ന്യൂഡൽഹി: ഭർത്താവിനൊപ്പം മുസ്‌ലിമായി ജീവിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹാദിയ സമർപ്പിച്ച ഹർജിയിൽ സുപ്രീം കോടതി ഇന്ന് വാദം കേൾക്കും. കേസ് പരിഗണിക്കുന്നത് നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഹാദിയയുടെ അച്ഛൻ അശോകൻ സമർപ്പിച്ച ഹർജി കോടതി തളളി. അച്ഛനും അമ്മയ്ക്കും ദേശീയ അന്വേഷണ ഏജൻസിക്കും എതിരെ അതിരൂക്ഷമായ കുറ്റപ്പെടുത്തലുകളാണ് ഹാദിയയുടെ ഹർജിയിലുളളത്.

താൻ മുസ്‌ലിമാണ്, മുസ്‌ലിമായി ജീവിക്കാൻ അനുവദിക്കണം എന്നാവശ്യപ്പെട്ടാണ് ഹാദിയ ഹർജി സമർപ്പിച്ചത്. സ്വന്തം ഇഷ്ടപ്രകാരമാണ് മതം മാറിയതെന്നും ഷെഫിൻ ജഹാനെ വിവാഹം കഴിച്ചതെന്നുമാണ് ഹാദിയ ഹർജിയിൽ ചൂണ്ടിക്കാട്ടിയത്. അതേസമയം, ഹാദിയയുടെ മതം മാറ്റത്തെയല്ല എതിർത്തതെന്നും വിവാഹത്തിന് പിന്നിൽ തീവ്രവാദ ബന്ധവും താത്പര്യവുമാണെന്നും അശോകൻ കുറ്റപ്പെടുത്തിയിരുന്നു.

താൻ അനുഭവിച്ച പീഡനങ്ങൾക്ക് നഷ്ടപരിഹാരവും ഹാദിയ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ സേലത്ത് മെഡിക്കൽ വിദ്യാഭ്യാസം തുടരുകയാണ് ഹാദിയ. ഇവിടെയെത്തി ഷെഫിൻ ജഹാൻ, ഹാദിയയെ കാണാറുണ്ട്. ഇതിനെതിരെയും അശോകൻ കോടതിയെ സമീപിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