കൊച്ചി: നഗരത്തിലെ ബ്യൂട്ടിപാര്‍ലറില്‍ വെടിവെപ്പ്. വൈകിട്ട് രണ്ടരയോടെയാണ് സംഭവം. ബൈക്കിലെത്തിയ രണ്ടു പേരാണ് വെടിയുതിര്‍ത്തത്. ആര്‍ക്കും പരുക്കുകളില്ല. വെടിവെച്ച ശേഷം പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു.നടി ലീന മരിയ പോളിന്റേതാണ് വെടിവെപ്പുണ്ടായ ‘നെയില്‍ ആർട്ടിസ്റ്റ്രി’ ബ്യൂട്ടിപാര്‍ലര്‍.
മുംബൈ അധോലോക നേതാവായ രവി പൂജാരിയുടെ പേരില്‍ കഴിഞ്ഞ ദിവസം ബ്യൂട്ടിപാര്‍ലര്‍ ഉടമയ്ക്ക് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. 25 കോടി രൂപ ആവശ്യപ്പെട്ടായിരുന്നു ഫോണ്‍ കോള്‍. എന്നാല്‍ പണം നല്‍കാന്‍ തയ്യാറായില്ല. ഭീഷണിയെ കുറിച്ച് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെയാണ് വെടിവെപ്പുണ്ടായത്. പനമ്പള്ളി നഗര്‍ റീജിയണല്‍ പാസ്‌പോര്‍ട്ട് ഓഫീസില്‍ നിന്നും 600 മീറ്റര്‍ അകലെയാണ് ബ്യൂട്ടിപാര്‍ലര്‍ സ്ഥിതി ചെയ്യുന്നത്. ബൈക്കിലെത്തിയ അക്രമി സംഘം ബ്യൂട്ടിപാര്‍ലറിലെത്തി വെടിവെക്കുകയായിരുന്നു. യമഹ എഫ് സി ബെെക്കില്‍ ഹെല്‍മറ്റും ജാക്കറ്റും ധരിച്ചായിരുന്നു അക്രമികളെത്തിയത്. സംഭവത്തിന് പിന്നാലെ അവിടെ നിന്നും രക്ഷപ്പെട്ട പ്രതികള്‍ തങ്ങള്‍ രവി പൂജാരയുടെ ആളുകളാണെന്ന് സൂചിപ്പിക്കുന്ന തരത്തിലുള്ള കടലാസ് ഉപേക്ഷിച്ചാണ് കടന്നത്.
നടന്‍ ധർമജന്റെ ‘ധർമ്മൂസ് ഫിഷ് ഹബ്ബ്’ ഷോപ്പിന്റെ മുകളിലാണ് അക്രമ സംഭവമുണ്ടായ ബ്യൂട്ടിപാർലർ സ്ഥിതി ചെയ്യുന്നത്. അക്രമികളുടെ ദൃശ്യം ഫിഷ് ഷോപ്പിന്റെ സിസി ടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കും.

സംഭവ സമയം ജീവനക്കാരും കസ്റ്റമേഴ്‌സും മാത്രമായിരുന്നു പാർലറിലുണ്ടായിരുന്നത്. ഉടമ ഉണ്ടായിരുന്നില്ല. പൊലീസ് സ്ഥലത്തെത്തി തെളിവെടുത്തു. ചെന്നൈ കാനറ ബാങ്കില്‍ നിന്നും 19 കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതിയാണ് ബ്യൂട്ടിപാര്‍ലര്‍ ഉടമയായ ലീന പോള്‍.
മലയാളം സിനിമകളായ റെഡ് ചില്ലീസ്, ഹസ്ബന്‍സ് ഇന്‍ ഗോവ, കോബ്ര എന്നിവയിലും ജോണ്‍ എബ്രഹാം നായകനായ ഹിന്ദി ചിത്രം മദ്രാസ് കഫേയിലും തമിഴില്‍ കാർത്തിയുടെ ബിരിയാണിയിലും ലീന അഭിനയിച്ചിട്ടുണ്ട്. മോഡലിങ് രംഗത്തും പ്രശസ്തയാണ്.