തൃശൂർ: ലോക്ക് ഡൌണ്‍ ഇളവുകള്‍ വരുത്തിയതോടെ വെള്ളിയാഴ്ച ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒമ്പത് വിവാഹങ്ങള്‍ നടന്നു. രാവിലെ ആറുമണിക്കും പത്തരയ്ക്കും ഇടയിലായിരുന്നു വിവാഹങ്ങള്‍. പാലക്കാട്, എറണാകുളം തുടങ്ങി വിവിധ ജില്ലകളില്‍ നിന്നും വധൂവരന്മാര്‍ കുടുംബത്തോടൊപ്പമെത്തി. കോവിഡ് ലോക്ക് ഡൌണ്‍ മൂലം തീയതി മാറ്റി വെച്ച വിവാഹങ്ങളാണ് നടന്നതിലധികവും. മാര്‍ച്ച് 24ന് ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചതോടെ ക്ഷേത്രത്തില്‍ നിര്‍ത്തി വെച്ചിരുന്ന വിവാഹ ചടങ്ങുകളാണ് ഇന്നലെ പുനരാരംഭിച്ചത്.

വധുവരന്മാര്‍ ഉള്‍പ്പെടെ 10 പേരെ മാത്രമാണ് വിവാഹ മണ്ഡപത്തിലേക്ക് പ്രവേശിപ്പിച്ചത്. സര്‍ക്കാരിന്റെ സുരക്ഷാ നിര്‍ദ്ദേശങ്ങളും കൃത്യമായ അകലവും പാലിച്ചാണ് വിവാഹങ്ങള്‍ നടന്നത്. പുറത്തുനിന്ന് വരുന്നവരെ പരിശോധിക്കാനായി ഗുരുവായൂര്‍ ദേവസ്വം മെഡിക്കല്‍ ടീം സജ്ജമായിരുന്നു. തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിച്ച് ഊഷ്മാവ് അളന്ന് ശേഷം സാനിറ്റൈസര്‍ കൊണ്ട് അണുനശീകരണം നടത്തിയാണ് അകത്തേക്ക് കയറ്റിയത്. വിവാഹ മണ്ഡപത്തിലും താലി ചാര്‍ത്തുന്നതിനു മുന്‍പ് പൂജാരി വധൂവരന്‍മാര്‍ക്ക് സാനിറ്റൈസര്‍ നല്‍കി കൈകള്‍ ശുദ്ധമാക്കി. പോലീസും ദേവസ്വവും കൃത്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചു.

സാമൂഹിക അകലം പാലിച്ചാണ് ഓരോ വിവാഹങ്ങളും നടന്നത്. പരമാവധി 60 വിവാഹങ്ങള്‍ ഒരു ദിവസം നടത്താം. പുലര്‍ച്ചെ 5 മുതല്‍ ഉച്ചക്ക് 12 വരെ 10 മിനിറ്റ് വീതം സമയം നല്‍കിയാണ് വിവാഹത്തിന് അനുമതി നല്‍കുന്നത്. ജൂൺ നാല്  മുതൽ വിവാഹങ്ങൾ നടത്താൻ അനുമതിയുണ്ട്. എന്നാൽ, ഇന്നലെ ആരും ബുക്കിങ് നടത്തിയിരുന്നില്ല.

Read Also: വിദ്വേഷപ്രചാരണം: മനേക ഗാന്ധിക്കെതിരെ നോട്ടീസ്

വിവാഹത്തില്‍ പങ്കെടുക്കുന്നവരുടെ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡും അതാത് മെഡിക്കല്‍ ഓഫീസറില്‍ നിന്നും ലഭിച്ച നോണ്‍ ക്വാറന്റൈന്‍ – നോണ്‍ ഹിസ്റ്ററി സര്‍ട്ടിഫിക്കറ്റുകള്‍ വിവാഹം ബുക്ക് ചെയ്യുന്ന സമയം ഹാജരാക്കേണ്ടതാണ്. വധു വരന്മാര്‍ കൂടെ കൊണ്ടുവരുന്ന ഫോട്ടോ ഗ്രാഫര്‍മാരെ അനുവദിക്കുന്നതല്ല. ദേവസ്വം ഫോട്ടോഗ്രാഫര്‍മാരെ ഏര്‍പ്പെടുത്തുന്നതാണ്.

Read Also: ആരോടും അധികം സംസാരിക്കാത്ത വ്യക്തി; ചെറുപ്രായത്തിലും കുറ്റകൃത്യങ്ങൾ ചെയ്‌തിരുന്നു

വിവാഹം ബുക്ക് ചെയ്യുന്നതിന് കിഴക്കേ നട ബുക്‌സ് സ്റ്റാളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 7 വരെ ബുക്കിങ് കൗണ്ടര്‍ ആരംഭിച്ചിട്ടുണ്ട്. വിവാഹങ്ങളില്‍ പങ്കെടുക്കുന്ന എല്ലാവരും കോവിഡ് സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ കെ ബി മോഹന്‍ദാസ്‌ അറിയിച്ചു. ഗുരുവായൂർ ക്ഷേത്രത്തിൽ 50 പേരെ പങ്കെടുപ്പിച്ച് വിവാഹം അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. ഒരു ദിവസം എത്ര വിവാഹങ്ങൾ നടത്താമെന്നു സംബന്ധിച്ച് ഗുരുവായൂർ ദേവസ്വം ബോർഡിനു തീരുമാനിക്കാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook