തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിനു മഹീന്ദ്ര കമ്പനി വഴിപാടായി നൽകിയ ഥാർ ജീപ്പ് റെക്കോർഡ് തുകയ്ക്ക് ലേലം ചെയ്തു. ദുബായിൽ വ്യവസായിയായ വിഘ്നേഷ് വിജയകുമാർ 43 ലക്ഷം രൂപയ്ക്കാണ് ഥാർ ലേലത്തിൽ പിടിച്ചത്. മലപ്പുറം അങ്ങാടിപ്പുറം സ്വദേശിയാണ് വിഘ്‌നേഷ്. ലേലതുകയ്ക്ക് പുറമെ ജിഎസ്ടിയും നൽകണം.
കഴിഞ്ഞ ഡിസംബർ നാലിനാണ് വാഹനം ഗുരുവായൂർ ക്ഷേത്രത്തിലേക്ക് വഴിപാടായി ലഭിച്ചത്. ഡിസംബര്‍ 18ന് ഥാർ ലേലം ചെയ്തിരുന്നു. അമൽ മുഹമ്മദ് അലി എന്ന പ്രവാസി വ്യവസായി 15.10 ലക്ഷം രൂപയ്ക്കാണ് അന്ന് കാർ ലേലത്തിൽ പിടിച്ചിരുന്നു. എന്നാൽ ഒരാൾ മാത്രം പങ്കെടുത്ത ലേലത്തിനെതിരെ ഹിന്ദുസേവാ സംഘം ഹൈക്കോടതിയെ സമീപിച്ചു. ഇതോടെ ആദ്യ ലേലം റദ്ദാക്കി പുനർലേലം ചെയ്യാൻ ഭരണസമിതി തീരുമാനമെടുക്കുകയായിരുന്നു.
ആകെ 15 പേരാണ് ലേലത്തിൽ പങ്കെടുക്കാൻ പേര് നൽകിയിരുന്നത്. ഇതിൽ അമൽ മുഹമ്മദ് അലി ഒഴികെയുള്ളവർ പങ്കെടുത്തു. വിഘ്‌നേഷിനായി അച്ഛനും സുഹൃത്ത് അനുപുമാണ് ലേലത്തിൽ പങ്കെടുത്തത്. ലേലത്തിന്റെ ആദ്യ റൗണ്ടിൽ തന്നെ ലേല തുക 33 ലക്ഷം കടന്നിരുന്നു. പിന്നീട് അനുപ് 37 ലക്ഷവും അതിനു പുറകെ മഞ്ജുഷയെന്നയാൾ 39 ലക്ഷവും വിളിച്ചു. പിന്നീടാണ് 43 ലക്ഷമെന്ന വമ്പൻ തുകയ്ക്ക് വിഘ്‌നേഷ് ഥാർ ജീപ്പ് സ്വന്തമാക്കിയത്.
വാഹനം സ്വന്തമാക്കിയ വിഘ്‌നേഷ് ഗുരുവായൂരപ്പന്റെ ഭക്തനാണെന്നും എത്ര തുകയാണെങ്കിലും വാഹനം സ്വന്തമാക്കാനായിരുന്നു നിർദേശമെന്നും വിഘ്‌നേഷിന് വേണ്ടി ലേലത്തിൽ പങ്കെടുത്ത അനൂപ് പറഞ്ഞു. തങ്ങള്‍ എല്ലാമാസവും ഗുരുവായൂരില്‍ ദര്‍ശനത്തിന് വരാറുണ്ടെന്ന് വിഘ്‌നേഷിന്റെ അച്ഛൻ പറഞ്ഞു.
Also Read: മൊബൈൽ ഫോൺ ഉപയോഗം വിലക്കി; പത്താം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി