ന്യൂഡല്‍ഹി: ഭരണഘടനാ ബെഞ്ചിലെ രണ്ട് ജഡ്ജിമാർക്ക് എച്ച്1എന്‍1 ബാധിച്ചതുകാരണം ശബരിമല പുനഃപരിശോധന ഹര്‍ജി വാദം മാറ്റിവച്ചു. ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച് കൊണ്ടുള്ള സുപ്രീംകോടതി ഭരണഘടനാ ബഞ്ചിന്റെ വിധിക്കെതിരായ പുനഃപരിശോധന ഹര്‍ജികളില്‍ പരിഗണിക്കുന്ന ഏഴംഗ വിശാല ബഞ്ചിലെ ജഡ്ജിമാര്‍ക്കാണ് എച്ച്1എന്‍1 ബാധിച്ചത്.
സുപ്രീംകോടതിയില്‍ ആറ് ജഡ്ജിമാർക്ക് എച്ച്1എന്‍1 ബാധിച്ചിട്ടുണ്ട്. ആറ് പേര്‍ക്ക് പനി ബാധിച്ച കാര്യം ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢാണ് അറിയിച്ചത്. ഷഹീന്‍ ബാഗ് കേസില്‍ വാദം കേള്‍ക്കാന്‍ ഒരു ജഡ്ജി എച്ച്1എന്‍1 ബാധിച്ചിട്ടും വാദം കേള്‍ക്കാന്‍ എത്തി. പിന്നീട് കേസ് മാറ്റിവച്ചു. മറ്റൊരു കേസില്‍ ജസ്റ്റിസ് സഞ്ജീവ് ഖന്ന മാസ്‌ക് ധരിച്ചാണ് എത്തിയത്.
Read Also: ഇന്ത്യയും അമേരിക്കയും മൂന്നു ധാരണാപത്രങ്ങളിൽ ഒപ്പുവച്ചു
ജഡ്ജിമാരുടെ പനി കേസുകളുടെ വാദം കേള്‍ക്കുന്നതിനെ ബാധിച്ചതിനെത്തുടര്‍ന്ന് ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ദെ വിഷയം ചര്‍ച്ച ചെയ്യാന്‍ ജഡ്ജിമാരുടെ യോഗം വിളിച്ചു. ജഡ്ജിമാര്‍ക്കും കോടതി ജീവനക്കാര്‍ക്കും പ്രതിരോധ കുത്തിവയ്പ് എടുക്കാനുള്ള നിര്‍ദ്ദേശം യോഗത്തിലുണ്ടായി.
ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശനം നൽകുന്ന മുൻ വിധിയുമായി ബന്ധപ്പെട്ട കേസിൽ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഒമ്പതംഗ ബഞ്ചാണ് വാദം കേൾക്കുന്നത്. മത സ്വാതന്ത്രവുമായി ബന്ധപ്പെട്ട ഭരണഘടന അവകാശങ്ങളിൽ കോടതിക്ക് എത്രത്തോളം ഇടപെടാം എന്നതുൾപ്പടെയുള്ള ചോദ്യങ്ങളാണ് വിശാലബെഞ്ച് പരിഗണിക്കുന്നത്.
ഭരണഘടന പ്രകാരമുള്ള മതസ്വാതന്ത്ര്യത്തിന്റെ പരിധി എന്താണ് ? 25–ാം അനുച്ഛേദത്തിൽ പറഞ്ഞിട്ടുള്ള ധാർമികതയുടെ അർഥം എന്താണ്? പ്രത്യേക മതവിഭാഗങ്ങളുടെ അവകാശങ്ങളും മൗലികാവകാശങ്ങളും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു? മതസ്വാതന്ത്ര്യവും പ്രത്യേക മതവിഭാഗങ്ങളുടെ സ്വാതന്ത്ര്യവും തമ്മിലുള്ള ബന്ധം, മതവിശ്വാസവുമായി ബന്ധപ്പെട്ട് പൊതുതാൽപ്പര്യ ഹർജി നൽകുന്നത് ശരിയോ? എന്നീ വിഷയങ്ങളാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്.
ശബരിമലയിലെ സ്ത്രീപ്രവേശന വിലക്കിനെ സുപ്രീം കോടതിയിൽ ന്യായീകരിക്കാനാണ് കേന്ദ്ര സർക്കാർ തീരുമാനം. രാജ്യത്തെ പല ക്ഷേത്രങ്ങളിലും വിശ്വാസവുമായി ബന്ധപ്പെട്ട ആചാരങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഇത്തരം ആചാരങ്ങള്‍ ജുഡീഷ്യല്‍ പരിശോധനയ്ക്ക് വിധേയമാക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെടും.