ഗാന്ധിനഗര്‍: ജി.എസ്.ടി കൗണ്‍സിലിന്റെ തീരുമാനങ്ങള്‍ വ്യാപാരികള്‍ക്ക് ദീപാവലി നേരത്തെയാക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചെറുകിട-ഇടത്തര കച്ചവടക്കാര്‍ക്കും വ്യവസായികള്‍ക്കും സഹായകരമായ രീതിയില്‍ ജിഎസ്ടിയില്‍ മാറ്റം വരുത്താനുള്ള നീക്കം ഇന്നലെയാണ് ജിഎസ്ടി കൗണ്‍സില്‍ സ്വീകരിച്ചത്. ഇതിനെ സൂചിപ്പിച്ചാണ്‌ വ്യാപാരികള്‍ക്ക് ദീപാവലി നേരത്തെയെത്തി എന്ന പരാമര്‍ശം പ്രധാനമന്ത്രി നടത്തിയത്.

ബി.ജെ.പി സർക്കാർ എല്ലാവിധ ജനങ്ങളുടേയും വികസനത്തിനായാണ് എന്നും നിലകൊണ്ടത്. എന്നാൽ, പ്രതിപക്ഷം ആവട്ടെ, കേവലം സങ്കുചിത കാഴ്ചപ്പാടോടെയാണ് പ്രവർത്തിക്കുന്നത്. അതിനാൽ തന്നെ സർക്കാരിന്റെ നല്ല കാര്യങ്ങളെ അവർ തുറന്നെതിർക്കുന്നു- ഓഖയേയും ദ്വാരകയേയും ബന്ധിപ്പിക്കുന്ന പാലത്തിന്റെ തറക്കില്ലിടൽ നിർവഹിച്ച ശേഷം പ്രധാനമന്ത്രി പറഞ്ഞു.

പുതിയ മാറ്റങ്ങള്‍ക്കു ശേഷം അറുപതോളം ഉത്പന്നങ്ങളുടെ വിലയില്‍ കുറവുണ്ടായിട്ടുണ്ട്. ഒരു കോടി വരെ വിറ്റുവരവുള്ള ചെറുകിട കച്ചവടക്കാര്‍ മൂന്നു മാസം കൂടുമ്പോള്‍ വര്‍ഷത്തില്‍ നാലു തവണയാണ് ജിഎസ്ടി അടക്കേണ്ടത്. 50,000 രൂപ മുതല്‍ 2,00,000 രൂപ വരെയുള്ള തുകക്ക് സ്വര്‍ണ്ണം വാങ്ങുന്നവര്‍ ഇനി പാന്‍ കാര്‍ഡ് ഹാജരാക്കേണ്ട. ഹോട്ടലുകളില്‍ നിലനില്‍ക്കുന്ന ആശങ്ക പരിഹരിക്കാന്‍ പ്രത്യേകം ജിഎസ്ടി സമിതിയെ രൂപീകരിക്കുമെന്നും സൂചനയുണ്ട്. കരകൗശല വസ്തുക്കളുടെയും കയര്‍ ഉത്പന്നങ്ങളുടെയും നികുതി കുറച്ചിട്ടുണ്ട്.

അതേസമയം, ജിഎസ്ടിയുടെ പ്രത്യാഘാതങ്ങള്‍ വരാനിരിക്കുന്നതേയുള്ളു എന്ന് ധനമന്ത്രി ടിഎം തോമസ് ഐസക് മുന്നറിയിപ്പ് നൽകി. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകും. നിയമം ചെറുകിട വ്യവസായ മേഖലയെയും കയറ്റുമതി മേഖലയെയും സാരമായി ബാധിച്ചു. വിലക്കയറ്റം വര്‍ധിക്കാന്‍ കാരണമായി. പുതിയ നിയമം മൂലം സംസ്ഥാനത്തിന് ഒരുവര്‍ഷം നാനൂറ് കോടിരൂപ നഷ്ടമുണ്ടാകുന്നു എന്നും ഐസക് ആലപ്പുഴയില്‍ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