തിരുവനന്തപുരം: ഗുരുവായൂർ ക്ഷേത്ര ദർശനത്തിന്റെ പേരിൽ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് സിപിഎം സംസ്ഥാന സമിതിയിൽ വിമർശനം. മന്ത്രിയുടെ ക്ഷേത്ര സന്ദർശനത്തിൽ തെറ്റില്ലെങ്കിലും വഴിപാട് പോലുള്ള ആചാരങ്ങൾ ഒഴിവാക്കേണ്ടതായിരുന്നുവെന്നും സംസ്ഥാന സമിതി വിലയിരുത്തി. ഇക്കാര്യത്തിൽ ജാഗ്രത കുറവുണ്ടായി എന്ന് മന്ത്രി സമ്മതിച്ചു.
അതേസമയം, എൻസിപി മന്ത്രി തോമസ് ചാണ്ടിയുടെ കായൽ, ഭൂമി കൈയേറ്റ വിഷയം സംസ്ഥാന സമിതി ചർച്ച ചെയ്തില്ല. വിഷയത്തിൽ ആലപ്പുഴ കലക്ടറുടെ വിശദമായ റിപ്പോർട്ട് കൂടി ലഭിച്ച ശേഷം തുടർ നടപടികൾ സ്വീകരിച്ചാൽ മതിയെന്നാണ് വിജിലൻസിന് ലഭിച്ചിരിക്കുന്ന നിയമോപദേശം.
കഴിഞ്ഞ സെക്രട്ടേറിയറ്റ് യോഗം മന്ത്രിയുടെ വിഷയം ചർച്ചചെയ്യുകയും സംസ്ഥാന സമിതിയുടെ പരിഗണനയ്ക്ക് വിടുകയുമായിരുന്നു. സംസ്ഥാന സമിതി എന്ത് നിലപാട് കൈക്കൊള്ളുമെന്ന് നോക്കി തുടർനടപടി സ്വീകരിക്കാമെന്നായിരുന്നു സെക്രട്ടേറിയറ്റ് തീരുമാനം. സെക്രട്ടേറിയറ്റിൽ കടകംപള്ളിയെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങളുണ്ടായി. എന്നാൽ, സംഭവം വിവാദമാക്കേണ്ടെന്നും ബിജെപി ഉൾപ്പെടെ സംഘ്പരിവാർ ശക്തികൾ വിഷയം മുതലെടുക്കുമെന്നുമുള്ള പൊതു അഭിപ്രായം യോഗത്തിലുണ്ടായി.താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും തൽപര കക്ഷികളാണ് വിവാദമുണ്ടാക്കിയതെന്നുമുള്ള വിശദീകരണമാണ് കടകംപള്ളി പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് നൽകിയത്.