scorecardresearch

Latest News
ടീസ്റ്റ സെതല്‍വാദിനെയും ആര്‍ ബി ശ്രീകുമാറിനെയും അറസറ്റ് ചെയ്ത് ഗുജറാത്ത് പൊലീസ്

ഹാദിയ കേസ് ഇതുവരെ

ഈ​ കേസ് മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുമ്പോഴും ഹാദിയയെ കാണാൻ മാധ്യമങ്ങളെ പോലും അനുവദിക്കാതിരിക്കുന്നതുമായ സാഹചര്യത്തിലാണ് സംഘപരിവാര്‍ സഹാഹാരിയായ രാഹുല്‍ ഈശ്വര്‍ ഈ വീഡിയോ പുറത്തുവിട്ടത്.

തല പര്‍ദ്ദയിട്ട് മൂടിയ ഇരുപത്തിനാലുകാരി ഹാദിയ വാതില്‍ക്കല്‍ നിന്നുകൊണ്ട് ചോദിച്ചു; ” എന്നെയിങ്ങനെയിട്ടാല്‍ ? എന്‍റെ ജീവിതം മതിയോ ? ഇതാണോ എനിക്കുള്ള ജീവിതം ? നിസ്കരിക്കുമ്പോള്‍ അച്ഛനും അമ്മയും  വഴക്കുപറയാറുണ്ടോ എന്നു ചോദിക്കൂ?  സംഘപരിവാര്‍ ആശയങ്ങളെ പിന്തുണച്ച് എത്താറുള്ള രാഹുല്‍ ഈശ്വര്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റ്‌ ചെയ്ത വീഡിയോയില്‍ കാണാം.

ഈ കേസ് എൻ ഐ എ അന്വേഷിക്കണമെന്ന് സുപ്രീം കോടതി വിധി വന്നതിന്റെ തൊട്ടടുത്ത ദിവസമാണ് രാഹുൽ ഈശ്വർ വീഡിയോ പോസ്റ്റ് ചെയ്തത്.

“എനിക്ക് പറയാനുള്ളത് എന്‍റെ പൊന്നുമകളെ തിരിച്ചുകിട്ടണം” “എല്ലാരും ഉപദേശിച്ചുകൊടുത്തതാണ് എന്‍റെ കുഞ്ഞിനെ” രാഹുല്‍ ഈശ്വറിന്‍റെ ചോദ്യങ്ങള്‍ക്ക് ഹാദിയയുടെ അമ്മ പൊന്നമ്മ ആവര്‍ത്തിച്ചു മറുപടി നല്‍കി.

ദേശീയ മാധ്യമങ്ങള്‍ ‘ഇന്ത്യയിലെ ആദ്യ “ലൗ ജിഹാദ്” കേസ്’ എന്നു വിശേഷിപ്പിച്ച രാജ്യത്തെ ഏറ്റവും വലിയ സുരക്ഷാ ഏജന്‍സിയായ ദേശീയ സുരക്ഷാ ഏജന്‍സിയുടെ പരിഗണനയിലുള്ള, മാധ്യമങ്ങള്‍ക്ക് അപ്രഖ്യാപിത വിലക്ക് നിലനില്‍ക്കുന്ന,  ഹാദിയയുടെ വീട്ടില്‍ നിന്നും കുടുംബത്തിന്റെ പൂര്‍ണ സമ്മതത്തോടെയെടുത്തത് എന്നവകാശപ്പെടുന്ന വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്  രാഹുല്‍ ഈശ്വര്‍ ആണ്.

കഴിഞ്ഞ ഡിസംബറിലാണ് ഇരുപത്തിനാലുകാരിയായ ഹാദിയ ഷഫിന്‍ ജഹാനെ വിവാഹം കഴിക്കുന്നത്. ഓഗസ്റ്റ് മാസം ഒരു മുസ്ലീം വിവാഹ സൈറ്റിലൂടെ പരിചയപ്പെട്ടതായിരുന്നു ഇരുവരും. വിവാഹത്തിനു രണ്ടു ദിവസത്തിനു ശേഷം ഹാദിയയുടെ അച്ഛന്‍ കെഎം അശോകന്‍ സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയുമായി ബന്ധപ്പെട്ടുകൊണ്ട് കോടതി ഹാദിയയോട് ഹാജരാവാന്‍ ആവശ്യപ്പെടുന്നു. ഹാദിയയുടേത് നിര്‍ബന്ധിത മത പരിവര്‍ത്തനം ആയിരുന്നു എന്നായിരുന്നു രക്ഷിതാക്കള്‍ ഉയര്‍ത്തിയ വാദം.

