ന്യൂഡൽഹി: ഹാദിയയുടെ മൊഴി അടച്ചിട്ട കോടതിയിൽ കേൾക്കണമെന്ന് ആവശ്യപ്പെട്ട് അച്ഛൻ അശോകൻ സുപ്രീംകോടതിയിൽ അപേക്ഷ നൽകി. നിർബന്ധിത മതപരിവർത്തനമാണ് നടന്നതെന്നും പോപ്പുലർഫ്രണ്ട് വനിത വിഭാഗം നേതാവ് സൈനബയെ സുപ്രീംകോടതി വിളിച്ച് വരുത്തണമെന്നും അശോകൻ അപേക്ഷയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഹാദിയയെ മതപരിവർത്തനം നടത്തിയത് സൈനബയാണെന്നും അശോകൻ ആരോപിക്കുന്നുണ്ട്. ഈ മാസം 27നാണ് സുപ്രീംകോടതി ഹാദിയയുടെ മൊഴി എടുക്കുന്നത്.

ഈ മാസം 27 നാണ് ഹാദിയയെ സുപ്രീംകോടതിയിൽ ഹാജരാക്കുന്നത്. ഹാദിയയുടെ വാക്കുകൾ കേൾക്കണമെന്ന് സുപ്രീംകോടതി തീരുമാനിച്ചിരുന്നു. ഇതേ തുടർന്നാണ് ഹാദിയയെ കോടതിയിൽ ഹാജരാക്കാൻ അച്ഛൻ അശോകനോട് സുപ്രീംകോടതി ഉത്തരവിട്ടത്. അതേസമയം കോടതിയിൽ ഹാജരാക്കുന്നതിന് മുൻപ് എൻഐഎ വീണ്ടും ഹാദിയയുടെ മൊഴി എടുത്തിരുന്നു. ഇത് രണ്ടാം തവണയാണ് എൻഐഎ ഹാദിയയുടെ മൊഴിയെടുത്തത്. 2 ദിവസം കൊണ്ടാണ് അന്വേഷണ സംഘം ഹാദിയയുടെ മൊഴി എടുത്തത്.

ഇന്നലെ വീടിനുളളിലാക്കിയിരിക്കുന്ന ഹാദിയയെ കാണാൻ വൈക്കത്തെ ഹാദിയയുടെ വസതിയിലെത്തി വനിതാ കമ്മീഷന് പിതാവ് അശോകൻ അതിനുളള അനുമതി നിഷേധിച്ചു. വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈൻ അശോകന്രെ വസതിയിൽ എത്തിയെങ്കിലും മകളെ കാണാൻ ആരെയും അനുവദിക്കില്ലെന്ന് അശോകൻ വ്യക്തമാക്കിയെന്ന് കമ്മീഷൻ അറിയിച്ചു.

ഇതേ സമയം ഈ മാസം ആറാം തിയതി ദേശീയ വനിതാകമ്മീഷൻ അധ്യക്ഷ രേഖാ ശർമ്മയ്ക്ക് ഹാദിയയെ കാണാൻ അനുമതി നൽകിയിരുന്നു. ഹാദിയ അച്ഛന്രെ സംരക്ഷണയിൽ പൂർണ സുരക്ഷിതയാണന്നും സ്വതന്ത്രയാണെന്നുമാണ് രേഖാശർമ്മ മാധ്യമങ്ങളോട് പറഞ്ഞത്. അതിന് ശേഷം രണ്ടാഴ്ചയ്ക്കുളളിൽ ഹാദിയയെ കാണാനെത്തിയ സംസ്ഥാന വനിതാകമ്മീഷനാണ് അച്ഛൻ അശോകൻ അനുമതി നിഷേധിച്ചത്.

ഹാദിയയെ സുപ്രീം കോടതിയിൽ ഹാജരാക്കുന്ന യാത്ര വിമാനത്തിലാക്കണമെന്നും യാത്രയുടെ സുരക്ഷാകാര്യങ്ങളെ കുറിച്ച് അന്വേഷിക്കാനുമാണ് നേരിട്ടെത്തിയതെന്ന്  വനിതാ കമ്മീഷൻ അറിയിച്ചു. മാത്രമല്ല, വിമാനയാത്രയുടെ ചെലവ് വനിതാ കമ്മീഷൻ വഹിക്കാമെന്നും കമ്മീഷൻ അധ്യക്ഷ പറഞ്ഞു. എന്നാൽ യാത്രയുടെ വിശദാംശങ്ങൾ വെളിപ്പെടുത്താനാവില്ലെന്നും കമ്മീഷൻ യാത്ര ചെലവ് നൽകേണ്ടതില്ലെന്നും ഹാദിയയുടെ പിതാവ് അശോകൻ പറഞ്ഞുവെന്ന് കമ്മിഷൻ അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.