തിരുവനന്തപുരം: രാജ്യത്ത് നടപ്പിലാക്കിയ നികുതി പരിഷ്കരണത്തിന് പിന്നാലെ സംസ്ഥാന ഖജനാവിലെ വരുമാനം കുറഞ്ഞതായി റിപ്പോർട്ട്. വാറ്റ് നികുതി വഴി 1200 കോടി ലഭിക്കേണ്ടിടത്ത് വെറും 500 കോടി മാത്രമാണ് സംസ്ഥാന ഖജനാവിലേക്ക് എത്തിയതെന്ന് മനോരമയാണ് റിപ്പോർട്ട് ചെയ്തത്.
അതേസമയം ജൂലൈ മാസത്തിലെ നികുതിയടക്കാനുള്ള തീയ്യതി നീട്ടിയതും കേന്ദ്ര വിഹിതം ലഭിക്കാനിരിക്കുന്നതും ചൂണ്ടിക്കാട്ടി നികുതിയിൽ കുറവുണ്ടായില്ലെന്ന് ധനവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
സംസ്ഥാനത്ത് രണ്ടര ലക്ഷം വ്യാപാരികളിൽ 80000 പേരിൽ നിന്നുള്ള നികുതി ലഭിച്ച ശേഷം പുറത്തുവന്നതാണ് ഈ കണക്ക്. അതേസമയം ഇനിയും 1.70 ലക്ഷം പേർ ഇനിയും നികുതിയടക്കാനുണ്ടെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.
അതേസമയം ഇതര സംസ്ഥാനങ്ങളിൽ നിന്ന് ഉൽപ്പന്നങ്ങൾ കേരളത്തിലേക്ക് എത്തിച്ചത് വഴി കേരളത്തിന് ലഭിക്കേണ്ട നികുതിയാണ് കിട്ടാനുള്ളത്. ഇതു കൂടിയാകുന്പോൾ നികുതി വരവ് 1000 കോടി കവിയുമെന്നാണ് ധനവകുപ്പിൻ്റെ പ്രതീക്ഷ.