തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകൾ വീണ്ടും തുറന്ന് പ്രവർത്തിക്കുന്നതിനുള്ള മാർഗരേഖയ്ക്ക് സർക്കാർ അംഗീകാരം നൽകി. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് നവംബർ ഒന്നു മുതലാണ് സ്കൂളുകൾ തുറന്നു പ്രവർത്തിക്കുക. ഒന്നു മുതൽ ഏഴു വരെയുളള ക്ലാസ്സുകളും, 10, 12 ക്ലാസ്സുകളും നവംബർ ഒന്നു മുതൽ ആരംഭിക്കുക. മറ്റു ക്ലാസുകൾ നവംബർ 15 മുതലും തുറന്നു പ്രവർത്തിക്കും.
നിലവിലെ പശ്ചാത്തലത്തിൽ സ്കൂളുകൾ തുറന്നുപ്രവർത്തിക്കുമ്പോൾ പാലിക്കേണ്ട നിർദ്ദേശങ്ങളാണ് മാർഗരേഖയിലുള്ളത്. രക്ഷിതാക്കളുടെ സമ്മതമുണ്ടെങ്കിൽ മാത്രമാണ് വിദ്യാർഥികൾ സ്കൂളിൽ ഹാജരാവേണ്ടതെന്ന് മാർഗരേഖയിൽ പറയുന്നു.
ആദ്യ രണ്ടാഴ്ച ക്ലാസ്സുകൾ ഉച്ചവരെ ക്രമീകരിക്കുന്നതായിരിക്കും ഉചിതമെന്നും പൊതുഅവധി ഒഴികെയുള്ള ശനിയാഴ്ചകൾ പ്രവൃത്തിദിവസമായിരിക്കുമെന്ന് മാർഗരേഖയിൽ പറയുന്നു.
സ്കൂളുകളിൽ 1000 കുട്ടികളിൽ കൂടുതലുണ്ടെങ്കിൽ ആകെ കുട്ടികളുടെ 25 ശതമാനം മാത്രം ഒരു സമയത്ത് ക്യാമ്പസിൽ വരുന്ന രീതിയിൽ ക്ലാസ്സുകൾ ക്രമീകരിക്കണം. കുട്ടികളുടെ എണ്ണം ക്രമീകരിച്ച് നിയന്ത്രിക്കുന്നതിനായി ഓരോ ക്ലാസ്സിലെയും കുട്ടികളെ ബാച്ചുകളായി തിരിക്കാവുന്നതാണ്. കുട്ടികളുടെ എണ്ണം കുറഞ്ഞ സ്കൂളുകളിൽ ഇത്തരം ബാച്ച് ക്രമീകരണം നിർബന്ധമല്ല.
ഓരോ ബാച്ചിനും തുടർച്ചയായി മൂന്നുദിവസം (വിദ്യാർത്ഥികൾ അധികമുള്ള സ്കൂളുകളിൽ രണ്ട് ദിവസം) സ്കൂളിൽ വരാനുള്ള അവസരം ഒരുക്കണം. ബാച്ചുകളുടെ ക്രമീകരണം സംബന്ധിച്ച് രക്ഷിതാക്കളുടെ അഭിപ്രായം കൂടി പരിഗണിച്ച് തീരുമാനം കൈക്കൊള്ളാവുന്നതാണ്. ഒരു പ്രദേശത്തുനിന്നുവരുന്ന കുട്ടികളെ കഴിവതും ഒരു ബാച്ചിൽ പെടുത്തുന്നതാണ് ഉചിതമെന്നും മാർഗ നിർദേശങ്ങളിൽ പറയുന്നു.
Also Read: ഡല്‍ഹി സര്‍വകലാശാലയിലെ മിക്ക സീറ്റുകളും മലയാളി വിദ്യാര്‍ഥികള്‍ നേടുന്നത് എന്തുകൊണ്ട്?
