scorecardresearch

കൊച്ചി മെട്രോ തുണച്ചു, യുവാവിന്റെ വിവാഹ സ്വപ്നം പൂവണിഞ്ഞു

മെട്രോ ട്രെയിനിൽ സഞ്ചരിച്ചതുകൊണ്ടാണ് മുഹൂർത്ത സമയത്ത് രഞ്ജിത്തിനും ബന്ധുക്കൾക്കും എത്താൻ സാധിച്ചത്.

കൊച്ചി മെട്രോ തുണച്ചു, യുവാവിന്റെ വിവാഹ സ്വപ്നം പൂവണിഞ്ഞു

കൊച്ചി മെട്രോയ്ക്ക് ഒരായിരം നന്ദി പറയുകയാണ് പാലക്കാട് സ്വദേശിയായ രഞ്ജിത് കുമാർ. കൊച്ചി മെട്രോ യാഥാർത്ഥ്യമായിരുന്നില്ല എങ്കിൽ ഈ ചെറുപ്പക്കാരന്റെ വിവാഹം തന്നെ മുടങ്ങിയേനെ. എല്ലാം അവസാനിച്ചുവെന്നു കരുതിയ ഒരു നിമിഷത്തിൽ നിന്നും വിവാഹ ജീവിതത്തേക്ക് ഈ യുവാവിനെ അതിവേഗം കൊണ്ടെത്തിച്ചത് കൊച്ചി മെട്രോയാണ്.

കഴിഞ്ഞ ശനിയാഴ്ചയായിരുന്നു പാലക്കാട് സ്വദേശിയായ രഞ്ജിത് കുമാറും കൊച്ചി സ്വദേശിയായ ധന്യയും തമ്മിലുളള വിവാഹം. കൊച്ചിയിലേക്കെത്താനായി റോഡ് മാർഗ്ഗമാണ് വരനും കൂട്ടരും തിരഞ്ഞെടുത്തത്. രാവിലെ 6 മണിക്കാണ് വിവാഹ സംഘം പാലക്കാടുനിന്നും യാത്ര തിരിച്ചത്. 11 മണിയോടെ കൊച്ചിയിൽ എത്താനാവുമെന്ന് കരുതി. എന്നാൽ ട്രാഫിക് ബ്ലോക്ക് എല്ലാ കാര്യങ്ങളും തകിടം മറിച്ചു. ഒരു വിധത്തിൽ ആലുവയിൽ എത്തി.

സമയം വൈകുംതോറും വധുവിന്റെ ബന്ധുക്കൾ ഫോൺ വിളികൾ തുടർന്നു. റോഡ് മാർഗ്ഗം ഉപേക്ഷിച്ച് മറ്റേതെങ്കിലും വഴി തിരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടു. അപ്പോഴാണ് രഞ്ജിത് മെട്രോയെ കുറിച്ച് ചിന്തിച്ചത്. ഉടൻ തന്നെ എല്ലാവരും ആുവ മെട്രോ സ്റ്റേഷനിലെത്തി.

”ആലുവ സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറിനു മുൻപിൽ വലിയൊരു ക്യൂ തന്നെ ഉണ്ടായിരുന്നു. ഇന്നെന്റെ വിവാഹം ആണെന്ന് അവിടെ നിന്നവരോട് പറഞ്ഞു. ഉടൻ തന്നെ അടുത്ത ട്രെയിനുളള ടിക്കറ്റ് ഞങ്ങൾക്ക് ശരിയാക്കി തന്നു” കൊച്ചി മെട്രോ പുറത്തുവിട്ട വിഡിയോയിൽ രഞ്ജിത് പറയുന്നു.

മെട്രോ ട്രെയിനിൽ സഞ്ചരിച്ചതുകൊണ്ടാണ് മുഹൂർത്ത സമയത്ത് രഞ്ജിത്തിനും ബന്ധുക്കൾക്കും എത്താൻ സാധിച്ചത്. ”5 മിനിറ്റ് കൊണ്ട് എല്ലാ ചടങ്ങുകളും കഴിഞ്ഞു” രഞ്ജിത് പറഞ്ഞു.

കൊച്ചി മെട്രോയിലൂടെ വിവാഹ ജീവിതം ലഭിച്ച നദമ്പതികൾക്ക് മെട്രോ വക സമ്മാനവും ലഭിച്ചു. കൊച്ചി 1 സ്മാർട് കാർഡ് നൽകിയാണ് കെഎംആർഎൽ ദമ്പതികൾക്ക് വിവാഹ ആശംസകൾ നൽകിയത്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Groom dumps car and takes kochi metro to reach wedding venue on time