കൊച്ചി: “അവരില്‍ ആരെങ്കിലുമൊരാള്‍ ആത്മഹത്യ ചെയ്യുമെന്ന് ഞാന്‍ ഭയക്കുന്നു,” തോമസ് സെബാസ്റ്റ്യന്‍ അത് പറയുമ്പോള്‍ ഗാലനോസ് അത്താനിയോസ് മട്ടാഞ്ചേരി പനയപള്ളിയിലു ള്ള ഗൗതം ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. ജീവിതത്തിലെ ഏറ്റവും പ്രതിസന്ധി നിറഞ്ഞ കാലത്തിലൂടെ പോകുമ്പോള്‍, തന്റെയും ഒപ്പമുളളവരുടെയും ജീവിതം തിരിച്ചുപിടിക്കാനുളള നിരാഹാര സമരം നയിച്ചാണ് അയാള്‍ ആ ആശുപത്രിയിലെത്തിയത്.

ഒന്നര വര്‍ഷം മുന്‍പാണ് വൈപ്പിനില്‍ നിന്ന് മത്സ്യബന്ധനത്തിനായി പോയ കാര്‍മല്‍ മാതാ എന്ന ബോട്ടില്‍ കപ്പലിടിച്ച് രണ്ട് പേര് മരിക്കുന്നത്. ബോട്ടിലെ തൊഴിലാളികളായ കുളച്ചല്‍ സ്വദേശി ആന്റണി ജോണ്‍ (തമ്പിദുരൈ-45), അസം സ്വദേശി രാഹുല്‍ ദാസ് (24) എന്നിവരാണ് മരിച്ചത്. അസം സ്വദേശിയായ മോട്ടിദാസിനെ (25)യാണ് കാണാതായത്. ഏണസ്റ്റ് (37 ), നേവീസ് (34), ആല്‍ദോ (26), വെനീസ് (26), ബ്രിട്ടോ (28), ആന്‍ഡ്രൂസ് (42), മെര്ലിന് (20) നെല്‍സണ്‍ (27), പ്രതീഷ് (28) തുടങ്ങി ബോട്ടിലുണ്ടായിരുന്ന എട്ട് മത്സ്യത്തൊഴിലാളികളെ രക്ഷപപെടുത്തി. 2017 ജൂണ്‍ 11 ന് പുലര്‍ച്ചെ 2.20 ഓടെയായിരുന്നു അപകടം. ഇസ്രായേലില്‍ നിന്ന് ചൈനയിലേക്ക് 29,000 ടണ്‍ യൂറിയയുമായി പോയ ആംബര്‍ എല്‍ എന്ന ഗ്രീക്ക് കപ്പലാണ് ബോട്ടിലിടിച്ചത്. കൊച്ചിയിലേക്ക് ഇന്ധനം നിറയ്ക്കാന്‍ വരികയായിരുന്നു ഗ്രീസ് ആസ്ഥാനമായ കാര്‍ലോഗ് ഷിപ്പിങിന്റെ ഈ കപ്പല്‍.
ബോട്ടിലിടിച്ച് കപ്പൽ കടന്നുപോയി. മത്സ്യത്തൊഴിലാളികളുടെ നിലവിളി കേട്ട് ഇവിടേക്ക് എത്തിയ മറ്റൊരു ബോട്ടിലുളളവരാണ് എട്ട് പേരെ രക്ഷിച്ചത്. രണ്ട് പേരുടെ മൃതദേഹവും ഇവർ കണ്ടെടുത്തു. തൊട്ടടുത്ത ദിവസം കൊച്ചി തീരത്തിന് അടുത്ത് വച്ച് ആംബര്‍ എല്‍ കോസ്റ്റല്‍ പോലീസിന്റെ കസ്റ്റഡിയിലായി. കപ്പലില്‍ പരിശോധന നടത്തിയത് കൊച്ചിയിലെ മെര്‍ക്കന്റൈല്‍ മറൈന്‍ ഡിപ്പാര്‍ട്ട്മെന്റായിരുന്നു (എംഎംഡി). ശാസ്ത്രീയമായ പരിശോധനകളില്‍ ബോട്ടിലിടിച്ചത് ആംബര്‍ എല്‍ തന്നെയാണെന്ന് ബോധ്യപ്പെട്ടു.
Read More: നാല് നൂറ്റാണ്ട് പഴക്കമുളള കപ്പൽച്ഛേദം സമുദ്രത്തിനടിയിൽ
അന്ന് തൊട്ട് ഗ്രീസുകാരായ കപ്പലിന്റെ ക്യാപ്റ്റന്‍ ജോര്ജിയാനക്കിസ് ലോയനിസും, സെക്കന്റ് ഓഫീസറായ ഗാലനോസ് അത്താനിയോസും, മ്യാന്മാര് പൗരനായ സീമെന്‍ സെവനയും കസ്റ്റഡിയിലായിരുന്നു. 70 വയസ് പ്രായമുണ്ട് ക്യാപ്റ്റന്‍. ഭാര്യ മാത്രമാണ് ഗ്രീസിലുളളത്. 35 കാരനായ ഗാലനോസ് അവിവാഹിതനാണ്. 2014 ല്‍ അമ്മ മരിച്ചു. 68 വയസ് പ്രായമുളള അച്ഛനും 32 വയസ് പ്രായമായ സഹോദരിയും ഗ്രീസിന്റെ തലസ്ഥാനമായ ഏതസിലാണ് താമസം. ഭാര്യയും രണ്ട് മക്കളുമാണ് 40 വയസ് പ്രായമുളള സെവാനുളളത്.
കേസിന്റെ നില ഇപ്പോള്‍
അപകടവുമായി ബന്ധപ്പെട്ട് രണ്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഒന്ന് മനപ്പൂര്‍വ്വമല്ലാത്ത നരഹത്യ. മറ്റൊന്ന് മരിച്ചവരുടെ നഷ്ടപരിഹാരം സംബന്ധിച്ച്.
മാസങ്ങളോളം പുറംകടലില്‍ ആംബര്‍ എല്‍ നങ്കൂരമിട്ട് കിടന്നു. പിന്നീട് ആറര കോടി രൂപ കെട്ടിവച്ചാണ് നഷ്ടപരിഹാരം സംബന്ധിച്ച കേസുകളില്‍ തീര്‍പ്പാക്കിയത്. ഇതോടെ കപ്പല്‍ വിട്ടുനല്‍കാന്‍ കോടതി ഉത്തരവിട്ടു. എന്നാല്‍ മനപ്പൂര്‍വമല്ലാത്ത നരഹത്യയെന്ന ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 304 ആം വകുപ്പില്‍ മൂന്ന് പേരുടെയും ഭാവി അനിശ്ചിതത്വത്തിലായി. ഈ കേസ് ഇപ്പോള്‍ എറണാകുളം ജില്ല കോടതിയുടെ പരിഗണനയിലാണ് ഉളളത്.
കപ്പലും അതിലുണ്ടായിരുന്ന 28 ജീവനക്കാരെയും തിരികെ കൊണ്ടുപോകുന്നതിന് മുന്‍പ് ക്യാപ്റ്റനെയും സെക്കന്റ് ഓഫീസറെയും സീമെനെയും നിര്‍ബന്ധിച്ച് കരാര്‍ അവസാനിപ്പിക്കുകയാണ് കമ്പനി ചെയ്തതെന്ന് ഇവര്‍ ആരോപിക്കുന്നു. തൊഴില്‍ രഹിത വേതനം വേണ്ടെന്ന പത്രത്തില്‍ ഒപ്പുവയ്പ്പിച്ചു കമ്പനി. അതിന് ശേഷം മൂവര്‍ക്കും വേതനം ലഭിച്ചിട്ടില്ല.
