കൊച്ചി: വേതന പരിഷ്കരണ ഉത്തരവ് സർക്കാർ നടപ്പാക്കിയിട്ടും സംസ്ഥാനത്തെ കോളേജുകളിലെ ഗസ്റ്റ് അദ്ധ്യാപകർക്ക് വേതനം ലഭിക്കുന്നില്ല. സർക്കാർ ഉത്തരവിൽ വ്യക്തതയില്ലെന്ന് ആരോപിച്ച് കോളേജ് പ്രിൻസിപ്പൽമാരാണ് തങ്ങളെ പട്ടിണിക്കിടുന്നതെന്ന് ഗസ്റ്റ് അദ്ധ്യാപകർ ആരോപിക്കുന്നു.

കഴിഞ്ഞ മാസം നാലാം തീയതിയാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് വേതന പരിഷ്കരണം നടപ്പിലാക്കി ഉത്തരവ് പുറപ്പെടുവിച്ചത്.  മണിക്കൂർ അടിസ്ഥാനത്തിലുള്ള വേതന വിതരണ രീതി പരിഷ്കരിച്ച് ദിവസവേതനമാക്കി മാറ്റിയിരുന്നു. ഇതോടെ ഗസ്റ്റ് അദ്ധ്യാപകരുടെ വേതനം വർദ്ധിക്കുമെന്നും വിലയിരുത്തിയിരുന്നു.  എന്നാൽ ഓണത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ എങ്ങിനെ മുന്നോട്ട് പോകുമെന്ന് അറിയാതെ നട്ടം തിരിയുകയാണ് ഗസ്റ്റ് അദ്ധ്യാപകർ.

പല സർക്കാർ, എയ്ഡഡ് കോളേജുകളിലും കഴിഞ്ഞ അദ്ധ്യയന വർഷങ്ങളിൽ ജോലി ചെയ്ത വേതനം പോലും ലഭിച്ചിട്ടില്ലെന്ന് ഓൾ കേരള കോളേജ് ഗസ്റ്റ് ലകചേഴ്സ് യൂണിയൻ അറിയിച്ചു.  പല കോളേജുകളിലും 6 മണിക്കൂർ മുതൽ 16 മണിക്കൂർ വരെ ക്ലാസ് കൈകാര്യം ചെയ്യുന്ന സ്ഥിരദ്ധ്യാപകർക്ക് ഒരേ വേതനമാണ് ലഭിക്കുന്നത്. ഇതേ രീതിയിൽ ഗസ്റ്റ് അദ്ധ്യാപക വേതനം നടപ്പിലാക്കണമെന്നാണ് സർക്കാർ ഓർഡർ വ്യക്തമാക്കുന്നത്.

ഇപ്പോൾ പ്രിൻസിപ്പലായിരിക്കുന്ന പ്രമുഖ സംഘടനാ നേതാവിന്റെ രഹസ്യ നിർദ്ദേശ പ്രകാരമാണ് ഗവൺമെന്റ് കോളേജ് പ്രിൻസിപ്പൽമാർ കടുംപിടുത്തം നടത്തുന്നതെന്ന് ഗസ്റ്റ് അദ്ധ്യാപക സംഘടനാ നേതാക്കൾ ആരോപിച്ചു. ഗസ്റ്റ് അദ്ധ്യാപകരെ അടിമകളാക്കി തൊഴിലെടുപ്പിക്കാനുളള ശ്രമത്തിന്റെ ഭാഗമാണിതെന്നും യൂണിയൻ നേതാവ് രജിത്ത് ആരോപിച്ചു.

ഉത്തരവാദിത്തം ഏറ്റെടുക്കാൻ ചില പ്രിൻസിപ്പൽമാർ തയ്യാറാവാത്തതും മിക്ക സർക്കാർ കോളേജുകളുടെയും പ്രവർത്തനം താളം തെറ്റിയ അവസ്ഥയിലായിരിക്കുകയാണെന്നാണ് ആരോപണം.  2 ലക്ഷത്തിലധികം രൂപ പ്രതിമാസ വേതനം വാങ്ങുന്ന പ്രിൻസിപ്പൽമാരുടെ അജ്ഞതയും കടുംപിടുത്തവും കാരണം ദുരിതമനുഭവിക്കുകയാണ് തങ്ങളെന്ന് രജിത്ത് ആരോപിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.