ശാരീരിക അകലം പാലിക്കാൻ ശുപാർശ ചെയ്യുന്ന ബയോബബിൾ സിസ്റ്റം ക്ലാസ് അടിസ്ഥാനത്തിൽ തയ്യാറാക്കേണ്ടതാണെന്നും നിർദേശങ്ങളിൽ പറയുന്നു. ബയോബബിൾ എന്നത് ഒരു ക്ലാസിൽ പഠിക്കുന്ന 6 മുതൽ 10 വരെയുള്ള കുട്ടികളുടെ കൂട്ടമാണ്. ഇവർ മാത്രമേ പരസ്പരം അടുത്ത് ഇടപെടാൻ പാടുള്ളൂ. ഇവർ ഒരു പ്രദേശത്തു നിന്നു തന്നെ വരുന്നവരാണെങ്കിൽ അവരുടെ യാത്രയടക്കം ഒരുമിച്ച് ആസൂത്രണം ചെയ്യാം എന്നും മാർഗനിർദേശത്തിൽ വ്യക്തമാക്കുന്നു.
ഏതെങ്കിലും തരത്തിലുള്ള അസുഖമുള്ള കുട്ടികളും വീട്ടിലെ രോഗികളുമായി സമ്പർക്കമുള്ള കുട്ടികളും സ്കൂളിൽ ഹാജരാകേണ്ടതില്ല. സ്കൂളിൽ നേരിട്ട് എത്തിച്ചേരാൻ സാധിക്കാത്ത കുട്ടികൾക്ക് നിലവിലുളള ഡിജിറ്റൽ പഠനരീതി തുടരാവുന്നതാണന്നും സർക്കാർ വ്യക്തമാക്കി.
പൊതു നിർദേശങ്ങൾ
- രക്ഷകർത്താക്കളുടെ സമ്മതേത്താടെയാവണം കുട്ടികൾ സ്കൂളുകളിൽ എത്തിച്ചേരേണ്ടത്.
- ഒന്ന് മുതൽ ഏഴ് വരെ ക്ലാസ്സുകളിൽ ഒരു ബഞ്ചിൽ പരമാവധി രണ്ട് കുട്ടികൾ.
- ഒരു ക്ലാസ്സിനെ രണ്ടായി വിഭജിച്ച് ഒരു സമയം പരമാവധി ക്ലാസ്സിലുള്ള കുട്ടികളുടെ പകുതി പേരെ ക്ലാസിൽ ഉൾക്കൊള്ളിക്കാം.
- സ്കൂളുകളുടെ സൗകര്യാർത്ഥം രാവിലെ ഒമ്പത് മുതല്‍ പത്ത് വരെയുള്ള സമയത്തിനിടയ്ക്ക് ക്ലാസ്സുകൾ ആരംഭിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ നടത്താവുന്നതാണ്.
- ആദ്യ രണ്ടാഴ്ച ക്ലാസ്സുകൾ ഉച്ചവരെ ക്രമീകരിക്കുന്നതായിരിക്കും ഉചിതം. പൊതുഅവധി ഒഴികെയുള്ള ശനിയാഴ്ചകൾ പ്രവൃത്തിദിവസമായിരിക്കുന്നതാണ്.
- 1000 കുട്ടികളിൽ കൂടുതലുണ്ടെങ്കിൽ ആകെ കുട്ടികളുടെ 25% മാത്രം ഒരു സമയത്ത് ക്യാമ്പസിൽ വരുന്ന രീതിയിൽ ക്ലാസ്സുകൾ ക്രമീകരിക്കേണ്ടതാണ്.

- കുട്ടികളുടെ എണ്ണം ക്രമീകരിച്ച് നിയന്ത്രിക്കുന്നതിനായി ഓരോ ക്ലാസ്സിലെയും കുട്ടികളെ ബാച്ചുകളായി തിരിക്കാവുന്നതാണ്. കുട്ടികളുടെ എണ്ണം കുറഞ്ഞ സ്കൂളുകളിൽ ഇത്തരം ബാച്ച് ക്രമീകരണം നിർബന്ധമല്ല. ക്രമീകരണ ചുമതല സ്കൂൾ മേധാവിക്കായിരിക്കും.