“ജൂലൈ ഒന്ന്, അന്നെന്റെ പിറന്നാളായിരുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും ‘പ്രത്യേകത’ നിറഞ്ഞ പിറന്നാള്‍. കോടതി എന്നെയും മറ്റുളളവരെയും റിമാന്‍ഡ് ചെയ്ത് ജയിലിലടച്ച ദിവസം,” ആശുപത്രി മുറിയിലിരുന്ന് പറയുമ്പോള്‍ ഗാലനോസ് തീര്‍ത്തും അസ്വസ്ഥനായി രുന്നു.
2017 ജൂലൈ മാസത്തില്‍ ഗാലനോസ് അടക്കം മുവര്‍ക്കും ജാമ്യം ലഭിച്ചു. ജാമ്യം കിട്ടി ഹോട്ടലില്‍ കഴിയുമ്പോഴാണ് മൂവരുടെയും കരാര്‍ അവസാനിപ്പിച്ച് കമ്പനി തിരികെ പോയത്. കൊച്ചി വില്ലിങ്ടണ്‍ ഐലന്റിലെ മാരുതി ഹോട്ടലിലാണ് ഇപ്പോള്‍ മൂവരുടെയും താമസം. അവിടുന്ന് തന്നെയാണ് ഭക്ഷണവും.

“അന്ന് കോടതിയില്‍ എംഎംഡി ജോയിന്റ് ഡയറക്ടറായ അജിത് കുമാര്‍ സുകുമാരന്റെ റിപ്പോര്‍ട്ടാണ് ഗുണം ചെയ്തത്,” ഇന്റര്‍നാഷണല്‍ ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേസ് ഫെഡറേഷന് കൊച്ചി ഇന്‍സ്പെക്ടറായ തോമസ് സെബാസ്റ്റ്യന്‍ പറഞ്ഞു. “കപ്പല്‍ ജീവനക്കാരെ ജാമ്യത്തില്‍ വിടാമെന്നും എന്നാല്‍ രാജ്യം വിട്ട് പോകരുതെന്നുമാണ് കോടതി പറഞ്ഞത്. അങ്ങിനെയെങ്കില്‍ കേസ് അവസാനിക്കുന്നത് വരെ ഇന്‍ഷുറന്‍സ് കമ്പനിയോ കപ്പല്‍ കമ്പനിയോ മൂവരുടെയും ചെലവ് വഹിക്കണമെന്ന് കോടതിയില്‍ അദ്ദേഹം ആവശ്യപ്പെട്ടു. അങ്ങിനെയാണ് മാരുതി ഹോട്ടലില്‍ താമസവും ഭക്ഷണവും കിട്ടിയത്. ജെഎം ബക്സി എന്ന ഏജന്‍സിയാണ് ഇന്‍ഷുറന്‍സ് കമ്പനിക്ക് വേണ്ടി അത് ചെയ്യുന്നത്.”
താമസവും ഭക്ഷണവും ആശുപത്രി ചെലവും ഇന്‍ഷുറന്‍സ് കമ്പനി വഹിക്കും. എന്നാല്‍ മറ്റ് ചെലവുകള്‍ അവരുടെ പരിഗണനയിലില്ല. ശമ്പളം ഇല്ലാതെയായതോടെ പല്ലുതേക്കാനുളള പേസ്റ്റോ, സോപ്പോ, പൊട്ടിയ ചെരിപ്പ് മാറ്റി വാങ്ങാനോ പോലും അവരുടെ പക്കല്‍ പണമില്ലാതായി.
