തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഈ വര്‍ഷത്തെ വിഷുക്കണി ഏപ്രില്‍ 14ന് പുലര്‍ച്ചെ 2.30 മുതല്‍ 3 വരെ നടത്തും. കൊറോണ പ്രതിരോധത്തിന്റെ ഭാഗമായുള്ള ലോക്ക്ഡൗണ്‍ നിലനിലക്കുന്നതിനാല്‍ ഭക്തജനങ്ങളെ ക്ഷേത്രത്തിനകത്തേയ്ക്ക് പ്രവേശിപ്പിക്കില്ലെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു.  ഡ്യൂട്ടിയിലുള്ള ശാന്തിക്കാരടക്കമുള്ള പാരമ്പര്യ പ്രവര്‍ത്തിക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും മാത്രമായിരിക്കും ക്ഷേത്രത്തിനകത്ത് പ്രവേശിക്കാന്‍ അനുവാദം.

രാവിലെ മൂന്ന് മണിക്ക് കേളി മുതല്‍ക്കുള്ള നിത്യനിദാനചടങ്ങുകള്‍ ക്രമപ്രകാരം നടക്കും. പതിവുള്ള വിഷുനമസ്‌ക്കാരസദ്യ ഇത്തവണ ആഘോഷമില്ലാതെ ബഹുത്വമായി രണ്ട്‌പേര്‍ക്ക് മാത്രം ഇലയിട്ട് വിളമ്പി നടത്തും. പകര്‍ച്ച ഉണ്ടാകില്ലെന്നും ദേവസ്വം അറിയിച്ചു.

Read Also: കൊറോണയെ പിടിക്കാൻ ആപ്പിളും ഗൂഗിളും ഒന്നിക്കുന്നു

രാവിലെ നിര്‍മ്മാല്യസമയത്ത് വിഷുക്കണിയ്ക്ക് പതിവുള്ളതുപോലെ പലകപ്പുറത്ത് നെയ് വിളക്ക് തെളിയിക്കും. കുരുത്തോല, കണിക്കൊന്ന ഇത്യാദികള്‍ കൊണ്ട് കൊടിമരത്തിനുസമീപം ചെറിയതോതില്‍ അലങ്കരിയ്ക്കും.  കോവിഡ് 19 ലോക്ക് ഡൗണ്‍ സാഹചര്യം മനസ്സിലാക്കി ഭക്തജനങ്ങള്‍ സഹകരിക്കണമെന്ന് ദേവസ്വം ചെയര്‍മാന്‍ കെ. ബി മോഹന്‍ദാസ്, അഡ്മിനിസ്‌ട്രേറ്റര്‍ എസ്. വി ശിശിര്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

കൊറോണ വൈറസ് വ്യാപന ഭീതി മൂലം ഗുരുവായൂര്‍ ക്ഷേത്രം 88 വര്‍ഷത്തിനുശേഷമാദ്യമായി അടച്ചിട്ടിരിക്കുകയാണ്. മാര്‍ച്ച് 21 മുതല്‍ ഗുരുവായൂരില്‍ ഭക്തര്‍ക്ക് പൂര്‍ണമായും പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി. അനിശ്ചിത കാലത്തേക്കാണ് ക്ഷേത്രം അടച്ചതെങ്കിലും പതിവ് പൂജകള്‍ നടക്കുന്നുണ്ട്.

സര്‍ക്കാരിന്റെ അറിയിപ്പ് ലഭിച്ചതിനുശേഷമേ ഇനി ഭക്തരെ പ്രവേശിപ്പിക്കുകയുള്ളൂവെന്ന് ദേവസ്വം ചെയര്‍മാന്‍ അറിയിച്ചിരുന്നു. ഉദയാസ്തമന പൂജ, വിവാഹം, ചോറൂണ്, വാഹന പൂജ, ചുറ്റുവിളക്ക്, കൃഷ്ണനാട്ടം എന്നിവയും നിര്‍ത്തിവച്ചിരിക്കുകയാണ്. നേരത്തെ ബുക്ക് ചെയ്ത ചടങ്ങുകളുടെ പുതുക്കിയ തിയതി പിന്നീട് അറിയിക്കുമെന്ന് ക്ഷേത്ര അധികൃതര്‍ അറിയിച്ചിരുന്നു.

Read Also: അഗ്നിശമന സേന മരുന്നെത്തിച്ചത് 6323 പേര്‍ക്ക്; സഹായത്തിന് വിളിക്കാം 101-ല്‍

1932-ലാണ് ഗുരുവായൂര്‍ ക്ഷേത്രം ഇതിനുമുമ്പ് അടച്ചിട്ടത്. സ്വാതന്ത്ര്യ സമര സേനാനിയും സാമൂഹിക പരിഷ്‌കര്‍ത്താവുമായ കെ കേളപ്പന്റെ നേതൃത്വത്തില്‍ ആരംഭിച്ച ക്ഷേത്ര പ്രവേശന സത്യാഗ്രഹത്തെ നേരിടാനാണ് അന്ന് ക്ഷേത്രമടച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.