കൊച്ചി: കോവിഡ് പ്രവാസികള്‍ക്ക് ചെറുതൊന്നുമല്ലാത്ത പ്രതിസന്ധിയാണു സൃഷ്ടിച്ചത്. ഒട്ടേറെപ്പേര്‍ക്ക് ജോലി നഷ്ടമായപ്പോള്‍ പലര്‍ക്കും ശമ്പളത്തില്‍ കാര്യമായ കുറവ് വന്നു. നാട്ടില്‍ തിരിച്ചെത്തിയ ഇവരില്‍ ഏറെപ്പേരും പുതിയ തൊഴില്‍മേഖല കണ്ടെത്താനുള്ള ശ്രമത്തിലാണ്. അത്തരത്തിലുള്ള 30 പേര് ചേര്‍ന്ന് ദില്‍മാര്‍ട്ട് എന്ന പേരില്‍ മത്സ്യ-മാംസ സ്റ്റോറുകളടെ ശൃംഖല ആരംഭിച്ച കഥയാണ് ഇനി പറയാന്‍ പോകുന്നത്.
ഈ മുപ്പതുപേരും ഗള്‍ഫിലെ വിവിധ രാജ്യങ്ങളില്‍ ജോലി ചെയ്തിരുന്നവരും കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളില്‍ നിന്നുള്ളവരുമാണ്. ഇവരില്‍ ഭൂരിപക്ഷത്തിനും പരസ്പരം മുന്‍പരിചയമില്ല. സുഹൃത്തുക്കള്‍ വഴിയും സമൂഹമാധ്യമങ്ങള്‍ വഴിയുമാണ് എല്ലാവരും പരിചയപ്പെട്ടത്. ദുബായില്‍ മാര്‍ക്കറ്റിംഗ് രംഗത്ത് ജോലി ചെയ്തിരുന്ന സിറില്‍ ആന്റണിയുടെ ഒരു ഫേസ്ബുക്ക് പോസ്റ്റില്‍ നിന്നായിരുന്നു ഇതിന്റെ തുടക്കം. ദില്‍മാര്‍ട്ടിന്റെ സ്ഥാപക ഡയരക്ടര്‍മാരില്‍ ഒരാളാണ് സിറില്‍.
Also Read: സൗദി യാത്രാവിലക്ക് നീങ്ങുന്നു; മാർച്ച് 31 മുതൽ വിമാന സർവീസുകൾ പുനരാരംഭിക്കും
ഇന്ത്യന്‍ കോഫി ഹൗസ് മാതൃകയില്‍ 30 ഓഹരിയുടമകളും ഒരുപോലെ ജോലി ചെയ്യുന്നുവെന്നതാണ് കൊച്ചി വരാപ്പുഴ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദില്‍മാര്‍ട്ടിന്റെ പ്രത്യേകത. ഗള്‍ഫിലെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ചവര്‍ അവരവരുടെ അനുഭവസമ്പത്തുമായി ബന്ധപ്പെട്ട മേഖലകളിലെ ജോലികളാണു ദില്‍മാര്‍ട്ടിലും ചെയ്യുന്നത്. 30 പേരില്‍ എട്ടു പേര് ഇപ്പോഴും ഗള്‍ഫില്‍ ജോലി ചെയ്യുകയാണ്. ഒരു ഓഹരിയുടമയെങ്കിലും ഒരു സ്റ്റോറില്‍ ജോലി ചെയ്യും. ഇതിനു മാസശമ്പളമുണ്ട്. അതിനു പുറമെ ഡെലിവറി, ക്ലീനിങ് സ്റ്റാഫ് അടക്കം ചുരുങ്ങിയത് 2-3 പേര്‍ക്കു കൂടി ഓരോ സ്റ്റോറിലും ജോലി നല്‍കും.
മലപ്പുറം ജില്ലയിലെ കോട്ടയ്ക്കല്‍, തൃശൂരിലെ ചാലക്കുടി, പത്തനംതിട്ടയിലെ തുമ്പമണ്‍, കൊല്ലം കുണ്ടറ, തിരുവനന്തപുരം വര്‍ക്കല എന്നിവിടങ്ങളില്‍ ദില്‍മാര്‍ട്ട് സ്റ്റോറുകള്‍ തുറന്നു കഴിഞ്ഞു. മൂന്നു മാസത്തിനകം 15 സ്റ്റോറുകള്‍ കൂടി തുറക്കുമെന്ന് സ്ഥാപക ഡയറക്ടര്‍മാരായ സിറില്‍ ആന്റണിയും അനില്‍ കെ പ്രസാദും പറഞ്ഞു. ഒരു വര്‍ഷത്തിനകം സംസ്ഥാനത്തൊട്ടാകെ 40 സ്റ്റോറുകള്‍ തുറക്കാനാണ് ലക്ഷ്യം. ാണ്‍ലൈന്‍ ഡെലിവറിയും ആരംഭിച്ചിട്ടുണ്ട്. 500 മുതല്‍ 1000 ചതുരശ്ര അടി വരെയുള്ളതാണു ദില്‍മാര്‍ട്ട് സ്റ്റോറുകള്‍.
മുനമ്പം, വൈപ്പിന്‍, തോപ്പുംപടി (എറണാകുളം), നീണ്ടകര (കൊല്ലം), വിഴിഞ്ഞം (തിരുവനന്തപുരം), പുതിയാപ്പ (കോഴിക്കോട്) ഹാര്‍ബറുകളിലെ മീന്പിടുത്തക്കൊരില്നിന്ന് ശേഖരിക്കുന്ന മത്സ്യം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേയ്ക്ക് കാലതാമസമില്ലാതെ നേരിട്ട് എത്തിക്കുകയെന്നതാണു ദില്‍മാര്‍ട്ടിന്റെ പ്രവര്‍ത്തന രീതി.
Read More: പ്രവാസികള്‍ക്കും വിദേശത്തുള്ള കുടുംബാംഗങ്ങള്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ്; അറിയേണ്ടത്
വരാപ്പുഴയിലാണു ദില്‍മാര്‍ട്ടിന്റെ കേന്ദ്രീകൃത വെയര്‍ഹൗസ് പ്രവര്‍ത്തിക്കുന്നത്. ഉല്‍പ്പന്നങ്ങള്‍ എത്തിക്കാന്‍ നാല് റീഫര്‍ വാഹനങ്ങളുണ്ട്. എറണാകുളം ജില്ലയിലെ ചെറായി, തൃശൂരിലെ കോട്ടപ്പുറം എന്നിവിടങ്ങളിലെ ഫാമുകളില്‍ കൂട്കൃഷിയായി വളര്‍ത്തുന്ന കാളാഞ്ചി, ചെമ്പല്ലി, വറ്റ എന്നിവയുടെ വിളവെടുപ്പും ആരംഭിച്ചിട്ടുണ്ട്.
തുടക്കത്തില്‍ സമുദ്രവിഭവങ്ങള്‍ വില്‍പ്പനയ്ക്കെത്തിച്ചിരിക്കുന്ന ദില്‍മാര്‍ട്ടുകള്‍ ഒരു മാസത്തിനുള്ളില്‍ വിവിധ തരം മാംസങ്ങളും ലഭ്യമാക്കും. രണ്ടാം ഘട്ടത്തില്‍ കറിമസാലകള്‍, പഴം-പച്ചക്കറികള്‍ എന്നിവ കൂടി ഉള്‍പ്പെടുത്തും.