തിരുവനന്തപുരം: രാജ്യത്താകമാനം ഏക നികുതി സമ്പ്രദായമായ ജിഎസ്‌ടി നിലവിൽ വന്ന ശേഷം വ്യാപാരികൾ വില വർദ്ധിപ്പിച്ച് കൊള്ളയടിക്കുകയാണെന്ന് ധനമന്ത്രി ടിഎം തോമസ് ഐസക്. ജനങ്ങൾക്ക് ലാഭകരമാകേണ്ടതാണ് ജിഎസ്ടി എന്നും അദ്ദേഹം വിശദീകരിച്ചു. സപ്ലൈകോ വഴി വിതരണം ചെയ്യുന്ന 52 സാധനങ്ങളുടെ പുതിയ വില ധനമന്ത്രി പ്രസിദ്ധീകരിച്ചു.

അപൂർവ്വ ഉൽപ്പന്നങ്ങളുടെ വില വർദ്ധിച്ചിട്ടുണ്ടെങ്കിലും ബഹുഭൂരിപക്ഷം ഉൽപ്പന്നങ്ങളുടെയും വില കുറഞ്ഞിരിക്കുകയാണ് എന്ന് ധനമന്ത്രി വ്യക്തമാക്കി. സാധനങ്ങൾ കുറഞ്ഞ വിലയിൽ എത്ര വേണമെങ്കിലും സിവിൽ സപ്ലൈസ് കോർപ്പറേഷൻ നൽകാൻ തയ്യാറാണെന്നും മന്ത്രി വിശദീകരിച്ചു.

“ഇക്കാര്യം ചെയ്യാൻ വ്യാപാരികൾ തയ്യാറാകാത്തത് എന്തുകൊണ്ടാണ്? പരമാവധി വിലയേക്കാൾ കൂടി വിലയ്ക്ക് ഉൽപ്പന്നങ്ങൾ വിൽക്കാൻ റീട്ടെയ്ൽ വ്യാപാരികൾക്ക് അധികാരമില്ല. നിയമവിരുദ്ധമായ ഇത്തരം നടപടികൾ സർക്കാർ ശക്തമായ നടപടി എടുക്കും. അതിന് സമ്മർദ്ദം ചെലുത്തി നടപടികൾ ഇല്ലാതാക്കാൻ ആരും ശ്രമിക്കേണ്ട”, ഐസക് പറഞ്ഞു.

“കൂടിയ വിലയ്ക്ക് ഉൽപ്പന്നങ്ങൾ വിൽക്കുന്നവർക്കെതിരെ കേസെടുക്കും. ലീഗൽ മെട്രോളജി വകുപ്പ് നിയമം പ്രകാരം വില ഉയർത്തി വിൽക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കും. ഇതിന് ആരെന്ത് സമ്മർദ്ദം ചെലുത്തിയാലും സർക്കാർ പിന്നോട്ട് പോകില്ല”, ധനമന്ത്രി വ്യക്തമാക്കി.

“ജിഎസ്ടി വന്ന ശേഷം വിപണിയിൽ ഒരു ലക്ഷം കോടി രൂപ നികുതി ഇളവ് വരേണ്ടതാണ്. പക്ഷെ വിപണിയിൽ എല്ലാവരും വില കൂട്ടി. ഇതിനെ ഫലപ്രദമായി ചെറുക്കണമെന്ന ആവശ്യം ഉന്നയിച്ചിട്ടും കേന്ദ്രസർക്കാർ തയ്യാറാവുന്നില്ല”, ധനമന്ത്രി കുറ്റപ്പെടുത്തി.

“ജിഎസ്‌ടി വന്ന ശേഷം കോഴി ഇറച്ചി വില 87 രൂപയാണ്. തിങ്കളാഴ്ച മുതൽ ഈ വിലയ്ക്കേ കോഴിയിറച്ചി വിൽക്കാനാവൂ”, മന്ത്രി വ്യക്തമാക്കി.

“ഹോട്ടൽ ഭക്ഷണത്തിന് നോൺ എസി യിൽ 5 ശതമാനം വില കുറച്ച് പത്ത് ശതമാനം ജിഎസ്ടി ചുമത്തിയാകും വിൽപ്പന. എസിയിൽ എട്ട് ശതമാനമായിരുന്ന നികുതി കുറച്ച് 18 ശതമാനമാക്കും”, ഹോട്ടലുകാർർ സമ്മതിച്ചതായി മന്ത്രി വ്യക്തമാക്കി.

“ചിക്കന്റെ വില കുറയുമ്പോൾ സ്വാഭാവികമായ വിലക്കുറവ് ഹോട്ടൽ ഭക്ഷണത്തിലും വരും.” മന്ത്രി വിശദീകരിച്ചു. “ചെക് പോസ്റ്റുകളോ സമാനമായ മറ്റെന്തെങ്കിലുമോ ഇനി ഇല്ല. നികുതി തന്നെ ഓരോ ഘട്ടത്തിലും ഇളവ് ചെയ്തിരിക്കുകയാണ്. ഈ ഘട്ടത്തിൽ കിട്ടിയ അവസരം മുതലാക്കി വില വർദ്ധിപ്പിക്കുന്നതെങ്ങിനെയാണ്?”, മന്ത്രി ചോദിച്ചു.

“സിവിൽ സപ്ലൈസ് കോർപ്പറേഷൻ ചെയ്തത് പോലെ പരമാവധി വിലയേക്കാൾ കുറഞ്ഞ വിലയ്ക്ക് സാധനങ്ങൾ ഉപഭോക്താക്കൾക്ക് നൽകണം. വില ഉയർത്തി ജനങ്ങളെ പരിഹസിക്കുകയോ വെല്ലുവിളിക്കുകയോ ചെയ്യരുതെന്നും”, മന്ത്രി ആവശ്യപ്പെട്ടു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