ചെന്നൈ: പഠനത്തിന് സുപ്രിംകോടതി അനുമതി നല്‍കിയതിന് പിന്നാലെ ഹാദിയ സേലം ശിവരാജ് ഹോമിയോ മെഡിക്കല്‍ കോളേജിലെത്തി. വൈകിട്ട് ഏഴ് മണിയോടെയാണ് ഹാദിയ സേലത്ത് എത്തിയത്. ഉച്ചയോടെയാണ് ഡല്‍ഹി കേരള ഹൗസില്‍ നിന്നും ഹാദിയ വിമാനമാര്‍ഗം കോയമ്പത്തൂരിലെത്തിയത്. തുടര്‍ന്ന് ഇവിടെ നിന്നും കനത്ത സുരക്ഷയില്‍ സേലത്തെ കോളേജിലെത്തി.
എന്നാല്‍ ഹാദിയയ്ക്ക് നാളെ മുതല്‍ അധ്യയനം ആരംഭിക്കാനാവില്ല. സര്‍വ്വകലാശാല അനുമതി ലഭിച്ചാല്‍ മാത്രമെ പഠനം തുടരാനാവു എന്നാണ് കോളേജ് ഡയറക്ടര്‍ പറഞ്ഞു. തനിക്ക് മുഴുവന്‍ സമയ സുരക്ഷയുടെ ആവശ്യമില്ലെന്ന് ഹാദിയ വ്യക്തമാക്കി. എന്നാല്‍ തത്കാലം പൊലീസ് ഉദ്യോഗസ്ഥര്‍ കൂടെയുണ്ടാകുമെന്ന് കോളേജ് അധികൃതര്‍ പറഞ്ഞു.
ഷെഫിന്‍ ജഹാനെ കാണാന്‍ അനുമതി നല്‍കണമെന്ന് ഹാദിയ കോളേജ് അധികൃതരോട് ആവശ്യപ്പെട്ടു.
അതേസമയം സേലത്തെ കോളേജിൽ വച്ച് ഹാദിയയെ കാണാൻ ഷെഫീൻ ജഹാനെ അനുവദിക്കില്ലെന്ന് പ്രിൻസിപ്പൽ വ്യക്തമാക്കി. അച്ഛനേയും അമ്മയേയും മാത്രമേ ഹാദിയയെ കാണുന്നതിന് അനുവദിക്കുകയുള്ളുവെന്ന് സേലം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.കണ്ണൻ പറഞ്ഞു.
മറ്റ് കുട്ടികൾക്ക് നൽകുന്ന എല്ലാ സ്വാതന്ത്ര്യവും ഹാദിയയ്ക്ക് കോളേജിൽ ലഭിക്കുമെന്നും ഡോ.കണ്ണൻ അറിയിച്ചു. സുപ്രീം കോടതിയുടെ വിധിപ്പകർപ്പ് തനിക്ക് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ഷെഫീൻ ജഹാൻ സേലത്ത് എത്തിയിട്ടുണ്ട്. ഹാദിയയെ കോളേജിൽ ചെന്ന് കാണുമെന്ന് ഷെഫീൻ നേരത്തെ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ ഹാദിയയെ കാണാൻ ഷെഫീൻ ജഹാൻ ശ്രമിച്ചാൽ നിയമനടപടി സ്വീകരിക്കുമെന്ന് ഹാദിയയുടെ അച്ഛൻ അറിയിച്ചു.