scorecardresearch

"ഞാനിവിടെ തന്നെയുണ്ട്, അച്ഛനോടും അമ്മയോടും സംസാരിച്ചിരുന്നു"വെന്നും ഹാദിയ, മകളെ കാണാനില്ലെന്ന പരാതിയുമായി അച്ഛൻ വീണ്ടും കോടതിയിൽ

മകൾ എവിടെയാണെന്നറിയില്ലെന്ന് കാണിച്ച് ഹാദിയയുടെ പിതാവ് കെ എം അശോകൻ ഹൈക്കോടതിയിൽ ഹർജി നൽകി. ഏതാണ്ട് ഇതേ സമയത്ത് തന്നെ ഈ വിഷയം പറഞ്ഞുകൊണ്ടു ഹാദിയക്കെതിരായി സൈബർ ആക്രമണവും നടക്കുന്നുണ്ടായിരുന്നു.

മകൾ എവിടെയാണെന്നറിയില്ലെന്ന് കാണിച്ച് ഹാദിയയുടെ പിതാവ് കെ എം അശോകൻ ഹൈക്കോടതിയിൽ ഹർജി നൽകി. ഏതാണ്ട് ഇതേ സമയത്ത് തന്നെ ഈ വിഷയം പറഞ്ഞുകൊണ്ടു ഹാദിയക്കെതിരായി സൈബർ ആക്രമണവും നടക്കുന്നുണ്ടായിരുന്നു.

author-image
WebDesk
New Update
hadiya, conversion, love jihad, Supreme court

ഫയല്‍ ഫോട്ടൊ

ഇസ്‌ലാം മതത്തിൽ ആകൃഷ്ടയായി ആ മതം  സ്വീകരിക്കുകകയും പിന്നീട്, ഷെഫിൻ ജഹാനെ വിവാഹം കഴിച്ചതിനെതിരെ ഹാദിയയുടെ അച്ഛൻ കെ എം അശോകൻ ഹർജി നൽകിയതോടെയായിരുന്നു 2017ൽ ഹാദിയ എന്ന യുവ ഡോക്ടർ ശ്രദ്ധാകേന്ദ്രമായത്. വീണ്ടും ഇപ്പോൾ അശോകൻ നൽകിയ പരാതിയിലൂടെ ഹാദിയ വീണ്ടും വാർത്തകളിലേക്ക് തിരിച്ചെത്തുകയാണ്. ഹാദിയയും ഷെഫിൻ ജഹാനും തമ്മിൽ നിയമപരമായി വേർപിരിയുകയും, ഹാദിയ വീണ്ടും വിവാഹിതയാവുകയും ചെയ്തതിന് ശേഷമാണ് പുതിയ വിവാദങ്ങൾക്ക് വഴിയൊരുങ്ങിയിരിക്കുന്നത്.

Advertisment

ഹോമിയോ ഡോക്ടറായ ഹാദിയ മീഡിയാ വണ്‍ ടെലിവിഷന്‍ ചാനലിന് നൽകിയ അഭിമുഖത്തിൽ  താനും ഷെഫിൻ ജഹാനും തമ്മിലുള്ള ബന്ധം നിയമപരമായി വേർപിരിഞ്ഞതായും, സ്വന്തം ഇഷ്ടപ്രകാരം മറ്റൊരു വ്യക്തിയെ വിവാഹം ചെയ്തു ജീവിക്കുകയാണെന്നും വ്യക്തമാക്കി. "വിവാഹബന്ധത്തിൽ ഏർപ്പെടാനും അതിൽ നിന്നും പിരിയാനും വീണ്ടും വിവാഹിതരാകാനും ഭരണഘടന എല്ലാവർക്കും അവകാശം നൽകിയിട്ടുണ്ട്. നമ്മുടെ സമൂഹത്തിൽ ഒരു സാധാരണ കാര്യവുമാണ്. എന്നാൽ, എന്റെ കാര്യത്തിൽ സമൂഹം എന്തിനാണ് ഇങ്ങനെ ഇടപെടുന്നത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല.

