ന്യൂഡല്‍ഹി: ഹാദിയയ്ക്ക് പഠനം തുടരാന്‍ സുപ്രീംകോടതി അനുമതി നല്‍കി. എന്നാല്‍ ഭര്‍ത്താവിനൊപ്പമോ രക്ഷിതാക്കള്‍ക്കൊപ്പമോ ഹാദിയയ്ക്ക് പോകാന്‍ സാധിക്കില്ല. ഇപ്പോള്‍ പഠനം തുടരണമെന്നും വിവാഹം സംബന്ധിച്ച വാദം ജനുവരി മൂന്നാം വാരം കേള്‍ക്കുമെന്നും കോടതി അറിയിച്ചു. മലപ്പുറത്ത് സുഹൃത്തിന്റെ വീട്ടില്‍ പോകണമെന്നാണ് ഹാദിയ കോടതിയോട് ആവശ്യപ്പെട്ടത്. എന്നാല്‍ സേലത്ത് കോളേജിലേക്ക് പോകാനാണ് കോടതി ഹാദിയയോട് നിര്‍ദേശിച്ചത്. ഡോക്ടറാകണമെന്ന ഹാദിയയുടെ ആഗ്രഹം പരിഗണിച്ച് ഇപ്പോള്‍ പഠിക്കുകയാണ് ചെയ്യേണ്ടതെന്നും കോടതി അറിയിച്ചു.

പഠനത്തിനും ഹോസ്റ്റൽ താമസത്തിനുമുളള ചെലവ് ആവശ്യമെങ്കിൽ കേരള സർക്കാർ വഹിക്കണെന്നും കോടതി നിർദേശിച്ചു. കേരളഹൗസില്‍ കഴിയുന്ന ഹാദിയയെ കഴിയുന്നതും വേഗം സേലം ശിവരാജ് ഹോമിയോ മെഡിക്കല്‍ കോളേജ് ഹോസ്റ്റലിലേക്ക് മാറ്റാനുളള നടപടി സര്‍ക്കാര്‍ സ്വീകരിക്കണമെന്നും കോടതി അറിയിച്ചു. ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയാക്കിയതിന് ശേഷമാണ് ഹാദിയയുടെ ഡോക്ടര്‍ പഠനം പൂര്‍ത്തിയാവുകയുളളു.

സേലം ശിവരാജ് ഹോമിയോ മെഡിക്കല്‍ കോളേജ്

കേസില്‍ അച്ഛന്‍ അശോകന്റെ വാദം തളളി തുറന്ന കോടതിയില്‍ ഹാദിയയുടെ വാദം കേള്‍ക്കുകയായിരുന്നു. സര്‍ക്കാര്‍ അഭിഭാഷകന്‍ വി.വി.ഗിരി പരിഭാഷപ്പെടുത്താന്‍ സഹായിച്ചാണ് ഹാദിയ സംസാരിച്ചത്. എന്താണ് നിങ്ങളുടെ ഭാവി സ്വപ്നമെന്ന് ജഡ്ജി ചന്ദ്രചൂഢ് ചോദിച്ചപ്പോള്‍ ‘എനിക്ക് സ്വാതന്ത്ര്യം വേണം’ എന്നാണ് ഹാദിയ പറഞ്ഞത്. പഠനം തുടരാന്‍ അനുവദിക്കണമെന്നും ഹാദിയ ആവശ്യപ്പെട്ടു. തന്റെ മുന്‍ നിലപാടില്‍ ഉറച്ച് തന്നെയാണ് ഹാദിയ കോടതിയിലും നിലകൊണ്ടത്.

സര്‍ക്കാര്‍ ചെലവില്‍ പഠനം തുടരണോ എന്ന കോടതിയുടെ ചോദ്യത്തിന് ‘വേണ്ട എന്റെ ഭര്‍ത്താവിന്റെ ചെലവില്‍ പഠിച്ചോളാം’ എന്നായിരുന്നു ഹാദിയയുടെ മറുപടി. പഠിക്കാന്‍ പോകണോ എന്ന് ചോദിച്ചപ്പോള്‍ ആദ്യം ഭര്‍ത്താവിനെ കാണാന്‍ അനുവദിക്കണമെന്നും ഹാദിയ കോടതിയോട് അപേക്ഷിച്ചു. 11 മാസമായി കടുത്ത മാനസിക സംഘര്‍ഷമാണ് നേരിടുന്നതെന്നും ഡല്‍ഹിയില്‍ സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിക്കാന്‍ അനുവദിക്കണമെന്നും കോടതിയെ അറിയിച്ചു.

