/indian-express-malayalam/media/media_files/uploads/2018/01/20196372_1828890317155460_1101093618_o.jpg)
ഇനിയെങ്കിലും ഈ ദുരിത പാഠം വായിക്കാൻ സർക്കാർ തയ്യാറാകുമോ എന്ന് ഒരു വിഭാഗം അധ്യാപകർ. തുല്യ ജോലി ചെയ്തിട്ടും അധിക യോഗ്യതയുണ്ടായിട്ടും അനീതിയുടെ പുതിയ പാഠങ്ങൾ പഠിക്കാൻ വിധിക്കപ്പെട്ട കേരളത്തിലെ ഗസ്റ്റ് അധ്യാപകർ സർക്കാരിനോട് ചോദിക്കുന്നു.
കേരളത്തിലെ വിവിധ സർവകലാശാലകൾക്ക് കീഴിൽ ജോലി ചെയ്യുന്ന ഗസ്റ്റ് അധ്യാപകരാണ് തങ്ങൾ നേരിടുന്ന അനീതിക്കെതിരെ സൂചനാ പണിമുടക്ക് നടത്തിയത്. കാസർകോട് മുതൽ തിരുവനന്തപുരം വരെയുളള പല കോളജുകളിലും ഇവരുടെ പണിമുടക്ക് കാരണം അധ്യയനം മുടങ്ങി. കേരളത്തിലൊട്ടാകെ 2,500 ഗസ്റ്റ് അധ്യാപകരാണ് ഓൾകേരള കോളജ് ഗസ്റ്റ് ലക്ചറേഴ്സ് യൂണിയന്രെ നേതൃത്വത്തിൽ നടന്ന സൂചനാ പണിമുടക്കിൽ പങ്കെടുത്തത്.
കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയിലെ നട്ടെല്ലായ വിഭാഗമാണ് ഗസ്റ്റ് അധ്യാപകർ. കേരളത്തിലെ പ്രത്യേകിച്ച് വടക്കൻ കേരളത്തിലെ പല കോളജുകളിലും അധ്യയനം നടക്കുന്നത് തന്നെ ഈ വിഭാഗം അധ്യാപകരുളളതിനാലാണ് എന്നത് ഇന്ന് ആർക്കും നിഷേിധിക്കാനാകാത്തതാണ്.
നിലവിൽ സംഘടനയുടെ കണക്കുകൾ പ്രകാരം വടക്കൻ ജില്ലകളിലാണ് താത്കാലിക അദ്ധ്യാപകർ കൂടുതലുളളത്. കാസർഗോഡ് ജില്ലയിൽ 132, കണ്ണൂർ ജില്ലയിൽ 216, മലപ്പുറത്ത് 365, കോഴിക്കോട് 169, പാലക്കാട് 150, തൃശ്ശൂർ 150 എന്നിങ്ങനെയാണ് കണക്ക്.
ഇവരുടെ വേതനം, യോഗ്യതകൾക്കോ തൊഴിലിനോ അടിസ്ഥാനപ്പെടുത്തിയുളളതല്ല എന്ന വലിയ പ്രശ്നമാണ് ഉന്നയിക്കപ്പെടുന്നത്. രണ്ട് വർഷത്തിലേറെയായി വേതന വ്യവസ്ഥകൾ പരിഷ്കരിക്കണമെന്ന ആവശ്യം ഉന്നയിച്ച് ഒറ്റ തിരിഞ്ഞും കൂട്ടായും ഇവർ അധികൃതരെ സമീപിക്കുന്നു. എംഎൽഎ മാർക്കും മന്ത്രിമാർക്കും ഉന്നത ഉദ്യോഗസ്ഥർക്കും വരെ നിവേദനങ്ങളെത്തി. എന്നാൽ ഒന്നും വേണ്ട വിധം പരിഗണിക്കപ്പെട്ടില്ല. ഇതാണ് ഇപ്പോൾ സമരത്തിലേക്ക് എത്തിച്ചിരിക്കുന്നത്.
