തിരുവനന്തപുരം: ഹാദിയ കേസിൽ സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണം പുറത്തുവന്നതിന് തൊട്ടുപിന്നാലെ സർക്കാരിനെയും സംസ്ഥാന വനിതാ കമ്മീഷനെയും വിമർശിച്ച് ഹാദിയയുടെ അച്ഛൻ അശോകൻ രംഗത്ത്. ഹാദിയ കേസില്‍ സര്‍ക്കാരിന്റെ അന്വേഷണം നേരായ ദിശയില്‍ അല്ലെന്ന് അദ്ദേഹം പറഞ്ഞു. കേസ് എന്‍ഐഎ തന്നെ അന്വേഷിക്കണമെന്ന് അദ്ദേഹം മാതൃഭൂമിയോട് പ്രതികരിച്ചു.

‘മകള്‍ കഴിയേണ്ടത് അച്ഛനും അമ്മയ്ക്കും ഒപ്പമാണെന്ന് മനസ്സിലാക്കണം. ഇത് ഒറ്റപ്പെട്ട സംഭവം അല്ല. കാണാതായ മറ്റ് കുട്ടികളെ കുറിച്ചും അന്വേഷണം നടത്തണം. ഇക്കാര്യത്തിൽ സർക്കാർ കണ്ണടച്ചിരിക്കരുത്. കേസില്‍ വനിതാ കമ്മീഷന്‍ കക്ഷി ചേരേണ്ടെന്നും അശോകന്‍ പറഞ്ഞു.

ഹേബിയസ് കോർപസ് ഹർജിയിൽ വിവാഹം റദ്ദാക്കാൻ കഴിയുമോയെന്ന് ഹാദിയ കേസിൽ സുപ്രീംകോടതി ചോദിച്ചതിന് പിന്നാലെ ആയിരുന്നു ഹാദിയയുടെ അച്ഛന്‍ രംഗത്തെത്തിയത്. ‘വിവാഹവും എൻഐഎ അന്വേഷണവും രണ്ടാണ്. മാനസിക പ്രശ്നങ്ങൾ ഇല്ലാത്തയാൾക്ക് സ്വന്തം നിലയ്ക്ക് തീരുമാനം എടുക്കാം. ഹാദിയയുടെ ഭാഗം കൂടി കേൾക്കണമെന്നും കോടതി വ്യക്തമാക്കി.

അതിനിടെ ബിജെപി നേതാക്കളുടെ പേര് പരാമർശിച്ച ഷെഫിൻ ജഹാന്റെ അഭിഭാഷകനെ കോടതി താക്കീത് നൽകി. കേരളത്തിൽ സംഘർഷം ഉണ്ടാക്കാൻ ചിലർ ശ്രമിക്കുകയാണ്. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർ കേരളത്തിൽ പേകുന്നത് സംഘർഷം ഉണ്ടാക്കാൻ വേണ്ടിയാണെന്ന് ഷെഫിൻ ജഹാന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. ഇതിനു മറുപടിയായി കോടതിയിൽ രാഷ്ട്രീയം പറയേണ്ടെന്ന് സുപ്രീംകോടതി ജഡ്ജിമാർ മറുപടി നൽകി. നിയമത്തിന്റെ പുറത്തുളള വിഷയങ്ങൾ ഉന്നയിക്കരുത്. ഭരണഘടനാപരവും നിയമപരവുമായ വിഷയങ്ങൾ മാത്രമേ കോടതിയിൽ ഉന്നയിക്കാവൂവെന്നും ജഡ്ജിമാർ വ്യക്തമാക്കി. കേസ് 30 ലേക്ക് മാറ്റി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