കൊച്ചി: പ്രക്ഷോഭകർക്കെതിരെയുള്ള പൊലീസ് ബലപ്രയോഗത്തിന് മാർഗരേഖയുണ്ടാക്കണമെന്ന ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ നിലപാട് തേടി. ഒരാഴ്ചയ്ക്കകം സത്യവാങ്ങ്മൂലം സമർപ്പിക്കാൻ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് സർക്കാരിന് നിർദേശം നൽകി.

പ്രോട്ടോക്കോൾ ലംഘനത്തിന് ആരോപണം നേരിടുന്ന മന്ത്രി കെ.ടി ജലീൽ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് മലപ്പുറം കലക്റ്ററേറ്റിലേക്ക് മാർച്ച് നടത്തിയ കോൺഗ്രസ് പ്രവർത്തകരെ ക്രൂരമായി മർദിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെടുന്ന ഹർജിയാണ് കോടതി പരിഗണിച്ചത്. മാർച്ചിൽ പങ്കെടുത്തവരെ പൊലീസ് മുന്നറിയിപ്പില്ലാതെ നിഷ്ഠുരമായി മർദിച്ചെന്നും ജലപീരങ്കി പ്രയോഗിച്ചെന്നുമാണ് ഹർജിയിലെ ആരോപണം. തലയ്ക്കും മുഖത്തും കണ്ണിനും പലർക്കും പരുക്കേറ്റെന്നു ഹർജിയിൽ പറയുന്നു.

കെപിസിസി ഭാരവാഹി കെ.പി നൗഷാദ് അലി, യൂത്ത് കോൺഗ്രസ്
നേതാക്കളായ റിയാസ് അലി, കെ.സുനിൽ എന്നിവരാണ് കോടതിയെ സമീപിച്ചത്. നിയമവിരുദ്ധമായി ലാത്തിച്ചാർജ് നടന്നെന്ന ആരോപണത്തിൽ മലപ്പുറം, കൊണ്ടോട്ടി സർക്കിൾ ഇൻസ്പെക്ടർമാർക്കും മലപ്പുറം സ്റ്റേഷനിലെ എഎസ്ഐക്കും കോൺസ്റ്റബിൾമാർക്കും കോടതി പ്രത്യേക ദൂതൻ വഴി നോട്ടീസയച്ചു. ഹർജി അടുത്തയാഴ്ച പരിഗണിക്കും.

അതേസമയം, സംസ്ഥാനത്ത് കോവിഡ് രൂക്ഷമായ പശ്ചാത്തലത്തില്‍ യുഡിഎഫ് പ്രത്യക്ഷസമരങ്ങള്‍ നിര്‍ത്തുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വിവിധ ആരോപണങ്ങളില്‍ സര്‍ക്കാരിനെതിരായി നടത്തിവരുന്ന പ്രത്യക്ഷ സമരങ്ങളാണ് യുഡിഎഫ് നിര്‍ത്തിവയ്ക്കുന്നത്. വാർത്താ സമ്മേളനത്തിലാണ് പ്രതിപക്ഷ നേതാവ് ഇക്കാര്യം പറഞ്ഞത്.

ആള്‍ക്കൂട്ടത്തെ സംഘടിപ്പിച്ചുകൊണ്ടുള്ള സമരങ്ങള്‍ നിര്‍ത്തുകയാണ്. വിദ്യാര്‍ഥി, യുവജന സംഘടനകളും സമരം അവസാനിപ്പിക്കും. അതേസമയം സര്‍ക്കാരിനെതിരെ മറ്റു മാര്‍ഗങ്ങളിലൂടെയുള്ള പ്രതിഷേധം തുടരുമെന്നും ചെന്നിത്തല പറഞ്ഞു. ലൈഫ് മിഷന്‍ അഴിമതിയിലെ നിര്‍ണായക ഫയലുകള്‍ വിജിലന്‍സ് കൈക്കലാക്കിയതായും അദ്ദേഹം ആരോപിച്ചു. സിബിഐ വരുന്നതിന് മുന്‍പ് തിടുക്കത്തില്‍ വിജിലന്‍സ് എത്തുകയായിരുന്നു. വിജിലന്‍സിന്റെ നീക്കം സംശയാസ്പദമാണെന്നും ചെന്നിത്തല വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.