“കോടതി എന്ത് പറഞ്ഞാലും ഞാൻ അനുസരിക്കും. എൻഐഎ റിപ്പോർട്ട് സമർപ്പിച്ചാൽ എനിക്കും അത് വായിക്കാൻ അവസരം കിട്ടുമെന്നാണ് എന്റെ പ്രതീക്ഷ. ഞാനതെന്റെ മകളെ വായിച്ച് കേൾപ്പിക്കും. ഒരച്ഛന് ചെയ്യാനുള്ള കാര്യങ്ങൾ പിന്നീട് ഞാൻ ചെയ്യും”, ഹാദിയ എന്ന അഖിലയുടെ അച്ഛൻ അശോകൻ ഇന്ത്യൻ എക്സ്‌പ്രസിനോട് പറഞ്ഞു.

ഹാദിയ തിരഞ്ഞെടുത്ത “അപകടം പിടിച്ച വഴിയെ” കുറിച്ച് ബോധ്യപ്പെടുത്താൻ എൻഐഎ റിപ്പോർട്ട് സഹായിക്കുമെന്ന പ്രതീക്ഷയിലാണ് അശോകൻ. “തീർത്തും സങ്കുചിത മനോഭാവമുള്ള ഒരാളായാണ് തന്നെ സമൂഹം കുറ്റപ്പെടുത്തുന്നത്. എന്നാൽ എന്റെ മനോവിഷമം ആർക്കും അറിയില്ല.

“ഞാനൊരു അവിശ്വാസിയാണ്. എന്റെ മകൾ എന്റെ ജീവനും സ്വത്തുമാണ്. അവളൊരു മിശ്ര വിവാഹത്തിന് താത്പര്യം പറഞ്ഞിരുന്നെങ്കിൽ തീർച്ചയായും ഞാനത് അംഗീകരിച്ചേനെ. മതം മാറുന്നതിന് പോലും താൻ എതിരല്ല. പക്ഷെ ഇത് പോപ്പുലർ ഫ്രണ്ടിന്റെ അജണ്ടയാണ്. ആർഎസ്എസിന്റെ സഹായത്തോടെ ഞാൻ അഖിലയെ തട്ടിക്കൊണ്ടുപോകുമെന്ന് പോപ്പുലർ ഫ്രണ്ട് നേതാവ് സൈനബ അവളെ വിശ്വസിപ്പിച്ചു. സൈനബയ്ക്ക് എന്റെ മകളെ സംരക്ഷിക്കേണ്ട യാതൊരു അവകാശവുമില്ല. ഒറ്റ ദിവസം കൊണ്ട് കല്യാണം നടത്തിയതിനെ കുറിച്ച് കോടതി പോലും സംശയം പ്രകടിപ്പിച്ചു”, അശോകൻ പറഞ്ഞു.

“19ാം വയസ്സുമുതൽ 19 വർഷം സൈന്യത്തിൽ ജോലി ചെയ്തയാളാണ് ഞാൻ. ഞാൻ ഭരണഘടനയെയും നീതിന്യായ വ്യവസ്ഥിതിയെയും ബഹുമാനിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നയാളാണ്. എനിക്കതിൽ വളരെയധികം വിശ്വാസമുണ്ട്.” അതേസമയം ഹാദിയ ഹിന്ദുമതത്തിലേക്ക് മടങ്ങി വരാൻ സന്നദ്ധത പ്രകടിപ്പിച്ചെന്ന വാദം അശോകൻ തള്ളി. “അവൾക്കൊരു മാറ്റവുമില്ല”, 57 കാരനായ അച്ഛൻ പറഞ്ഞു.

ഹാദിയയെ തിരികെ ഹിന്ദുമതത്തിലേയ്ക്ക് കൊണ്ടുവരാൻ  ഇപ്പോൾ വിവാദമായ കൊച്ചിയിലെ ആർഷ വിദ്യാ സമാജം എന്ന യോഗ സ്ഥാപനത്തെ സമീപച്ചതായി അശോകൻ പറഞ്ഞു അവിടെ നിന്നുളള ഒരു സന്നദ്ധ പ്രവർത്തകൻ ഹാദിയെ സന്ദർശിച്ചിരുന്നു. ഹാദിയെ ഈ കേന്ദ്രത്തിന്രെ സഹായത്തോടെ തിരികെ ഹിന്ദുമതത്തിലേയ്ക്ക് കൊണ്ടുവരാൻ  ഹാദിയയെ അറിയാവുന്ന രണ്ട് പെൺകുട്ടികളെ അശോകൻ ക്ഷണിച്ചിരുന്നു. “ഞാൻ കരുതിയത് ആ പെൺകുട്ടി (ആതിര) സംഭാഷണം എന്രെ മകളെ അപകടങ്ങലെ കുറിച്ച് തിരിച്ചറിയാൻ സഹായിക്കുമെന്നായിരുന്നു” അശോകൻ പറഞ്ഞു

“അവൾ തലയിൽ തുണി ചുറ്റിയാണ് കോളേജിൽ വരുന്നതെന്നും മതപഠനത്തിനായി സത്യസരണിയിൽ ചേർന്നുവെന്നും കേട്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി. 2016 ജനുവരിയിലാണ് ഞാൻ ഹേബിയസ് കോർപ്പസ് ഫയൽ ചെയ്തത്. അന്ന് പോപ്പുലർ ഫ്രണ്ടിന്റെ കസ്റ്റഡിയിലായിരുന്നു അവൾ. ഞങ്ങളോട് സംസാരിക്കാൻ പോലും അനുവാദം ഉണ്ടായിരുന്നില്ല. കോടതിയിൽ ഞങ്ങൾക്കൊപ്പം വരാൻ അവൾ വിസമ്മതിച്ചു. എന്നിട്ടും ദിവസം രണ്ട് തവണ വീതം ഞാനവളെ ഫോണിൽ വിളിച്ചിരുന്നു.” അശോകൻ പറഞ്ഞു.

“2016 ആഗസ്ത് മാസത്തിലാണ് ഞാൻ വീണ്ടും കോടതിയെ സമീപിച്ചത്. 21 മലയാളികൾ ഇസ്ലാമിക് സ്റ്റേറ്റിലേക്ക് പോയി എന്ന റിപ്പോർട്ടുകൾ വന്നതോടെയാണ് അത്. ജൂലൈയിലോ ആഗസ്തിലോ താൻ അവളെ വിളിച്ചപ്പോൾ സിറിയയിൽ ആട് മേയ്ക്കാൻ പോകുന്നുണ്ടോയെന്ന് ചോദിച്ചു. ഇങ്ങിനെയൊരു പദ്ധതി ഉണ്ടായിരുന്നുവെന്നും എന്നാൽ പഠനം പൂർത്തിയാകാൻ വേണ്ടി നാട്ടിൽ തന്നെ നിൽക്കുകയായിരുന്നുവെന്നും അവളെന്നോട് പറഞ്ഞു.” അശോകൻ കൂട്ടിച്ചേർത്തു.

“ഒരു ചെത്തുതൊഴിലാളിയുടെ മകനായിരുന്നു ഞാൻ. എട്ട് മക്കളിൽ മൂത്തയാൾ. അഞ്ച് സഹോദരിമാർ. നിങ്ങൾക്കത് ഉൾക്കൊള്ളാനാകുമോയെന്ന് എനിക്ക് അറിയില്ല. 19ാം വയസിലാണ് പത്താം ക്ലാസ് പഠനം നിർത്തിയത്. എനിക്ക് പഠിക്കണമെന്നുണ്ടായിരുന്നു. ഞാൻ കമ്യൂണിസ്റ്റ് പാർട്ടി അംഗമായിരുന്നു. ഒരുപാട് വായിക്കുമായിരുന്നു. എന്നാൽ കുടുംബത്തെ നോക്കേണ്ട ആവശ്യം വന്നപ്പോൾ പട്ടാളത്തിൽ ചേർന്നു.”