കോടതിയില്‍ ഹാജരായ ഹാദിയ സ്വന്തം ഇഷ്ട പ്രകാരമാണ് ഇസ്ലാം മതം സ്വീകരിച്ചത് എന്നു മൊഴി നല്‍കുന്നു. ഹാദിയയുടെ മതപരിവര്‍ത്തനം ഒരു ആസൂത്രിത പദ്ധതിയാണ് എന്നു കോടതിയില്‍ പിതാവിന് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു. ഹാദിയയെ സിറിയയിലേക്ക് കടത്തുവാനും ഇസ്ലാമിക് സ്റ്റേറ്റില്‍ അംഗമാക്കുവാനും ശ്രമമുണ്ട് എന്നും പരാതയിൽ​ ആരോപിച്ചു. അന്ന് ആ വാദത്തെ കേരളാ പൊലീസ് തള്ളികളഞ്ഞിരുന്നു. പിതാവിന്റെ വാദത്തെ  നിഷേധിച്ച ഹാദിയ താന്‍ എങ്ങോട്ടും പോകുന്നില്ലായെന്നും ഒരു ദേശവിരുദ്ധ പ്രവര്‍ത്തനത്തിലും ഏര്‍പ്പെടുന്നില്ലായെന്നും പറയുകയുണ്ടായി.

ഇതിനു പിന്നാലെ കേരളാ ഹൈകോടതി ഹാദിയയെ ഒരു ഹോസ്റ്റലിലേക്ക് അയക്കുന്നു. കോടതി വ്യവഹാരങ്ങള്‍ പതിവുപോലെ നടക്കുമ്പോഴും ഹാദിയയ്ക്ക് മറ്റുള്ളവരെ കാണുന്നതില്‍ വിലക്ക് നേരിടുന്നുണ്ടായിരുന്നു. ഹാദിയയെ വിവാഹം ചെയ്ത ഷഫിന്‍ ജഹാന്‍ കോടതി നടപടികള്‍ക്കായി മസ്കറ്റിലെ ജോലിയുപേക്ഷിക്കേണ്ടി വന്നു.

അതിനിടയില്‍ കേസില്‍ കൂടുതല്‍ അന്വേഷണം നടത്താന്‍ പൊലീസിനു കോടതി നിര്‍ദ്ദേശം വരുന്നു. അന്വേഷണത്തില്‍ ഷഫിന്‍ ജഹാനെതിരെ ക്രിമിനല്‍ കുറ്റം ചുമത്താനുള്ള ഒരു തെളിവും പോലീസിനു ലഭിച്ചില്ലായെങ്കിലും. ഷഫിന്‍ ‘എസ്‌ഡി പി​ഐ കേരളം’ എന്ന വാട്സ്ആപ്പ് ഗ്രൂപ്പിന്‍റെ അഡ്മിന്‍ ആണ് എന്നും ഇതിന് പുറമെ  ‘തണല്‍’ എന്ന മറ്റൊരു  വാട്സപ്പ് ഗ്രൂപ്പിലും ഷഫിൻ  അംഗമാണെന്നും ഈ​രണ്ട് ഗ്രൂപ്പിലും  ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെട്ടു അറസ്റ്റിലായ മാന്‍സി ബുറാക്കി  അംഗമാണ് എന്നും പൊലീസ് റിപ്പോര്‍ട്ട്‌ നല്‍കുന്നു. ബുറാക്കിയ്ക്ക് ഐസിസിനോടുള്ള ബന്ധം പുറത്തുവന്നയുടനെ തന്നെ ബുറാക്കിയയയെ താൻ അഡ്‌മിനായ   ഗ്രൂപ്പില്‍ നിന്നും  തണൽ എന്ന ഗ്രൂപ്പിൽ നിന്നും പുറത്താക്കിയതായി  ഷഫിന്‍ കോടതിക്ക്  വിശദീകരണം നല്‍കുന്നു. വാട്സപ്പ് ഗ്രൂപ്പിലൂടെ മാത്രമേ തനിക്ക് ബുറാക്കിയെ അറിയുകയുള്ളൂ എന്നും തനിക്ക്  ബുറാക്കിയുമായി   നേരിട്ടുള്ള പരിചയമില്ല എന്നും ഷഫിന്‍ കോടതിയെ ബോധിപ്പിക്കുന്നു.