Read More: ഹാദിയ കേസ്: നാളിതു വരെ

അതേസമയം തന്നെ എന്ത് കുറ്റത്തിന്റെ പേരിലാണ് കസ്റ്റഡിയില്‍ എടുത്തിരുന്നതെന്ന് ഷെഫിന്‍ ജഹാന്‍ കോടതിയോട് ചോദിച്ചു. അവള്‍ എന്ത് കുറ്റമാണ് ചെയ്തതെന്നും അദ്ദേഹത്തിന് വേണ്ടി കപില്‍ സിബല്‍ ആരാഞ്ഞു. ചില സംഘടനകളുടെ പേര് പറഞ്ഞാണ് ആരോപണമെന്നും എങ്കില്‍ അവര്‍ക്കെതിരെ അല്ലേ നടപടി എടുക്കേണ്ടതെന്നും ഷെഫിന്‍ ചോദിച്ചു.

ആരോപണവിധേയമായ സംഘടനകളെ കുറിച്ച് വിശദമായി അന്വേഷിക്കണമെന്ന് മൂന്നംഗ സുപ്രീംകോടതി ബെഞ്ച് അറിയിച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഢ്, എഎം കാന്‍വില്‍ക്കര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. അതേസമയം സമര്‍പ്പിച്ച തെളിവുകള്‍ പരിഗണിച്ച് ഹാദിയെ കേള്‍ക്കണമെന്ന് സംസ്ഥാനത്തിന് വേണ്ടി ഹാജരായ അഡ്വ. വി.വി.ഗിരി അറിയിച്ചു. ഹാദിയയെ ഇനിയും കസ്റ്റഡിയില്‍ വയ്ക്കരുതെന്നും ഹാദിയയ്ക്ക് അവരുടേതായ തീരുമാനമുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 അനുശാസിക്കുന്ന പ്രകാരം കോടതിക്ക് പുറത്തേക്ക് പോകുമ്പോള്‍ ഹാദിയ സ്വതന്ത്രമായി പോകണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് വി.വി.ഗിരി കോടതിയെ അറിയിച്ചു. കേസ് മാറ്റി വയ്ക്കുകയാണെന്ന കോടതിയുടെ ഉത്തരവില്‍ ഷെഫിന്‍ ജഹാന്റെ അഭിഭാഷകന്‍ അതൃപ്തി അറിയിച്ചു. ഹാദിയ കോടതിയിലെത്തിയിട്ടും അവരെ കേള്‍ക്കാതിരുന്നത് നീതികേടാണെന്ന് കപില്‍ സിബല്‍ പറഞ്ഞു. ഇനി നാളേയും അവര്‍ വരേണ്ടി വരുമെന്നും ഹാദിയ സ്വാധീനത്തിന് കീഴ്‍പ്പെട്ടു എന്ന് പറയുമ്പോള്‍ താന്‍ എന്ത് മറുപടി പറയാനാണെന്നും അദ്ദേഹം ചോദിച്ചു. എന്നാല്‍ ഭരണഘടന അനുശാസിക്കുന്ന രീതിയിലാണ് കോടതി മുന്നോട്ട് പോകുന്നതെന്നും കപില്‍ സിബലിന് വേണമെങ്കില്‍ കോടതിയില്‍ നിന്നും പുറത്ത് പോകാമെന്നും ചന്ദ്രചൂഢ് പറഞ്ഞു. തുടര്‍ന്ന് വൈകാരികമായ പെരുമാറ്റത്തില്‍ കപില്‍ സിബല്‍ ക്ഷമാപണം നടത്തി. ഹാദിയയെ കേള്‍ക്കില്ല എന്നല്ലെന്നും എന്നാല്‍ ഏത് ഘട്ടത്തില്‍ കേള്‍ക്കണമെന്ന് കോടതി തീരുമാനിക്കുമെന്നും ബെഞ്ച് അറിയിച്ചു. തുടര്‍ന്ന് കപില്‍ സിബലിന്റെ വാദം പരിഗണിച്ച് ഹാദിയയെ കേള്‍ക്കാന്‍ കോടതി തയ്യാറാവുകയായിരുന്നു.

