ന്യൂഡൽഹി: വിവാദമായ ഹാദിയ കേസിൽ വിവാഹം റദ്ദ് ചെയ്ത കേരള ഹൈക്കോടതി വിധിക്കെതിരായ ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ഹാദിയയെ വിവാഹം ചെയ്ത ഷെഫിൻ ജഹാന് ഭീകര ബന്ധം ആരോപിച്ച് ഹാദിയയുടെ അച്ഛൻ അശോകൻ സമർപ്പിച്ച ഹർജിയും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഇന്ന് പരിഗണിക്കും.

ഷെഫിൻ ജഹാന് എതിരായ പ്രാഥമികാന്വേഷണ റിപ്പോർട്ട് കഴിഞ്ഞ ദിവസം ദേശീയ അന്വേഷണ ഏജൻസി മുദ്രവച്ച കവറിൽ സുപ്രീം കോടതിയിൽ സമർപ്പിച്ചിരുന്നു. അതേസമയം റിട്ടയേര്‍ഡ് ജഡ്ജിയുടെ മേല്‍നോട്ടമില്ലാതെ അന്വേഷണം തുടരുന്ന എന്‍ഐക്കെതിരെ കോടതി അലക്ഷ്യ നടപടി എടുക്കണമെന്ന് ഷെഫിന്‍ ജഹാന്‍റെ അഭിഭാഷകർ ഇന്ന് ആവശ്യപ്പെട്ടേക്കും.

ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ വിവാഹം റദ്ദ് ചെയ്യാന്‍ ഹൈക്കോടതിക്ക് അധികാരമുണ്ടോ എന്നാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ച് പരിശോധിക്കുക. വിവാഹം റദ്ദ് ചെയ്ത ഹൈക്കോടതി നിലപാട് തെറ്റാണെന്ന് സംസ്ഥാനം സുപ്രീം കോടതിയിൽ നിലപാടെടുത്തിട്ടുണ്ട്.

ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധം ആരോപിച്ച് എന്‍ഐഎ ഒക്ടോബറിൽ അറസ്റ്റ് ചെയ്ത മന്‍സി ബുറാഖുമായി ഷെഫിന്‍ ജഹാന് ബന്ധമുണ്ടെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം ഹാദിയയുടെ അച്ഛന്‍ അശോകന്‍ സുപ്രീം കോടതിയിൽ ഹർജി നൽകിയിരുന്നു. ഇരുവരും സാമൂഹ്യമാധ്യമങ്ങളില്‍ നടത്തിയ സംഭാഷണങ്ങളുടെ രേഖയും തെളിവായി കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇതും ഇന്ന് കോടതിയുടെ പരിഗണനക്ക് വന്നേക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