ന്യൂഡല്‍ഹി: കസ്തൂരിരംഗന്‍ കരടുറിപ്പോര്‍ട്ടില്‍ ശുപാര്‍ശചെയ്ത പരിസ്ഥിതി ലോല മേഖലകളില്‍ (ഇഎസ്എ) മാറ്റംവരുത്തരുതെന്ന് ദേശീയ ഹരിത ട്രിബ്യൂണല്‍. കേരളത്തിലെ പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ കരടില്‍ മാറ്റം വരുത്തുന്നത് പരിസ്ഥിതിക്ക് ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുമെന്നു ജസ്റ്റിസ് എകെ ഗോയല്‍ അധ്യക്ഷനായ ബെഞ്ച് അഭിപ്രായപ്പെട്ടു.
ഇഎസ്എയില്‍ നിന്ന് 1343 ചതുരശ്രകിലോമീറ്റര്‍ ഒഴിവാക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളുന്നതാണ് ഉത്തരവ്. അതേമസയം, കരടുവിജ്ഞാപനത്തിന്റെ കാലാവധി അവസാനിച്ചതിനാല്‍ ആറുമാസത്തിനകം അന്തിമവിജ്ഞാപനം പുറപ്പെടുവിക്കണമെന്നും കേന്ദ്രസര്‍ക്കാരിനോട് ട്രിബ്യൂണല്‍ നിര്‍ദേശിച്ചു.
വിജ്ഞാപനം വൈകുന്നതിനെതിരേ ഗോവ ഫൗണ്ടേഷന് നല്കിയ ഹരജിയിലാണ് പുതിയ ഉത്തരവ്. വലിയ സമ്മര്‍ദത്തിലാണ് പശ്ചിമഘട്ടത്തിലെ പരിസ്ഥിതി. ജൈവവൈവിധ്യത്താല്‍ സമ്പന്നമായ പശ്ചിമഘട്ടമേഖല സംരക്ഷിക്കപ്പെടണമെന്നും ഖനനം നിയന്ത്രിക്കണമെന്നും സുപ്രീംകോടതി തന്നെ വ്യക്തമാക്കിയിട്ടുള്ളതും ട്രിബ്യൂണല്‍ ഉത്തരവില്‍ ചൂണ്ടിക്കാട്ടി.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ പരിസ്ഥിതിലോല മേഖലയില്‍നിന്ന് ഏലമലക്കാടുകള്‍, ചതുപ്പുകള്‍, പട്ടയഭൂമി എന്നിവയുള്‍പ്പെടുന്ന പ്രദേശങ്ങള്‍ ഒഴിവാക്കണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം. അന്തിമവിജ്ഞാപനം വരുന്നതുവരെ കരടുവിജ്ഞാപനത്തിന്റെ പരിധിയിലുള്ള പ്രദേശങ്ങളില്‍ പദ്ധതികള്‍ക്കു പാരിസ്ഥിതികാനുമതിയും നല്‍കരുതെന്നും ഉത്തരവില്‍ പറയുന്നു.