ഇതിനുപിറകെ ഹാദിയയുടേയും ഷഫിന്‍ ജഹാന്റെയും വിവാഹം റദ്ദാക്കികൊണ്ട് കേരളാ ഹൈക്കോടതി വിധിപുറപ്പെടുവിക്കുന്നു. ” വിവാഹം എന്നത് അഖിലയുടെ (ഹാദിയയുടെ മുന്‍ പേര്) ജീവിതത്തിലെ സുപ്രധാന തീരുമാനം ആണ് എന്നും അത് അവരുടെ രക്ഷിതാക്കളുടെ സാന്നിദ്ധ്യത്തില്‍ മാത്രമേ നടക്കാവൂ” എന്നും കോടതിവിധിയില്‍ പരാമര്‍ശം. രക്ഷിതാക്കള്‍ക്ക് ഹാദിയയെ ഒപ്പം  കൊണ്ടുപോകാൻ കോടതി  അനുമതി നൽകി.

ഹൈക്കോടതി വിധി വന്നപ്പോൾ ​ എസ് ഡി പി ഐയുടെയും ചില മുസ്‌ലിം സംഘടനകളുടെയും നേതൃത്വത്തിൽ​ഹൈക്കോടതി മാർച്ച് നടന്നു. ഈ​ മാർച്ച് പൊലീസ് ലാത്തി ചാർജിൽ കലാശിച്ചു. തുടർന്ന് അടുത്ത ദിവസം ഹർത്താലും നടത്തി.

കോടതിനിര്‍ദ്ദേശ പ്രകാരം കോട്ടയം പൊലീസിന്‍റെ കാവലോടെയാണ് അന്നുമുതല്‍ ഹാദിയ വീട്ടില്‍ കഴിയുന്നത്. കോടതി വിധിയില്‍ ഖേദം രേഖപ്പെടുത്തിയ ഹാദിയ “ഞാനൊരു ഇരുപത്തിയഞ്ച് വയസ്സുള്ള ഇന്ത്യന്‍ പൗരയാണ്. എന്തിനാണ് കഴിഞ്ഞ അഞ്ചുമാസമായി കോടതി എന്നെ വീട്ടുതടങ്കലില്‍ വച്ചിരിക്കുന്നത്? എന്‍റെ വിശ്വാസങ്ങള്‍ക്കും ഇഷ്‌ടങ്ങൾക്കും  അനുസരിച്ച് ജീവിക്കാന്‍ കോടതിഎന്നെ അനുവദിക്കാത്തത് എന്തുകൊണ്ടാണ് ?” എന്നും മെയ് മാസത്തില്‍ മാധ്യമങ്ങള്‍ക്കയച്ച കത്തില്‍ ചോദിച്ചു.

ഷഫിന്‍ ജഹാന്‍ വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നൽകി. ഷഫിന്‍ ജഹാനെക്കുറിച്ച് നടത്തിയ അന്വേഷണങ്ങളുടെ റിപ്പോര്‍ട്ട്‌ ദേശീയ അന്വേഷണ ഏജന്‍സിയ്ക്ക് കൈമാറാന്‍ കേരളാ പൊലീസിനോട്‌ പരമോന്നത കോടതി ആവശ്യപ്പെടുന്നു. ” ഹാദിയ കേസ് ഒറ്റപ്പെട്ടതാണോ.. അല്ലെങ്കില്‍ ഇതിനു കൂടുതല്‍ വ്യാപ്തിയുള്ള മറ്റൊരു തലമുണ്ടോ..” എന്നന്വേഷിക്കാന്‍ ആണ് സുപ്രീംകോടതി ബെഞ്ച്‌ നിര്‍ദ്ദേശിച്ചത്.

