മലപ്പുറം: എആര്‍ ക്യാമ്പിലെ ആറ് പൊലീസുകാര്‍ക്ക് എച്ച് 1 എന്‍ 1 സ്ഥിരീകരിച്ചു. മലപ്പുറം പാണ്ടിക്കാട് എആര്‍ ക്യാമ്പിലാണ് എച്ച് 1 എന്‍ 1 സ്ഥിരീകരിച്ചിരിക്കുന്നത്. കണ്ണൂരിലെ തിരഞ്ഞെടുപ്പ് ജോലി കഴിഞ്ഞ് ക്യാമ്പിലെത്തിയവരിലാണ് രോഗം കണ്ടെത്തിയത്.
ക്യാമ്പിലെ നൂറോളം പേർക്ക് പനി ബാധിച്ചതിനെ തുടർന്ന് മണിപ്പാലിൽ നടത്തിയ പരിശോധനയിലാണ് എച്ച് 1 എന്‍ 1 ആണെന്ന് കണ്ടെത്തിയത്. പത്ത് പേരുടെ സാമ്പിൾ പരിശോധിച്ചപ്പോഴാണ് ആറ് പേരിൽ എച്ച് 1 എൻ 1 കണ്ടെത്തിയത്. കൂടുതൽ പേരിലേക്ക് രോഗം പടർന്നിരിക്കാമെന്നാണ് പ്രാഥമിക നിഗമനം.
Read More: പനി അവഗണിച്ച് എസ്എസ്എൽസി പരീക്ഷയ്ക്ക് എത്തി; വിദ്യാർത്ഥിനി കുഴഞ്ഞ് വീണ് മരിച്ചു
എച്ച് 1 എൻ 1 ലക്ഷണങ്ങൾ എന്തൊക്കെ
സാധാരണ പകർച്ചപ്പനിക്ക് ഉള്ള അതേ ലക്ഷണങ്ങൾ തന്നെയാണ് പന്നിപ്പനിക്കും.
ശരീരത്തിൽ കുളിര് അനുഭവപ്പെടുക
പനി
ചുമ
തൊണ്ടവേദന
മൂക്കൊലിപ്പ്, മൂക്കടപ്പ്
ശരീരവേദന
തളർച്ച
വയറിളക്കം
ഓക്കാനം, ഛർദി എന്നിവയാണ് ലക്ഷണങ്ങൾ.
Read More: പെരിയ നവോദയ വിദ്യാലയത്തിൽ അഞ്ച് കുട്ടികൾക്ക് എച്ച്1എൻ1
അസുഖം വന്നാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ
ധാരാളം വിശ്രമിക്കുക. നിർജ്ജലീകരണം തടയാൻ ധാരാളം ശുദ്ധജലം കുടിക്കുക. സൂപ്പുകളും ശുദ്ധമായ ജ്യൂസുകളുമാണ് കൂടുതൽ നല്ലത്. ചുടുള്ള പാനീയങ്ങൾ ക്രമമായി നിരന്തരം കുടിക്കാം. ഉപ്പു ചേർത്ത കട്ടിയുള്ള കഞ്ഞിവെള്ളം, നാരങ്ങാവെള്ളം, ഇളനീർ എന്നിവയാണ് കൂടുതൽ നല്ലത്. നന്നായി വേവിച്ച മൃദുവായ പോഷകാഹാരങ്ങൾ കഴിക്കുക, ചുറ്റുവട്ടത്ത് ലഭ്യമായ പഴങ്ങളും ചെറിയ അളവിൽ ഇടവിട്ട് തുടർച്ചയായി കഴിക്കാം.
എച്ച് 1 എൻ 1 പ്രതിരോധം
അസുഖത്തെ പ്രതിരോധിക്കാനായി ഇടക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കൈകള്‍ കഴുകി അണുവിമുക്തമാക്കണം. മൂക്ക്, വായ, കണ്ണുകള്‍ എന്നിവ സ്പര്‍ശിക്കാതിരിക്കുക. ചുമക്കുമ്പോഴും തുമ്മുമ്പോഴും മൂക്കും വായയും പൊത്തിപ്പിടിക്കുക.