- ഭൗതിക സാഹചര്യ സാധ്യതയെ അടിസ്ഥാനമാക്കി കൊവിഡ് മാനദണ്ഡങ്ങൾക്കനുസൃതമായി വേണം സ്കൂളിൽ എത്തിച്ചേരേണ്ട വിദ്യാർത്ഥികളുടെ എണ്ണം നിശ്ചയിക്കേണ്ടത്.
- ഓരോ ബാച്ചിനും തുടർച്ചയായി മൂന്നുദിവസം (വിദ്യാർത്ഥികൾ അധികമുള്ള സ്കൂളുകളിൽ രണ്ട് ദിവസം) സ്കൂളിൽ വരാനുള്ള അവസരം ഒരുക്കണം. അടുത്ത ബാച്ച് അടുത്ത മൂന്നു ദിവസമായിരിക്കും സ്കൂളിലെത്തേണ്ടത്. ഒരു ബാച്ചിൽ ഉൾപ്പെട്ട വിദ്യാർത്ഥി സ്ഥിരമായി അതേ ബാച്ചിൽ തന്നെ തുടരേണ്ടതാണ്.
Also Read: ‘എന്റെ ജില്ല’ മൊബൈല്‍ ആപ്ലിക്കേഷന്‍; ഇനി സര്‍ക്കാര്‍ ഓഫിസുകള്‍ വിരല്‍തുമ്പില്‍
- ബാച്ചുകളുടെ ക്രമീകരണം സംബന്ധിച്ച് രക്ഷിതാക്കളുടെ അഭിപ്രായം കൂടി പരിഗണിച്ച് തീരുമാനം കൈക്കൊള്ളാവുന്നതാണ്. ഒരു പ്രദേശത്തുനിന്നുവരുന്ന കുട്ടികളെ കഴിവതും ഒരു ബാച്ചിൽ പെടുത്തുന്നതാണ് ഉചിതം.
- ഭിന്നശേഷിയുള്ള കുട്ടികൾ ആദ്യഘട്ടത്തിൽ വരേണ്ടതില്ല.
- ഏതെങ്കിലും തരത്തിലുള്ള അസുഖമുള്ള കുട്ടികളും വീട്ടിലെ രോഗികളുമായി സമ്പർക്കമുള്ള കുട്ടികളും സ്കൂളിൽ ഹാജരാകേണ്ടതില്ല. രോഗലക്ഷണം ഉള്ള കുട്ടികൾ (ചുമ, പനി, ജലദോഷം, തൊണ്ടവേദന, മറ്റു കൊവിഡ് അനുബന്ധ ലക്ഷണം) പ്രാഥമിക സമ്പർക്കം ഉള്ള/സംശയിക്കുന്ന കുട്ടികൾ/ജീവനക്കാർ, സമ്പർക്കവിലക്കിൽ ഇരിക്കുന്ന കുട്ടികൾ/ജീവനക്കാർ, കൊവിഡ് വ്യാപനംമൂലം പ്രാദേശിക നിയന്ത്രണം ഉള്ള സ്ഥലങ്ങളിൽ നിന്നുള്ളവർ എന്നിവർ സ്കൂളിൽ ഹാജരാകേണ്ടതില്ല.
- കൊവിഡ് ബാധിതർ വീട്ടിലുണ്ടെങ്കിൽ കൊവിഡ് പ്രോട്ടോക്കോൾ കൃത്യമായും പാലിക്കേണ്ടതാണ്.
- നല്ല വായുസഞ്ചാരമുള്ള മുറികൾ/ഹാളുകൾ മാത്രമേ അദ്ധ്യാപനത്തിനായി തെരഞ്ഞെടുക്കാവൂ.