തീരുമാനങ്ങൾ എടുക്കാൻ കഴിവുള്ള മുതിർന്ന ആളാണ് ഞാൻ. ഞാനും ഷെഫിൻ ജഹാനുമായുള്ള വിവാഹം തുടരാൻ കഴിയാതെ വന്നപ്പോൾ ഞങ്ങൾ ഒരുമിച്ച് തീരുമാനമെടുത്ത് അതിൽ നിന്ന് മാറി. എനിക്ക് ഇഷ്ടമുള്ള മറ്റൊരാളെ വിവാഹം കഴിച്ചു. ഞാൻ സന്തോഷവതിയാണ്, ഇപ്പോഴും മുസ്‌ലിമായി ജീവിക്കുന്നു." തന്‍റെ മാതാപിതാക്കൾക്കും പുനർവിവാഹത്തെക്കുറിച്ച് അറിയാമെന്നും അവർ ആ അഭിമുഖത്തിൽ പറഞ്ഞു.

Advertisment

മകളെ കണ്ടെത്താനായില്ലെന്ന് കാണിച്ച് വൈക്കം സ്വദേശിയായ പിതാവ് കെ എം അശോകൻ കേരള ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി നൽകി. ഈ വാർത്ത വന്നതിന് പിന്നാലെ തന്നെ ഹാദിയയുടെ ടെലിവിഷൻ അഭിമുഖവും വന്നു. ഹർജി അടുത്തയാഴ്ച ഹൈക്കോടതി പരിഗണിക്കും.

അഭിമുഖത്തിൽ തന്റെ അച്ഛൻ എന്തിനാണ് ഹൈക്കോടതിയെ സമീപിച്ചതെന്ന് അറിയില്ലെന്ന് ഹാദിയ പറഞ്ഞു. അച്ഛനെ സംഘപരിവാർ ഒരു ടൂൾ ആയി ഉപയോഗിക്കുകയാണെന്ന് ആരോപിച്ച ഹാദിയ, അച്ഛൻ അതിന് നിന്നുകൊടുക്കുന്നതാണ് സങ്കടകരമെന്നും പറഞ്ഞു. "ഞാനൊരു മുസ്‌ലിമാണ്, മുസ്‌ലിമാകാനാണ് ഞാനിത്രയും കാലം നിന്നിട്ടുള്ളത്. മുസ്‌ലിം ആയ ശേഷമാണ് വിവാഹിതയായത്" എന്നും അഭിമുഖത്തിൽ ഹാദിയ വ്യക്തമാക്കുന്നുണ്ട്. തന്റെ പുതിയ ജീവിത പങ്കാളിയെക്കുറിച്ച് പറയാൻ ആഗ്രഹിക്കുന്നില്ലെന്നും അത് തങ്ങളുടെ സ്വകാര്യ ജീവിതമാണെന്നും അവർ പറഞ്ഞു. 

മലപ്പുറം ജില്ലയിൽ ഒരു ക്ലിനിക്ക് നടത്തിവരികയായിരുന്നു ഹാദിയ. വിവാഹമോചിതയായ ശേഷം തിരുവനന്തപുരത്തേക്ക് താമസം മാറി. ഹാദിയയുടെ കുടുംബവുമായി ഇന്ത്യൻ എക്സ്പ്രസ് ബന്ധപ്പെട്ടപ്പോൾ ഈ വിഷയത്തിൽ പ്രതികരിക്കാൻ വിസമ്മതിച്ചു.

കോട്ടയത്തെ ഈഴവ കുടുംബത്തിൽ കെ എം അഖില എന്ന പേരിൽ ജനിച്ച ഹാദിയ തമിഴ്‌നാട്ടിൽ മെഡിസിൻ പഠിക്കുമ്പോഴാണ് ഇസ്‌ലാമിലേക്ക് ആകർഷിക്കപ്പെടുന്നത്. പിന്നീട്, അവർ ആ  വിശ്വാസം സ്വീകരിച്ചു. അതിന് ശേഷം ഗൾഫിൽ ജോലി ചെയ്തിരുന്ന ഷെഫിൻ ജഹാനെ വിവാഹം കഴിക്കുകയും ചെയ്തു.

