കം വന്നെന്ന് മൊഴിയിലുണ്ട്. പിന്നീട് ഇവർ വാഹനം വഴിയിൽ നിർത്തി കിടന്നുറങ്ങി. 12.30 യ്ക്കാണ് ഇവിടെയെത്തിയത്. ഇവിടെ നിന്നും ആറരയോടെയാണ് പിന്നീട് യാത്ര തുടർന്നത്.

എന്നാൽ യാത്ര തുടങ്ങി പത്ത് മിനിറ്റിനകം തന്നെ വാഹനം അപകടത്തിൽ പെട്ടു. ഹനാൻ ഈ സമയത്ത് കാറിൽ പുറകിലെ സീറ്റിൽ കിടക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇവർ സീറ്റിൽ നിന്നും ഉയർന്ന് സീറ്റിൽ തന്നെ വീണു.

സ്‌കൂള്‍ യൂണിഫോമില്‍ മീന്‍ വിറ്റ വാര്‍ത്ത മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തതോടെയാണ് ഹനാന്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റുന്നത്. ഈ വാര്‍ത്തയ്ക്കു പിന്നാലെ ഹനാന് സഹായ ഹസ്തങ്ങളുമായി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. സംവിധായകന്‍ അരുൺ ഗോപി പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രത്തിലേക്ക് അവസരം നല്‍കാമെന്ന് വാഗ്‌ദാനം ചെയ്തിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