- സാധ്യമാകുന്ന ഘട്ടങ്ങളിൽ തുറന്ന സ്ഥലത്തെ അദ്ധ്യയനം പ്രോത്സാഹിപ്പിക്കേണ്ടതാണ്.
- കുട്ടികളെ സ്കൂളിൽ എത്തിക്കാനും തിരികെ കൊണ്ടു പോകാനുമായി വരുന്ന രക്ഷിതാക്കൾ സ്കൂളിൽ പ്രവേശിക്കാതിരിക്കുന്നതിനും കൂട്ടം കൂടാതിരിക്കുന്നതിനും ശ്രദ്ധിക്കേണ്ടതാണ്.
- സ്കൂൾ ഉച്ചഭക്ഷണ പദ്ധതി സ്കൂളുകളുടെ സാഹചര്യംകൂടി കണക്കിലെടുത്ത് നൽകുന്നതിനുള്ള നടപടി സ്വീകരിക്കണം. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ഇത് നടപ്പിലാക്കേണ്ടതാണ്.
- ആദ്യത്തെ രണ്ടാഴ്ചയ്ക്ക് ശേഷം ക്ലാസ്സിൽ എത്തിച്ചേരേണ്ട കുട്ടികളുടെ എണ്ണം, ഷിഫ്റ്റ് സമ്പ്രദായം, ഉച്ചഭക്ഷണം തുടങ്ങിയ കാര്യങ്ങളിൽ അവലോകനം നടത്തി വിദ്യാഭ്യാസ വകുപ്പ് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നതാണ്.
- മോഡൽ റസിഡൻഷ്യൽ സ്കൂളുകൾ തുറന്നു പ്രവർത്തിക്കാവുന്നതാണ്. ഭിന്നശേഷിയുള്ള കുട്ടികൾ പൊതുവിദ്യാലയങ്ങളിൽ ഒന്നാം ഘട്ടത്തിൽ വരേണ്ടതില്ല എന്ന് നിർദേശമുണ്ടെങ്കിലും കാഴ്ച/ശ്രവണ പരിമിതിയുള്ള കുട്ടികൾ മാത്രമുള്ള സ്പെഷ്യൽ സ്കൂളുകൾ തുറന്ന് പ്രവർത്തിക്കാവുന്നതാണ്. ഹോസ്റ്റലുകൾ തുറന്ന് പ്രവർത്തിക്കുന്നതിനുള്ള പ്രത്യേക മാർഗനിർദ്ദേശം പിന്നീട് പുറപ്പെടുവിക്കുന്നതാണ്.
- സ്കൂൾ തുറക്കുന്നതിന് മുൻപുതന്നെ എല്ലാ അദ്ധ്യാപക-അനദ്ധ്യാപക ജീവനക്കാരും രണ്ടു ഡോസ് വാക്സിൻ എടുത്തിരിക്കേണ്ടതാണ്.
- കുട്ടികളെ സ്കൂളിലെത്തിക്കുന്ന വാഹനങ്ങളുടെ ഡ്രൈവർമാർ, സ്കൂൾബസ് ഡ്രൈവർമാർ, മറ്റ് താത്ക്കാലിക ജീവനക്കാർ എന്നിവർ രണ്ട് ഡോസ് വാക്സിൻ എടുത്തിരിക്കേണ്ടതാണ്.
- കൊവിഡ് വ്യാപനംമൂലം പ്രാദേശികനിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന പ്രദേശങ്ങളിൽ ഡിഡിഎംഎ/ജില്ലാ ഭരണകൂടം/ആരോഗ്യവകുപ്പ് എന്നിവരുടെ നിർദ്ദേശാനുസരണം സ്കൂൾമേധാവികൾ ക്ലാസുകൾ ക്രമീകരിക്കേണ്ടതാണ്.
