ഡൽഹി:പ്രളയക്കെടുതി കണക്കിലെടുത്ത് കേരളത്തിന് സഹായകമെന്ന നിലയില്‍ ചരക്ക് സേവന നികുതിയില്‍ അധിക സെസ് ഏര്‍പ്പെടുത്തുന്നത് പരിശോധിക്കുന്നതിനായി ഏഴംഗ മന്ത്രിതല സമിതിക്കു രൂപം നല്‍കാന്‍ ജിഎസ് ടി കൗണ്‍സില്‍ യോഗത്തില്‍ ധാരണ. കേന്ദ്ര ധനമന്ത്രി അരുൺ ജെയ്‌റ്റ്‌ലിയും സംസ്ഥാന ധനമന്ത്രി തോമസ് ഐസക്കുമാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.

കേരളമടക്കം വിവിധ സംസ്ഥാനങ്ങളിലുണ്ടായ പ്രളയ ദുരിതം നേരിടുന്നതിന് പ്രത്യേക സെസ് പിരിക്കണമെന്ന ആവശ്യം ജിഎസ് ടി കൗൺസിൽ യോഗത്തിൽ ഉയർന്നത്. കേരളമാണ്, സംസ്ഥാനത്ത് 25000 കോടി രൂപയുടെ നാശനഷ്ടം മറികടക്കാൻ പ്രത്യേക സെസ് പിരിക്കണമെന്ന ആവശ്യം ഉന്നയിച്ചത്.

എസ്ജിഎസ്ടിയില്‍ സെസ്, അഖിലേന്ത്യാടിസ്ഥാനത്തില്‍ സെസ്, ഒന്നോ രണ്ടോ ഉത്പന്നങ്ങള്‍ക്കു സെസ് ഇതില്‍ ഏതു രീതി വേണമെന്നത് ഏഴംഗ മന്ത്രിതല സമിതി തീരുമാനിക്കും. അഭിപ്രായ സമന്വയത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തീരുമാനമെന്ന് ഐസക്ക് പറഞ്ഞു

പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ കേരളത്തെ സഹായിക്കുന്ന തിനായി പ്രത്യേക സെസ് ഏര്‍പ്പെടുത്തുന്നതിനെ കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജയ്റ്റ്‌ലിയും മിക്ക സംസ്ഥാനങ്ങളിലെ പ്രതിനിധികളും പിന്തുണച്ചതായി തോമസ് ഐസക് പറഞ്ഞു. പ്രത്യേക സെസ് ഏര്‍പ്പെടുത്തുന്നതിന് തടസങ്ങളൊന്നുമില്ല. അടിയന്തിര ഘട്ടങ്ങളില്‍ ഒരു സംസ്ഥാനത്തെ സഹായിക്കുന്നതിനു ഇത്തരത്തില്‍ അധിക നികുതി ഏര്‍പ്പെടുത്തുന്നതിനെ ഭരണഘടനയും പിന്തുണയ്ക്കുന്നുണ്ടെന്ന് കേന്ദ്ര ധനമന്ത്രി അറിയിച്ചു. ഇക്കാര്യത്തില്‍ മന്ത്രിതല സമിതി ഉടന്‍ ഫോര്‍മുല തയാറാക്കും. സമിതിയുടെ അന്തിമ റിപ്പോര്‍ട്ടിനു ശേഷം തീരുമാനമുണ്ടാകുമെന്നും തോമസ് ഐസക്ക് പറഞ്ഞു.

സെസ് ഏതെങ്കിലും പ്രത്യേക ഇടങ്ങളിൽ മാത്രമാക്കാതെ രാജ്യവ്യാപകമായി പിരിക്കാമെന്ന അഭിപ്രായമാണ് കേന്ദ്ര ധനകാര്യ മന്ത്രി അരുൺ ജയ്റ്റ്ലിക്ക് ഉളളത്. ഇതിന് കൗൺസിലിന്റെ അനുമതി വേണം. ഇതിന് പുറമെ കേന്ദ്രസർക്കാർ നിയമ ഭേദഗതിക്കായി ഓർഡിനൻസ് ഇറക്കണം. ചെറിയ കാലയളവില്‍ ഏതാനും ഉല്‍പ്പന്നങ്ങള്‍ക്ക് സെസ് ചുമത്തി കേരളത്തിന് ഫണ്ട് സ്വരൂപിക്കാനാണ് ശ്രമം.

GST Council Meeting Live Updates: ജിഎസ്‌ടി കൗൺസിൽ യോഗം തത്സമയ വിവരങ്ങൾ

5.50PM: എസ്ജിഎസ്ടിയില്‍ സെസ്, അഖിലേന്ത്യാടിസ്ഥാനത്തില്‍ സെസ്, ഒന്നോ രണ്ടോ ഉത്പന്നങ്ങള്‍ക്കു സെസ് ഇതില്‍ ഏതു രീതി വേണമെന്നത് ഏഴംഗ മന്ത്രിതല സമിതി തീരുമാനിക്കുമെന്ന് സംസ്ഥാന ധനമന്ത്രി ഡോ. തോമസ് ഐസക്ക് അറിയിച്ചു.