ഹാദിയയുമായുള്ള ബന്ധം പൂര്‍ണമായി വിച്ഛേദിക്കപ്പെട്ട ഷഫിന്‍ ജഹാന്‍ തങ്ങളെ കത്തില്‍ കൂടി പോലും ബന്ധപ്പെടാന്‍ അനുവദിക്കുന്നില്ല എന്ന പരാതിയുയര്‍ത്തുന്നു. ” അവള്‍ക്കയച്ച കത്തുകള്‍ ‘രക്ഷിതാക്കള്‍ നിഷേധിച്ചു’ എന്ന വിശദീകരണത്തോടെ മടങ്ങി വരികയായിരുന്നു. ഒരുതവണ അവളെ കാണുവാനായി ടിവി പുരം വരെ ചെന്നിരുന്നുവെങ്കിലും പൊലീസ് എന്നെ വീട്ടില്‍ പ്രവേശിപ്പിച്ചില്ല ” ഷഫിന്‍ ജഹാന്‍ പറഞ്ഞു. പ്രായപൂര്‍ത്തിയായ ഹാദിയയ്ക്ക് സ്വന്തം ഇഷ്ടപ്രകാരം വിശ്വാസം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം കൂടി നിലനില്‍ക്കുന്നില്ല എന്നും ഷഫിന്‍ പരാതിപ്പെടുന്നു. ” വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചുകൊണ്ട്‌ അവളെ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്താന്‍ ശ്രമം നടക്കുകയാണ്. അതുകൊണ്ടാണ് ഹാദിയയെ സംസാരിക്കാന്‍ അനുവദിക്കാത്തത്. അവള്‍ ഇപ്പോഴും എന്‍റെ ഭാര്യയാണ്” ഷഫിന്‍ പറഞ്ഞു.

താനും തന്‍റെ ഭാര്യയും ചെയ്ത കുറ്റം എന്താണ് എന്നു കോടതി വിശദീകരിക്കണം എന്നുപറഞ്ഞ ഷഫിന്‍ ” അവള്‍ അവളുടെ താത്പര്യത്തിനനുസരിച്ചാണ് ഒരു ജീവിത പങ്കാളിയേയും വിശ്വാസത്തേയും സ്വീകരിക്കുന്നത്. അതാണോ അവള്‍ ചെയ്ത തെറ്റ് ” എന്ന് ചോദിക്കുന്ന ഷഫിന്‍.

“വിവാഹത്തിനു ശേഷവും രണ്ടേരണ്ടു ദിവസമാണ് എന്നെ എന്‍റെ ഭാര്യയോടൊപ്പം കഴിയാന്‍ അനുവദിച്ചത്, ” എന്നും പറഞ്ഞു.

ഹാദിയയെ മാധ്യമങ്ങളേയും മനുഷ്യാവകാശപ്രവര്‍ത്തകരെയും കാണുന്നതില്‍ നിന്നും വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്.  ഇങ്ങനെ പുറംലോകവുമായി ബന്ധപ്പെടാൻ അനുവദിക്കപ്പെടാതെ കഴിയുന്ന ഹാദിയയെയാണ്  രാഹുല്‍ ഈശ്വര്‍  വീട്ടിലെത്തി കണ്ടത്. ഈ​ കേസ് മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുമ്പോഴും ഹാദിയയെ കാണാൻ മാധ്യമങ്ങളെ പോലും അനുവദിക്കാതിരിക്കുന്നതുമായ സാഹചര്യത്തിലാണ് രാഹുല്‍ ഈശ്വര്‍ ഈ വീഡിയോ പുറത്തുവിട്ടത്. ഇതിനൊപ്പം രാഹുൽ എടുത്ത സെൽഫിസഹിതമാണ്  ഫെയ്‌സ് ബുക്ക് പോസ്റ്റ്. രാഹുൽ പുറത്തു വിട്ടിരിക്കുന്ന   വീഡിയോയിൽ  ഹാദിയ, അച്ഛൻ, അമ്മ, പൊലീസുകാരി എന്നിവരെയും കാണാം.

 

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Hadiya case until now