“അഖില എന്റെ ഒരേയൊരു മകളാണ്. ഒന്ന് മതി എന്ന് തീരുമാനിച്ചത്, അവൾക്ക് ഏറ്റവും മികച്ച സൗകര്യങ്ങൾ നൽകാൻ വേണ്ടിയായിരുന്നു. അവൾ ഹോമിയോപ്പതി കോഴ്സിന് ചേർന്നപ്പോൾ എല്ലാവരും ലോണെടുത്തു. വിദ്യാഭ്യാസ വായ്പയെടുക്കാതെയാണ് ഞാനവളുടെ പഠനം നടത്തിയത്. ഡിഫൻസ് കോടതിയിൽ ഞാൻ പിയൂണായി ജോലിക്ക് ചേർന്ന ശേഷം എന്റെ വേതനം വരുന്ന അക്കൗണ്ടിന്റെ എടിഎം കാർഡ് അവളുടെ പക്കലായിരുന്നു. അതിലെ എന്റെ വേതനം മുഴുവൻ അവൾക്കായിരുന്നു നൽകിയിരുന്നത്. ഞാനാ എടിഎം കാർഡ് ഇപ്പോഴും തിരികെ ചോദിച്ചിട്ടില്ല.”

“ഞാനൊരു സിപിഐക്കാരനാണ്. എന്നാൽ സിപിഐയിൽ നിന്ന് ആരും സഹായവുമായെത്തിയില്ല. എന്നെ സഹായിച്ചവരിൽ അഭിഭാഷകരുണ്ട്, രാഷ്ട്രീയ നേതാക്കളും മറ്റുള്ളവരുമുണ്ട്. അതിൽ ബിജെപി-ആർഎസ്എസ് പ്രവർത്തകരാണ് കൂടുതൽ സഹായം നൽകിയത്. അതുകൊണ്ടുമാത്രം ഞാനൊരു ബിജെപിക്കാരനാകില്ല”, അശോകൻ പറഞ്ഞു.

“മനുഷ്യാവകാശ പ്രവർത്തകരെയോ ബുദ്ധിജീവികളെയോ തൃപ്തിപ്പെടുത്താനല്ല എന്റെ ശ്രമം. എനിക്ക് എന്റെ മകളെ ബോധ്യപ്പെടുത്തുകയാണ് വേണ്ടത്.”

ഏതെങ്കിലും വിഷയത്തിൽ മകളുമായി തർക്കിച്ചിട്ടുണ്ടോയെന്ന ചോദ്യത്തിനും അശോകൻ ഉത്തരം നൽകി. “ടിവി ചാനലുകളുടെ പേരിലായിരുന്നു ഇടി. എനിക്ക് വാർത്ത കാണണം. അവൾക്കത് കാണണ്ട. അതിന്റെ പേരിലെ അടി. ഒടുവിൽ ആരെങ്കിലും ജയിക്കും. അവധിക്ക് നാട്ടിലെത്തിയാൽ സുഹൃത്തുക്കൾക്കൊപ്പം പുറത്തുപോകാനായിരുന്നു അവളുടെ ആഗ്രഹം. അമ്മയ്ക്ക് അവളോടൊപ്പം സമയം ചിലവഴിക്കണമെന്നായിരുന്നു ആഗ്രഹം. അതിന്റെ പേരിലും രണ്ടു പേരും വഴക്കിട്ടിട്ടുണ്ട്.”

“ചുറ്റും നടക്കുന്ന കാര്യങ്ങളെ കുറിച്ച് ബോധമില്ലാതെ പോയതാണ് മകൾക്ക് ഇങ്ങിനെയൊരു അപകടം സംഭവിക്കാൻ കാരണമെന്ന് സംശയിക്കുന്ന”തായി അശോകൻ പറഞ്ഞു.

ഹാദിയയുമായി താൻ ദീർഘസംഭാഷണങ്ങൾക്ക് തുനിയാറില്ലെന്ന് അശോകൻ പറഞ്ഞു. “അവൾ കൂടുതൽ സമയവും ടിവിക്ക് മുന്നിലാണ് സമയം ചിലവഴിക്കുന്നത്. ഒരു മലയാളം പത്രം വീട്ടിൽ വരുത്തുന്നുണ്ട്. സുപ്രീം കോടതിയുടെ അന്തിമ വിധി വരും വരെ ഈ കാര്യത്തിൽ ഞാൻ ഉറച്ച നിലപാടെടുത്ത് നിൽക്കും. എനിക്കുറപ്പുണ്ട്, എന്റെ മകൾ തിരികെ വരും”, അദ്ദേഹം പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.