വൈക്കം: സുപ്രീം കോടതി നിർദേശപ്രകാരം ഹാദിയയെ ഹാജരാക്കാനായി കേരളത്തിൽ നിന്നും കൊണ്ടുപോവുക വിമാനം വഴിയായിരിക്കുമെന്ന് വൈക്കം ഡിവൈ. എസ് പിയായ കെ സുഭാഷ് അറിയിച്ചു.നവംബർ 27 സുപ്രീം കോടതിയിൽ ഹാദിയയെ ഹാജരക്കാണമെന്നായിരുന്നു സുപ്രീം കോടതി ഹാദിയയുടെ അച്ഛൻ അശോകനോട് നിർദേശിച്ചിരുന്നത്.
വൈക്കത്ത് ഹാദിയയുടെ വസതിയെലത്തിയ ഡിവൈ എസ് പി ഹാദിയയുടെ അച്ഛനുമായി സംസാരിച്ച ശേഷം മാധ്യമ പ്രവർത്തകരോട് വ്യക്തമാക്കയിതാണ് ഇക്കാര്യം. എന്നാൽ ഇത് സംബന്ധിച്ച് മറ്റ് വിവരങ്ങൾ സുരക്ഷാകാരണങ്ങളാൽ വ്യക്തമാക്കിയില്ല.
സുരക്ഷാ കാരണങ്ങൾ പരിഗണിച്ച് ഹാദിയയെ വിമാനത്തിൽ കൊണ്ടുപോകണമെന്ന് വിവിധ സാമൂഹിക, സാംസ്കാരിക പ്രവർത്തകരും സംസ്ഥാന വനിതാകമ്മീഷനും ആവശ്യപ്പെട്ടിരുന്നു. വിമാന യാത്രയുടെ ചെലവ് പൂർണമായും വഹിക്കാമെന്ന് സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈൻ അശോകനെ നേരിട്ട് അറിയിച്ചുവെങ്കിലും അശോകൻ വഴങ്ങിയിരുന്നില്ല.
ദേശീയ വനിതാ കമ്മീഷൻ കേരളത്തിലെത്തി ഹാദിയയെ സന്ദർശിക്കുകയും ഹാദിയ സന്തോഷവതിയും സ്വതന്ത്രയുമാണെന്ന് മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ ഹാദിയയെ കാണാനും ഡൽഹിയിലേയ്ക്കുളള യാത്രയുടെ ചെലവ് വഹിക്കാമെന്ന് ഉറപ്പുനൽകാനുമെത്തിയ സംസ്ഥാന വനിതാകമ്മീഷന് ഹാദിയയെ കാണാനുളള അനുമതി അച്ഛൻ അശോകൻ നിഷേധിച്ചു. നേരത്തെ സംഘപരിവാറിനെ അനുകൂലിച്ച് നിലപാടുകൾ പറയുന്ന രാഹുൽ ഈശ്വർ ഹാദിയയെ കണ്ട് ചിത്രങ്ങളും വിഡിയോയും പുറത്തുവിട്ടിരുന്നു. പിന്നീട് ബി ജെ പി സംസ്ഥാന പ്രസിഡന്ര് കുമ്മനം രാജശേഖരനും വൈക്കത്തെ വസതിയിലെത്തിയിരുന്നു.
ഹാദിയയുടെ മൊഴി അടച്ചിട്ട മുറിയിൽ കേൾക്കണമെന്ന അശോകന്രെ വാദം കഴിഞ്ഞ ദിവസം കോടതി തളളിയിരുന്നു.