ഇവരുടെ വിവാഹത്തെ ചോദ്യം ചെയ്ത് ഹാദിയയുടെ അച്ഛൻ കേരള ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി നൽകിയതോടെയാണ് പ്രശ്‌നങ്ങൾ ആരംഭിച്ചത്. കോടതി വിവാഹം അസാധുവാക്കുകയും മാതാപിതാക്കൾക്ക് ഹാദിയയുടെ കസ്റ്റഡി അനുവദിക്കുകയും ചെയ്തത് സംസ്ഥാനത്ത് വലിയ ചർച്ചയ്ക്കും വിദ്വേഷ, വ്യാജ ക്യാംപെയിനുകൾക്കും കാരണമായി. മാസങ്ങളോളം പൊലീസ് സംരക്ഷണത്തിലാണ് ഹാദിയ താമസിച്ചിരുന്നത്.

2018 മാർച്ചിൽ, അവരുടെ വിവാഹം റദ്ദാക്കിയ കേരള ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി, സ്വതന്ത്രമായി തീരുമാനമെടുക്കാനുള്ള ഹാദിയയുടെ അവകാശം സംരക്ഷിച്ചുകൊണ്ട് സുപ്രീം കോടതി വിധി വന്നു. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഷെഫിൻ ജഹാനും ഹാദിയയും വീണ്ടും വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചത്. ഹൈക്കോടതി വിധിക്കെതിരെ  ഷെഫിൻ ജഹാൻ നൽകിയ ഹർജിയിലാണ് സുപ്രീം കോടതി നടപടിയെടുത്തത്. തന്റെ മകളെ "തീവ്രവാദി"യുമായി പോകാൻ അനുവദിക്കാനാവില്ലെന്ന് ആരോപിച്ച് അശോകനും കേസിൽ കക്ഷി ചേർന്നിരുന്നു.

ഇസ്‌ലാം മതം സ്വീകരിക്കാൻ ഹാദിയയെ ആരെങ്കിലും നിർബന്ധിച്ചോ എന്ന കാര്യം ദേശീയ അന്വേഷണ ഏജൻസിയും അന്വേഷിച്ചിരുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ജസ്റ്റിസുമാരായ എ എം ഖാൻവിൽക്കറും ഡി വൈ ചന്ദ്രചൂഡും അടങ്ങുന്ന മൂന്നംഗ സുപ്രീം കോടതി ബെഞ്ച് എൻഐഎയ്ക്ക് അനുമതി നൽകിയിരുന്നു

തന്റെ മകൾ ഡോ. അഖില എന്ന ഹാദിയയെ മലപ്പുറം സ്വദേശിനാിയായ എ എസ് സൈനബ അടക്കമുള്ളവർ ചേർന്ന്  തടവിലാക്കിയിരിക്കുകയാണെന്ന് ആരോപിച്ച്  ഹാദിയയുടെ അച്ഛന്‍ കെ എം അശോകൻ ഹൈക്കോടതിയില്‍ ഹേബിയസ് കോർപ്പസ് ഹർജി നൽകി. ഹേബിയസ് കോർപ്പസ് ഹർജികൾ പരിഗണിക്കുന്ന ബെഞ്ച് ചൊവ്വാഴ്ച ഈ കേസ് പരിഗണിക്കും. 

ഷെഫിൻ ജഹാനെ വിവാഹം കഴിച്ച ശേഷം ഹാദിയ  മലപ്പുറത്ത് ഹോമിയോ ക്ലിനിക്ക് നടത്തുകയായിരുന്നു. കുറച്ചുകാലമായി മകളെ ഫോണിൽ വിളിച്ചെങ്കിലും എടുത്തില്ലെന്നും പലപ്പോഴും ഫോണ്‍ സ്വിച്ച്ഡ് ഓഫുമായിരുന്നു. ഡിസംബർ മൂന്നിന് മലപ്പുറത്തെ ക്ലിനിക്കിൽ എത്തിയപ്പോൾ അത് അടഞ്ഞ് കിടക്കുകയായിരുന്നു. ഒന്നും അറിയില്ലെന്നാണ് അയൽവാസികൾ പറഞ്ഞത്. തടവിൽ നിന്ന് മകളെ മോചിപ്പിച്ച് തന്റെ കുടെ വിടാൻ ഉത്തരാവാകണമെന്നാണ് അശോകൻ ഉന്നയിച്ച ആവശ്യം.

Hadiya Case kerala highcourt

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: