ന്യൂഡൽഹി: പഠനം തുടരാൻ ഹാദിയ ഇന്ന് സേലത്തേക്ക് പുറപ്പെടും. സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് നടപ്പിലാക്കാനുള്ള തിരക്കിലാണ് സംസ്ഥാന സർക്കാർ. ഇന്നലെ രാത്രി വൈകിയാണ് സുപ്രീംകോടതിയുടെ ഉത്തരവിന്റെ പകർപ്പ് കിട്ടിയത്. ഹാദിയക്ക് സേലത്തേക്ക് പോകാനുള്ള വിമാന ടിക്കറ്റ് കേരള ഹൗസ് അധികൃതർ ബുക്ക് ചെയ്തിട്ടുണ്ട്. ഹാദിയയുടെ അച്ഛനും അമ്മയും ഹാദിയക്കൊപ്പം സേലത്തേക്ക് പോകാൻ സാധ്യതയുണ്ട്.
വിവാദമായ ഹാദിയ കേസിൽ സുപ്രധാനമായ ഉത്തരവാണ് സുപ്രീംകോടതി ഇന്നലെ പുറപ്പെടുവിച്ചത്. ഭര്‍ത്താവിനൊപ്പമോ രക്ഷിതാക്കള്‍ക്കൊപ്പമോ ഹാദിയയ്ക്ക് പോകാന്‍ കോടതി അനുമതി നല്‍കിയിട്ടില്ല. ഇപ്പോള്‍ പഠനം തുടരണമെന്നും വിവാഹം സംബന്ധിച്ച വാദം ജനുവരി മൂന്നാം വാരം കേള്‍ക്കുമെന്നും കോടതി അറിയിച്ചു. മലപ്പുറത്ത് സുഹൃത്തിന്റെ വീട്ടില്‍ പോകണമെന്നാണ് ഹാദിയ കോടതിയോട് ആവശ്യപ്പെട്ടത്. എന്നാല്‍ സേലത്ത് കോളേജിലേക്ക് പോകാനാണ് കോടതി ഹാദിയയോട് നിര്‍ദേശിച്ചത്. ഡോക്ടറാകണമെന്ന ഹാദിയയുടെ ആഗ്രഹം പരിഗണിച്ച് ഇപ്പോള്‍ പഠിക്കുകയാണ് ചെയ്യേണ്ടതെന്നും കോടതി നിർദ്ദേശിച്ചിരുന്നു.
ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയാക്കിയതിന് ശേഷം മാത്രമേ ഹാദിയയുടെ ഡോക്ടര്‍ പഠനം പൂര്‍ത്തിയാവുകയുളളു.
കോളേജിനോട് ഹാദിയയ്ക്ക് ഹോസ്റ്റല്‍ സൗകര്യം ഒരുക്കാന്‍ ആവശ്യപ്പെട്ടു.