കൊച്ചി: വീട്ടുതടങ്കലിൽ കഴിയുന്ന ഹാദിയയുടെ ദൃശ്യങ്ങൾ വീണ്ടും പുറത്തുവിട്ട് രാഹുൽ ഈശ്വർ. എറണാകുളം പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് രാഹുല്‍ വിഡിയോ പുറത്തുവിട്ടത്. അച്ഛൻ തന്നെ ക്രൂരമായി മർദ്ദിക്കുന്നുവെന്നും താൻ കൊല്ലപ്പെടുമെന്ന് ഭയമുണ്ടെന്നും ഹാദിയ വിഡിയോയിൽ പറയുന്നുണ്ട്.

Read More: ഹാദിയ കേസ് ഇതുവരെ

”എന്നെ എളുപ്പം ഇവിടുന്ന് ഇറക്കണം. ഞാന്‍ മരണപ്പെടും, നാളെയൊ മറ്റന്നാളോ ഞാന്‍ മരണപ്പെടും. എനിക്ക് ഉറപ്പാണ്. എന്റെ അച്ഛന് ദേഷ്യം വരുന്നുണ്ട് എനിക്കറിയാം. ഞാന്‍ പോകുന്നവഴി അച്ഛന്‍ എന്നെ തല്ലുന്നുണ്ട്, ചവിട്ടുന്നുണ്ട്. എന്റെ ശരീരം എവിടെയെങ്കിലും ഇടിക്കുകയോ മരണപ്പെടുകയോ ചെയ്താല്‍…” എന്നു പറയുന്നിടത്ത് രാഹുൽ വിഡിയോ അവസാനിപ്പിച്ചു. ഇനിയും കൂടുതൽ കാര്യങ്ങൾ പറഞ്ഞിട്ടുണ്ടെന്നും അതിൽ വർഗീയത ഉളളതുകൊണ്ടാണ് ഇത്രയും ഭാഗം ഇപ്പോൾ പുറത്തുവിടുന്നതെന്നും രാഹുൽ പറഞ്ഞു.


(വിഡിയോ കടപ്പാട്: മീഡിയ വൺ)

അടുത്തമാസം 30 ന് കോടതി കേസ് പരിഗണിക്കുന്നുണ്ടെന്നും കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ വേണ്ടിയാണ് ഇപ്പോൾ വിഡിയോ പുറത്തുവിടുന്നതെന്നും രാഹുൽ പറഞ്ഞു. ഭര്‍ത്താവിന്റേയോ അച്ഛന്റേയോ സംരക്ഷണത്തിലല്ലാതെ മൂന്നാമതൊരിടത്തേക്ക് ഹാദിയ എത്തണം. അതിനുവേണ്ടിയാണ് വിഡിയോ പുറത്തുവിട്ടതെന്നും വാർത്താസമ്മേളനത്തിൽ രാഹുൽ വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