- സ്കൂൾസംബന്ധമായ എല്ലാ യോഗങ്ങൾ തുടങ്ങുമ്പോഴും ക്ലാസുകൾ തുടങ്ങുമ്പോഴും കൊവിഡ് അനുയോജ്യ പെരുമാറ്റം ഓർമ്മപ്പെടുത്തുകയും കൊവിഡ് ജാഗ്രതാനിർദ്ദേശങ്ങൾ പാലിക്കുന്നു എന്ന് ഉറപ്പുവരുത്തുകയും ചെയ്യേണ്ടതാണ്.
- അക്കാദമികപ്രവർത്തനങ്ങൾ സംബന്ധിച്ച വിശദമായ മാർഗ്ഗരേഖ തുടർന്ന് പ്രസിദ്ധീകരിക്കുന്നതാണ്.
- സ്കൂള്തിലത്തിൽ ഒരു ഹെല്‍പ്പ് ലൈൻ ഏർപ്പെടുത്തേണ്ടതാണ്.
ശുചിത്വം സംബന്ധിച്ച നിർദേശങ്ങൾ
- കുട്ടികൾ ഇടപഴകുന്ന എല്ലായിടങ്ങളും അണുവിമുക്തമാക്കേണ്ടതാണ്.
- ഉചിതമായ സ്ഥലങ്ങളിൽ സോപ്പും വെള്ളവും ലഭ്യമാക്കേണ്ടതാണ്.
- മാസ്ക്, സാനിറ്റൈസർ തുടങ്ങിയവയുടെ കരുതൽ ശേഖരം സ്കൂളുകളിൽ ഉണ്ടായിരിക്കേണ്ടതാണ്.
- സ്കൂൾ കവാടത്തിൽ തെർമൽ സ്കാനിംഗിനുളള സൗകര്യം ഒരുക്കണം. കവാടത്തിൽ തിരക്ക് ഉണ്ടാകാത്ത വിധത്തിൽ മതിയായ എണ്ണം ഉപകരണങ്ങളും ജീവനക്കാരും ഉണ്ടാകണം.
- ഓരോ ദിവസവും ക്ലാസ്മുറികൾ അണുവിമുക്തമാക്കേണ്ടതാണ്.
- ശുചിമുറികൾ കൃത്യമായ ഇടവേളകളിൽ അണുവിമുക്തമാക്കേതാണ്.
- ടോയ്ലെറ്റുകൾ, ശുചിമുറികൾ, ലാബുകൾ എന്നിവിടങ്ങളിൽ എക്സ്ഹോസ്റ്റ് ഫാനുകൾ ഉപയോഗിക്കുന്നത് ഉചിതമായിരിക്കും.
- കുട്ടികൾ കുടിവെള്ളം വീടുകളിൽ നിന്നും കൊണ്ടു വരേണ്ടതാണ്. സ്കൂളിലെ പൊതുവായ കുടിവെള്ള സൗകര്യം ഉപയോഗിക്കുന്ന സാഹചര്യങ്ങളിൽ പേപ്പർ കപ്പുകൾ ക്രമീകരിക്കേണ്ടതാണ്.
- സ്റ്റാഫ് റൂമിലും ലഭ്യമായ മറ്റ് മുറികളിലും/ഹാളുകളിലും അദ്ധ്യാപകർക്ക് മതിയായ അകലത്തിൽ സീറ്റുകൾ നിശ്ചയിക്കേണ്ടതാണ്.
ക്ലാസുകളുടെ ക്രമീകരണം
- നവംബർ ഒന്ന് മുതൽ 1 മുതൽ 7 വരെ ക്ലാസ്സുകളും 10, 12 ക്ലാസ്സുകളും അതിനെ തുടർന്ന് നവംബർ 15 മുതൽ എല്ലാ ക്ലാസ്സുകളും ആരംഭിക്കേണ്ടതാണ്.
- ശാരീരിക അകലം പാലിക്കാൻ ശുപാർശ ചെയ്യുന്ന ബയോബബിൾ സിസ്റ്റം ക്ലാസ് അടിസ്ഥാനത്തിൽ തയ്യാറാക്കേണ്ടതാണ്. ബയോബബിൾ എന്നത് ഒരു ക്ലാസിൽ പഠിക്കുന്ന 6 മുതൽ 10 വരെയുള്ള കുട്ടികളുടെ കൂട്ടമാണ്. ഇവർ മാത്രമേ പരസ്പരം അടുത്ത് ഇടപെടാൻ പാടുള്ളൂ. ഇവർ ഒരു പ്രദേശത്തു നിന്നു തന്നെ വരുന്നവരാണെങ്കിൽ അവരുടെ യാത്രയടക്കം ഒരുമിച്ച് ആസൂത്രണം ചെയ്യാം. അതായത് ഒരു ക്ലാസ്സിൽ രണ്ടോ മൂന്നോ ബയോബബിളുകൾ ഉണ്ടാകാം. ബയോബബിളിൽ കുട്ടികളുടെ എണ്ണം എത്രകണ്ട് പരിമിതപ്പെടുത്താമോ അത്രകണ്ട് നല്ലതാണ്. ഒരു ബയോബബിളിലെ കുട്ടികൾ മറ്റൊരു ബയോബബിളിലെ കുട്ടികളുമായി ഒരു കാരണവശാലും അടുത്തിടപെടാൻ പാടുള്ളതല്ല. പരിമിതി ഏറെയുണ്ടെങ്കിലും രോഗത്തെ പ്രതിരോധിക്കാനുള്ള ഒരു മാർഗ്ഗമായി ബയോബബിളിനെ പ്രയോജനപ്പെടുത്താം.
- പ്രൈമറിതലത്തിൽ അദ്ധ്യാപകർ കഴിയുന്നത്ര ബയോബബിളിന്റെ ഭാഗമാകേണ്ടതാണ്.
- ക്ലാസ്സുകൾക്ക് നൽകുന്ന ഇന്റർവെൽ, സ്കൂൾ ആരംഭിക്കുന്ന സമയം, സ്കൂൾ വിടുന്ന സമയം എന്നിവയിൽ ചെറിയ വ്യത്യാസങ്ങൾ വരുത്തി ടോയ്ലറ്റുകൾ, സ്കൂൾ ഗേറ്റുകൾ എന്നിവിടങ്ങളിലെ കൂട്ടം ചേരൽ ഒഴിവാക്കാക്കേണ്ടതാണ്.
ക്ലാസ്സുകളിലെയും പരിസരങ്ങളിലെയും സുരക്ഷാ മാനദണ്ഡങ്ങൾ
- ക്ലാസ്സ് റൂമിലും സ്കൂളിന്റെ പരിസരങ്ങളിലും കുട്ടികളോ ജീവനക്കാരോ യാതൊരു കാരണവശാലും കൂട്ടംകൂടരുത്.
- പ്രവൃത്തിദിനങ്ങളിൽ എല്ലാ അദ്ധ്യാപകരും സ്കൂളിൽ ഹാജരാകേണ്ടതും പ്രധാനാദ്ധ്യാപകന്റെ നിർദ്ദേശാനുസരണം സുരക്ഷാക്രമീകരണ ജോലികളിൽ ഏർപ്പെടേണ്ടതുമാണ്.
- കൂട്ടംചേരൽ അനുവദനീയമല്ലാത്തതിനാൽ അടുത്തിടപഴകേണ്ട കായികവിനോദങ്ങൾ, സ്കൂൾ അസംബ്ലി, ഒരുമിച്ചിരുന്നുളള ഭക്ഷണം കഴിക്കൽ തുടങ്ങിയവ ഒഴിവാക്കേണ്ടതാണ്.
- പഠനോപകരണങ്ങൾ, ഭക്ഷണം, കുടിവെളളം എന്നിവ യാതൊരു കാരണവശാലും പങ്കുവയ്ക്കുവാൻ പാടുളളതല്ല.
Also Read: സ്കൂള്‍, കോളേജ് ബസ്സുകളിലെ യാത്ര: സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഇവയാണ്
- സ്കൂൾക്യാമ്പസിനുള്ളിൽ എല്ലാവരും മുഴുവൻ സമയവും മാസ്ക് ധരിക്കേണ്ടതാണ്.
- പ്രാക്ടിക്കൽ ക്ലാസ്സുകൾ ചെറിയ ഗ്രൂപ്പുകളായി നടത്തേണ്ടതാണ്.
- ഒന്നിലധികം പേർ ഉപയോഗിക്കാൻ സാധ്യതയുളള ഉപകരണങ്ങൾ ഓരോ കുട്ടിയുടെ ഉപയോഗത്തിനുശേഷവും അണുവിമുക്തമാക്കേണ്ടതാണ്.
- ക്ലാസ് റൂമുകൾ, ഹാളുകൾ എന്നിവ പൂർണ്ണമായി തുറന്നിടേണ്ടതും വായുസഞ്ചാരം ഉറപ്പാക്കേണ്ടതുമാണ്.
കുട്ടികളുടെ ഗതാഗത സൗകര്യങ്ങൾ
- പൊതുഗതാഗത സംവിധാനം ഉപയോഗപ്പെടുത്തുന്ന കുട്ടികൾ ഇരട്ട മാസ്കുകൾ ധരിക്കേണ്ടതും യാത്രയിൽ സാനിറ്റൈസർ കരുതേണ്ടതും, കൈകൾ ഇടയ്ക്കിടെ അണുവിമുക്തമാക്കേണ്ടതുമാണ്.
- സ്കൂൾ വാഹനങ്ങളുമായി ബന്ധപ്പെട്ട് ഗതാഗതവകുപ്പ് പുറത്തിറക്കിയിരിക്കുന്ന മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കേണ്ടതാണ്.
ഓഫ്ലൈൻ/ഓൺലൈൻ ക്ലാസുകൾ
- സ്കൂളിൽ നേരിട്ട് എത്തിച്ചേരാൻ സാധിക്കാത്ത കുട്ടികൾക്ക് നിലവിലുളള ഡിജിറ്റൽ പഠനരീതി തുടരാവുന്നതാണ്.
- സ്കൂളിൽ അതാത് ദിവസങ്ങളിൽ വരാത്തവർക്കു വേണ്ടിയുളള പഠനപിന്തുണ പ്രവർത്തനങ്ങൾ വിവിധ രീതികളിൽ അദ്ധ്യാപകർ തുടരേണ്ടതാണ്.
ടൈംടേബിൾ
- ക്ലാസുകൾ കൃത്യമായ ടൈംടേബിളിന്റെ അടിസ്ഥാനത്തിൽ ക്രമീകരിക്കേണ്ടതാണ്.
- ടൈംടേബിൾ മുൻകൂട്ടി തന്നെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ലഭ്യമാക്കേണ്ടതാണ്.
അടിയന്തര സാഹചര്യങ്ങളെ നേരിടാനുളള തയ്യാറെടുപ്പ്
- കുട്ടികൾക്കോ ജീവനക്കാർക്കോ രോഗലക്ഷണങ്ങൾ കണ്ടാൽ സമീപത്തുളള ആരോഗ്യ കേന്ദ്രത്തിൽ ബന്ധപ്പെടുക.
- ആർക്കെങ്കിലും രോഗം സ്ഥിരീകരിക്കുന്ന സാഹചര്യം ഉണ്ടായാൽ സമ്പർക്ക പട്ടിക കൃത്യമായി തയ്യാറാക്കാനുളള ക്രമീകരണം ചെയ്യുക.
- അടിയന്തര സാഹചര്യത്തിൽ വൈദ്യസഹായത്തിന് ബന്ധപ്പെടേണ്ട ടെലിഫോൺ നമ്പരുകൾ ഓഫീസിൽ പ്രദർശിപ്പിക്കുക.