ന്യൂഡൽഹി: മതപരിവർത്തനവുമായി ബന്ധപ്പെട്ട് വിവാദത്തിലായ ഹാദിയ കേസ് ഇന്ന് വീണ്ടും സുപ്രീം കോടതിയിൽ. അതേസമയം മകളുടെ മനോനില തകരാറിലാണെന്നതടക്കം ഗുരുതരമായ ആരോപണങ്ങളാണ് ഹാദിയയുടെ അച്ഛൻ അശോകൻ ഇന്ന് കോടതിയിൽ ഉയർത്തുക.
മതപരിവർത്തനം സ്വന്തം ഇഷ്ടപ്രകാരം ആയിരുന്നുവെന്നാണ് ഹാദിയ മാധ്യമപ്രവർത്തകരോട് വ്യക്തമാക്കിയത്. ഈ സാഹചര്യത്തിൽ സുപ്രീം കോടതിയിലും ഇതേ നിലപാട് തന്നെ ഹാദിയ സ്വീകരിച്ചേക്കും. ഷെഫിൻ ജഹാനെ ഹാദിയ വിവാഹം ചെയ്തതടക്കം ഉള്ള കാര്യങ്ങളിൽ ഹൈക്കോടതി നിരീക്ഷണങ്ങളെ നിശിതമായാണ് ഒരു മാസം മുൻപ് സുപ്രീംകോടതി വിമർശിച്ചത്.
ഇന്ന് വൈകിട്ട് മൂന്ന് മണിക്കാണ് സുപ്രീം കോടതിയിൽ ഹാദിയ നേരിട്ട് ഹാജരാവുക. കേസിൽ ഹാദിയയുടെ അച്ഛൻ, ദേശീയ വനിത കമ്മിഷൻ, ദേശീയ അന്വേഷണ ഏജൻസി എന്നിവരുടെ വാദം കൂടി പരമോന്നത കോടതി കേൾക്കും.