കോഴിക്കോട്: കാരശേരി ആനയാംകുന്ന് മേഖലയിൽ പടർന്ന് പിടിച്ചത് എച്ച്1എൻ1 വൈറസാണെന്ന് സ്ഥിരീകരണം. മണിപ്പാൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിലാണ് രോഗ സാനിധ്യം കണ്ടെത്തിയത്. അഞ്ച് പേരുടെ പരിശോധന ഫലമാണ് പുറത്ത് വന്നിരിക്കുന്നത്.

ആനയാംകുന്ന് ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപകരിലും വിദ്യാർഥികളിലും വ്യാപകമായി പനി പടർന്ന് പിടിച്ചത്. ഇവിടെ നിന്നുമുള്ള ഒരു അധ്യാപികയുടെയും നാല് വിദ്യാർഥികളുടെ പരിശോധന ഫലത്തിൽ നിന്നുമാണ് എച്ച്1എൻ1 സാനിധ്യം സ്ഥിരീകരിച്ചത്. ആകെ ഏഴ് പേരുടെ രക്ത സാംപിളുകളാണ് മണിപ്പാലിലേക്ക് പരിശോധനയ്ക്കായി അയച്ചിരുന്നു.

കോഴിക്കോട് ആനയാംകുന്ന് മേഖലയില്‍ 210 പേരാണ് ദിവസങ്ങള്‍ക്കുള്ളില്‍ പനിക്ക് ചികിത്സ തേടിയത്. ഇന്ന് മാത്രം 34 പേര്‍ ചികിത്സ തേടിയതായാണ് കണക്ക്. പനി പടരുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്. 163 വിദ്യാര്‍ഥികള്‍ക്കും 13 അധ്യാപകര്‍ക്കുമാണ് ആദ്യം പനി ബാധിച്ചത്. പിന്നീട് ഒരോ ദിവസവും എണ്ണം കൂടിവരികയായിരുന്നു.

പനി പടരുന്ന സാഹചര്യത്തിൽ സ്കൂളിന് രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം പുതിയ സാഹചര്യത്തില്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.