പി എച്ച് ഡിയും നെറ്റും ഒക്കെ ഉളള അധ്യാപകർപോലും ചെറിയശമ്പളത്തിന് ജോലി ചെയ്യേണ്ടി വരുന്ന ഗതികേടിലാണ്. ഈ സാഹചര്യത്തിലാണ് ഇവർ സമരരംഗത്തേയ്ക്കിറങ്ങേണ്ടി വന്നത്. ഒരു മണിക്കൂർ ക്ലാസ്സിന് മുന്നൂറ് മുതൽ അഞ്ചൂറ് രൂപവരെയാണ് ഇവരുടെ ശമ്പളം. പക്ഷേ എത്ര പഠിപ്പിച്ചാലും ശമ്പളം 25,000 രൂപയ്ക്ക് മുകളിൽ പോകില്ല. കാരണം 50 മണിക്കൂറാണ് ഗസ്റ്റ് ലക്ചർക്ക് ഏറ്റവും കൂടുതൽ പഠിപ്പിക്കാൻ അനുവദിച്ചിട്ടുളള സമയം. അതിൽ കൂടുതൽ പഠിപ്പിച്ചാൽ വായിലെ വെളളം വറ്റുമെന്നല്ലാതെ മറ്റൊന്നും സംഭവിക്കില്ല ഗസ്റ്റ് അധ്യാപകർ പറയുന്നു.
വൊക്കേഷണൽ ഹയർ സെക്കൻഡറി, ഹയർ സെക്കൻഡറി 1360 രൂപയാണ് ദിവസ വേതനമാണ്. ശനിയാഴ്ചയും ക്ലാസുണ്ട്. 34000 രൂപ വരെ ലഭിക്കുമെന്ന് ഗസ്റ്റ് അധ്യാപകർ പറയുന്നു.
ഈ സൂചന പണിമുടക്ക് കഴിഞ്ഞ ശേഷം ഞങ്ങളുടെ വിഷയം കൊളിജീയറ്റ് ഡയറക്ടറെ അറിയിക്കണമെന്ന് എല്ലാ പ്രിൻസിപ്പൽമാരോടും അഭ്യർത്ഥിച്ചിട്ടുണ്ട്. എല്ലാ എം എൽ എ മാരെയും ഗസ്റ്റ് അധ്യാപകരുടെ വിഷയം ബോധ്യപ്പെടുത്തും. ഇപ്പോൾ നടക്കുന്ന ബജറ്റ് സമ്മേളത്തിൽ സർക്കാരിന്രെ ശ്രദ്ധയിൽ ഈ വിഷയം കൊണ്ട് വരണമെന്ന് അവരോടും അഭ്യർത്ഥിക്കും, വിദ്യാഭ്യാസമന്ത്രിയെ കാണും. പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടായില്ലെങ്കിൽ ഫെബ്രുവരി അഞ്ചമുതൽ പണിമുടക്ക് നടത്തുമെന്ന യൂണിയൻ സംസ്ഥാന പ്രസിഡന്റ് ഡോ പി പി രജിത് പറഞ്ഞു.
രാവിലെ ഒപ്പ് വെയ്ക്കാതെ, പണിമുടക്ക് നടത്തി. സമരത്തിന്രെ നോട്ടീസ് നൽകി കോളജിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി. ഭൂരിഭാഗം കോളജിലും പല വകുപ്പുകളും പ്രവർത്തിച്ചില്ല. സ്ഥിരം അധ്യാപകരും വിദ്യാർത്ഥികളും സമരത്തോട് അനുഭാവം പ്രകടിപ്പിച്ചതായും രജിത് പറഞ്ഞു.
ഇന്നല്ലെങ്കിൽ നാളെ സർക്കാരിന് ഈ വിഷയം പരിഗണിക്കാതിരിക്കാൻ സാധിക്കില്ലെന്നാണ് ഗസ്റ്റ് അധ്യാപകനായ പിപി ലിബീഷ് പറയുന്നത്. "സർക്കാർ പ്രതിനിധികൾ എന്തായാലും സംഘടനാ നേതാക്കളെ ചർച്ചയ്ക്ക് വിളിക്കുമെന്ന് ഞങ്ങൾക്കുറപ്പുണ്ട്. വിദ്യാർത്ഥികളും സ്ഥിര അദ്ധ്യാപകരും ഞങ്ങളുടെ ആവശ്യത്തിന് നല്ല പിന്തുണ നൽകുന്നുണ്ട്. ഈയൊരവസരത്തിൽ ഗസ്റ്റ് അദ്ധ്യാപകരെ രണ്ടാം തരം പൗരന്മാരായി കാണുന്ന സമീപനത്തിൽ മാറ്റമുണ്ടാകുമെന്നാണ് ഞങ്ങളുടെ വിശ്വാസം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us