സ്റ്റോക്ക് ഹോം സിന്‍ഡ്രം (തട്ടിക്കൊണ്ടു പോയ ആളോട് തോന്നുന്ന സ്നേഹം, താത്പര്യം) എന്നൊരു പ്രതിഭാസം നിലവിലുണ്ടെന്നും അത് ഈ കേസിലുണ്ടെന്ന് പറയുന്നില്ലെന്നും ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് പറഞ്ഞു. എങ്കിലും ഇത്തരം സിന്‍ഡ്രം ഉളള ആള്‍ക്ക് സ്വതന്ത്രമായ ഒരു അഭിപ്രായം ഉണ്ടെങ്കില്‍ കൂടിയും സ്വതന്ത്രമായ ഒരു തീരുമാനം എടുക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഹാദിയ സ്വാധീനത്തിന് വഴങ്ങിയിരിക്കുകയാണെന്ന് അനുമാനിച്ച് കൊണ്ട് നമ്മള്‍ ഹാദിയയോട് സംസാരിക്കണോ, അതോ അതിന് മുമ്പ് ഹാദിയയോട് സംസാരിക്കണോ എന്ന് ജസ്റ്റിസ് ദീപക് മിശ്ര ചോദിച്ചു.

ഹാദിയ കേസില്‍ അടച്ചിട്ട മുറിയില്‍ വാദം കേള്‍ക്കണമെന്ന് ഹാദിയയുടെ അച്ഛന്‍ അശോകന്റെ അഭിഭാഷകന്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടത് കോടതി തളളുകയായിരുന്നു. ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന്‍​ജഹാന് ഭീകരവാദ ബന്ധമുണ്ടെന്നും ഇയാള്‍ ഐഎസുമായി ബന്ധപ്പെട്ടതിന് തെളിവുണ്ടെന്നും അഭിഭാഷകന്‍ ഷാന്‍ ദിവാന്‍ കോടതിയെ അറിയിച്ചു. ഇതിന്റെ വീഡിയോകളും പുറത്തുവന്നിട്ടുണ്ടെന്നും വാദമുയര്‍ത്തി.

അതേസമയം കേസില്‍ എന്‍ഐയുടെ അന്വേഷണം കോടതിയലക്ഷ്യമാണെന്ന് ഷെഫിന്‍ ജഹാന്റെ അഭിഭാഷകന്‍ കപില്‍ സിബല്‍ വാദിച്ചു. ഹാദിയയുടെ വാക്കുകളല്ല, ചാനലുകളില്‍ വരുന്ന കാര്യങ്ങള്‍ മാത്രമാണ് ചര്‍ച്ച ചെയ്യുന്നത് എന്നത് ദുഖകരമായ കാര്യമാണെന്നും കപില്‍ സിബല്‍ പറഞ്ഞു. ‘ഇനി ഒരു തെറ്റായ വ്യക്തിയെ ആണ് ഹാദിയ വിവാഹം ചെയ്തതെങ്കില്‍ അത് അവരുടെ ഇഷ്ടമാണ്. അതിന്റെ അനന്തരഫലം അവര്‍ തന്നെയാണ് അനുഭവിക്കേണ്ടത്’, കപില്‍ സിബല്‍ പറഞ്ഞു.

സുരക്ഷാ കാരണങ്ങള്‍ പരിഗണിച്ച് തുറന്ന കോടതിയില്‍ വാദം കേള്‍ക്കരുതെന്നാണ് അശോകന്റെ അഭിഭാഷകന്റെ ആവശ്യപ്പെട്ടത്. കേസ് പരിഗണിക്കുമ്പോള്‍ അടച്ചിട്ട മുറിയില്‍ വാദം കേള്‍ക്കണമെന്ന് ഹാദിയയുടെ പിതാവ് അശോകനും നേരത്തേ ആവശ്യപ്പെട്ടിരുന്നുവെങ്കിലും കോടതി തളളിയിരുന്നു. ഹാദിയയെ ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിനാണ് സുപ്രീം കോടതിയില്‍ ഹാജരാക്കിയത്.

ബുള്ളറ്റ് പ്രൂഫ് വാഹനത്തിലാണ് ഹാദിയയെ കോടതിയിലെത്തിച്ചത്. ഉച്ചയ്ക്ക് 2.20ഓടെയാണ് ഹാദിയയെ താമസിപ്പിച്ചിരുന്ന കേരള ഹൗസിൽ നിന്ന് ഡൽഹി പൊലീസിന്റെ കനത്ത സുരക്ഷയിൽ കോടതിയിലേക്ക് കൊണ്ടുപോയത്.

ഹാദിയയെ കൊണ്ടുപോകുന്നതിനാൽ തന്നെ കേരളത്തിലേയും ദേശീയ മാധ്യമങ്ങളും അടക്കം വൻപട തന്നെ കേരള ഹൗസിലെത്തിയിരുന്നു. എന്നാൽ,​ മാധ്യമ പ്രവർത്തകരെ കേരള ഹൗസിലേക്ക് പ്രവേശിപ്പിച്ചില്ല. കേരള ഹൗസിന്റെ മുൻവശം മുഴുവൻ ബാരിക്കേഡ് ഉയർത്തി പൊലീസ് തടഞ്ഞിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