മലപ്പുറം: ഹജ്ജ് യാത്രയ്ക്കുള്ള വിമാനത്താവളങ്ങളുടെ പട്ടികയില്‍ നിന്ന് കരിപ്പൂരിനെ ഒഴിവാക്കി. വിമാനത്താവളങ്ങളുടെ പട്ടിക 10 ആക്കി ചുരുക്കിയ സാഹചര്യത്തിലാണിതെന്ന് ഹജ്ജ് കമ്മറ്റി അറിയിച്ചു. വൈറ്റ് ബോഡി വിമാനങ്ങള്‍ ഇറക്കാനുള്ള അനുമതി കരിപ്പൂരിന് ലഭിച്ചിട്ടില്ലാത്ത പശ്ചാത്തലത്തിലാണ് തീരുമാനം. വലിയ വിമാനങ്ങള്‍ കരിപ്പൂരില്‍ ഇറക്കാന്‍ കഴിയില്ലെന്നതും അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നു.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ പത്ത് വിമാനത്താവളങ്ങളില്‍നിന്ന് മാത്രമാണ് ഇത്തവണ ഹജ്ജ് യാത്രകള്‍ സജ്ജീകരിക്കുന്നത്. സൗദിയുടെ നിര്‍ദ്ദേശപ്രകാരം ലോകമെമ്പാടും നിന്നുള്ള ഹജ്ജ് യാത്രകളുടെ എണ്ണവും വെട്ടിച്ചുരുക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കേരളത്തില്‍നിന്നും തീര്‍ത്ഥാടകരുടെ എണ്ണം കുറവായതിനാല്‍ നെടുമ്പാശ്ശേരിക്ക് മാത്രം അനുമതി നല്‍കിയാല്‍ മതിയെന്നാണ് തീരുമാനം.

Read More: കരിപ്പൂരിലെ സിബിഐ റെയ്ഡ്: കസ്റ്റംസ് ഉദ്യോഗസ്ഥരിൽ നിന്ന് പണവും സ്വർണവും പിടികൂടി

കരിപ്പൂര്‍ അപകടത്തിന് ശേഷം വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ക്ക് അനുമതി നല്‍കിയിരുന്നില്ല. എന്നാല്‍, വിമാനാപകടത്തിന് ശേഷം കരിപ്പൂര്‍ എല്ലാത്തരം യാത്രകള്‍ക്കും സജ്ജമാണെന്ന് അധികൃതരും രാഷ്ട്രീയ നേതാക്കളും കേന്ദ്ര വ്യോമയാന മന്ത്രാലയത്തെ അറിയിച്ചിരുന്നു. ഇക്കാര്യത്തില്‍ തുടര്‍ നടപടികളൊന്നുമുണ്ടായില്ല. തുടര്‍ന്നാണ് ഹജ്ജ് വിമാനങ്ങള്‍ക്കുള്ള അനുമതിയും നിഷേധിച്ചിരിക്കുന്നത്.

കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽപ്പേർ ഹജ്ജിന് പോകുന്ന കോഴിക്കോട്, മലപ്പുറം ജില്ലകൾക്ക് സമീപത്തുള്ള വിമാനത്താവളത്തിന് അനുമതിയില്ലാത്തത് തീർ‍ത്ഥാടകർക്കും തിരിച്ചടിയാകും. തീരുമാനം പുനഃപരിശോധിക്കണമെന്ന് മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി കെപിഎ മജീദ് ആവശ്യപ്പെട്ടു. ഏറ്റവും കൂടുതൽ ഹജ് യാത്രികർ ഉള്ളത് വടക്കൻ കേരളത്തിൽ നിന്നാണ്. കരിപ്പൂരിനെ തകർക്കാനുള്ള നീക്കമാണിതെന്നും കെപിഎ മജീദ് ആരോപിക്കുന്നു. അടുത്ത ജൂണിലാണ് ഹജ്ജ് യാത്രക്കുള്ള സമയം. അപ്പോഴേക്കും ഇതില്‍ മാറ്റമുണ്ടാവുമോ എന്നകാര്യത്തില്‍ വ്യക്തതയില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.