2.00 pm: പ്രളയ ദുരിതത്തിൽ നിന്ന് കരകയറാൻ കേരളം ആവശ്യപ്പെട്ട അധിക സെസ് പഠിക്കാൻ ഏഴംഗ മന്ത്രിസഭ സമിതിയെ നിയമിച്ചതായി കേന്ദ്ര ധനകാര്യ മന്ത്രി അരുൺ ജയ്റ്റ്ലി. 30ാമത് ജിഎസ്‌ടി കൗൺസിൽ യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരെ അറിയിച്ചതാണ് ഇക്കാര്യം.

1.30 pm: റവന്യു വരുമാനത്തിലെ ട്രന്റ് മനസിലാക്കാൻ അടുത്ത മാസം വരെ കാത്തിരിക്കണമെന്ന് യോഗത്തിൽ കേരളത്തിന്റെ ധനകാര്യ മന്ത്രി ടിഎം തോമസ് ഐസക് പറഞ്ഞു. റവന്യു കമ്മിയിൽ കുറവ് വരുന്നുണ്ടെന്നും എന്നാൽ ഈ ട്രന്റ് അടുത്ത മാസത്തെ കണക്കുകൾ കൂടി ലഭിച്ചാലേ പറയാനാകൂ എന്നുമാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.

1.10 pm: ജിഎസ്‌ടിയിൽ പ്രളയ ദുരിതാശ്വാസത്തിനായുളള അധിക സെസ് ഏർപ്പെടുത്തുന്ന കാര്യം പഠിക്കാൻ മന്ത്രിമാരുടെ സംഘത്തെ ചുമതലപ്പെടുത്തി. കേരളത്തിന്റെ ആവശ്യം പരിഗണിച്ചാണ് കൗൺസിൽ ഈ തീരുമാനം എടുത്തത്. അധിക സെസ് ഏർപ്പെടുത്തിയാൽ റവന്യു വരുമാനത്തിൽ വർദ്ധനവുണ്ടാകുമെന്നാണ് കൗൺസിൽ യോഗത്തിന്റെ വിലയിരുത്തൽ.

1.00 pm: കേരളത്തിന്റെ ആവശ്യം പരിഗണിച്ച് ജിഎസ്‌ടിയിൽ അധിക സെസ് ഏർപ്പെടുത്താനുളള തീരുമാനം കൗൺസിൽ യോഗം ചർച്ച ചെയ്തുവെന്ന വിവരമാണ് പുറത്തുവരുന്നത്.

11.30 am: പ്രളയവുമായി ബന്ധപ്പെട്ട ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് 2000 കോടി രൂപയാണ് അധിക സെസിലൂടെ പിരിക്കാൻ ഉദ്ദേശിക്കുന്നത്.

11.00 am: ആഡംബരകാറുകള്‍ക്ക് രാജ്യവ്യാപകമായി സെസ് ചുമത്താമെന്ന നിര്‍ദേശമാണ് ധനമന്ത്രാലയത്തിനുള്ളത്. ഇക്കാര്യത്തില്‍ വിശദമായ  റിപ്പോര്‍ട്ട് ഇന്നത്തെ യോഗത്തില്‍ വെയ്ക്കും. അതിന് പുറമെ, സെസ് എല്ലാ ഉൽപ്പന്നങ്ങൾക്ക് മേലും ചുമത്തണമോയെന്ന കാര്യവും ഇന്നത്തെ യോഗം പരിശോധിക്കും.

10.45 am: സംസ്ഥാന ജിഎസ്ടിയില്‍ 10 ശതമാനം സെസ് ചുമത്താന്‍ അനുവദിക്കണമെന്നായിരുന്നു കേരളത്തിന്‍റെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട് മന്ത്രി തോമസ് ഐസക്, കേന്ദ്ര ധനകാര്യ മന്ത്രി അരുൺ ജയ്റ്റ്ലിയെ നേരിൽ കണ്ട് ചർച്ച നടത്തിയിരുന്നു.

10.00 am: ജി എസ് ടിക്ക് മേൽ അധിക സെസ് ചുമത്തുന്നതിനെ എതിർക്കുന്ന ഹർജികൾ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഇക്കാര്യത്തിൽ തീരുമാനം വന്നിട്ടില്ല. എന്നാൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലും പ്രളയം ഉണ്ടായതിനാൽ മറ്റ് സംസ്ഥാനങ്ങളും സെസ് തീരുമാനത്തെ അനുകൂലിച്ചേക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.