ന്യൂഡൽഹി: ഹാദിയ കേസില്‍ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) അന്വേഷണം വേണ്ടെന്ന് അറിയിച്ച് കേരളം സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകി. കേസ് എൻ.ഐ.എ അന്വേഷിക്കേണ്ട കുറ്റങ്ങളില്ലെന്നും സർക്കാർ വ്യക്തമാക്കി. എന്‍ഐഎ അന്വേഷണം വേണമെങ്കില്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിക്കുമായിരുന്നു. കേസ് കേരള പൊലീസ് അന്വേഷിച്ചിരുന്നു. കേസിന്റെ വിവരങ്ങളും അന്വേഷണ റിപ്പോര്‍ട്ടും എന്‍ഐഎയ്ക്ക് കൈമാറണമെന്ന് സുപ്രിംകോടതി ഉത്തരവിട്ടത് കൊണ്ടാണ് അപ്രകാരം ചെയ്തതെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചു.

കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമാണ്. എൻഐഎ അന്വേഷിക്കേണ്ട കുറ്റങ്ങളൊന്നും സംഭവത്തിൽ കണ്ടെത്തിയിട്ടില്ലെന്നും സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കി. അതേസമയം എൻഐഎ അന്വേഷണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ഹാദിയയുടെ അച്ഛന്‍ സുപ്രീം കോടതിയെ സമീപിച്ചു. തനിക്കും കുടുംബത്തിനും മതിയായ സുരക്ഷ ഉറപ്പു വരുത്തണമെന്നും കോടതിയിൽ നൽകിയ ഹർജിയിൽ ഹാദിയയുടെ അച്ഛൻ ആവശ്യപ്പെട്ടു.

മെയ് 24നാണ് ഹാദിയയും ഷെഫിനും തമ്മിലുള്ള വിവാഹം ഹൈക്കോടതി റദ്ദാക്കിയത്. ഹിന്ദുവായിരുന്ന അഖില മതം മാറി ഹാദിയ എന്ന പേര് സ്വീകരിക്കുകയും ഷെഫിനെ വിവാഹം കഴിക്കുകയുമായിരുന്നു. മകളെ നിര്‍ബന്ധിച്ച് മതം മാറ്റിയതാണെന്ന് ആരോപിച്ച് പിതാവ് അശോകന്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു ഹൈക്കോടതി ഉത്തരവ്. മാതാപിതാക്കളുടെ അനുമതി ഇല്ലാത്ത വിവാഹം അംഗീകരിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി വിവാഹം അസാധുവാക്കിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