‘ഇതൊരു ക്രിമിനല്‍ കുറ്റമല്ല. ക്രിമിനല്‍ കുറ്റമാകണമെങ്കില്‍ അതിന് പ്രേരിപ്പിക്കുന്ന കാരണം വേണം. അങ്ങിനെയൊന്നില്ല. ഇത് ദൗര്‍ഭാഗ്യകരമായി സംഭവിച്ച അപകടമാണ്. റോഡില്‍ നടക്കുന്ന അപകടം പോലെ ഒന്ന്. അവര്‍ക്കിപ്പോള്‍ ജാമ്യം കിട്ടി. പക്ഷേ, നോക്കൂ, കുടുംബമോ, രാജ്യമോ, അവരുടെ പൊലീസോ, അവരുടെ നിയമങ്ങളോ അവരുടേതായ എന്തെങ്കിലുമൊ അവര്‍ക്കൊപ്പമില്ല. വേതനം പോലും അവര്‍ക്ക് കിട്ടുന്നില്ല,’ സെബാസ്റ്റ്യൻ പറയുന്നു.
“അവർക്ക് ശമ്പളം നൽകേണ്ടെന്ന കമ്പനിയുടെ തീരുമാനത്തിൽ ഞങ്ങൾക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല,” എന്നായിരുന്നു ഇതേക്കുറിച്ചുളള ചോദ്യത്തിന് ഡൽഹിയിലെ ഗ്രീക്ക് എംബസി സെക്രട്ടറി ജോർജോയിസ് ഓയിക്കനോമു ഇന്ത്യൻ എക്സ്പ്രസ് മലയാളത്തോട് പറഞ്ഞത്.

നൂറ് രൂപ കൊണ്ട് എങ്ങിനെ കഴിയും?
“ഓരോ മാസവും നൂറ് രൂപ ഏജന്റ് തരും. അത് കൊണ്ട് എന്ത് ചെയ്യാനാണ്? പല്ല് തേക്കുന്ന പേസ്റ്റ് വാങ്ങാന്‍, കുളിക്കാനുളള സോപ്പ് വാങ്ങാന്‍, എന്തിന്, പൊട്ടിയ ചെരിപ്പ് മാറ്റി വാങ്ങാന്‍ പോലും പണമില്ല. ഓരോ തവണയും ഏജന്റിനോട് പോയി പണം ചോദിക്കും. അവര്‍ അമ്പതോ നൂറോ തരും. എന്റെ നാട്ടില്‍ ഒരു യൂറോ ആണ് ഈ നൂറ് രൂപ. അതുകൊണ്ട് 30 ദിവസം എങ്ങിനെ തളളിനീക്കും,” ഗാലനോസ് തന്റെ അവസ്ഥ വിവരിച്ചു.
തങ്ങളുടെ കാര്യത്തില്‍ എംബസിയും കമ്പനിയും ഇടപെടണമെന്ന് ആവശ്യപ്പെട്ട് നീണ്ട 14 ദിവസമാണ് ഗാലനോസ് നിരാഹാരം കിടന്നത്. 2018 നവംബർ 21 ന് ആരംഭിച്ച നിരാഹാര സമരം എട്ട് ദിവസം പിന്നിട്ടപ്പോൾ ആരോഗ്യനില വഷളാവുകയും, പിന്നീട് നവംബർ 28 ന് പൊലീസെത്തി അദ്ദേഹത്തെ ആശുപത്രിയിലാക്കുകയും ചെയ്തു. ഗാലനോസ് അല്ലാതെ ക്യാപ്റ്റനോ സീമാനോ ഇന്ത്യന്‍ എക്സ്പ്രസ് മലയാളത്തോട് സംസാരിക്കാന്‍ തയ്യാറായില്ല.
“സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന അച്ഛന് ഗ്രാസിമോസിന് മാസം സര്‍ക്കാര്‍ നല്കുന്ന 500 യൂറോ പെന്‍ഷനിലാണ് കുടുംബം മുന്നോട്ട് പോകുന്നത്. സഹോദരി എലനിയുടെ കല്യാണം മുടങ്ങി. പക്ഷെ അച്ഛനോട് ഇവിടുത്തെ കാര്യം പറഞ്ഞിട്ടില്ല. അദ്ദേഹം ഇപ്പോഴും ഞാന്‍ മറ്റേതോ രാജ്യത്ത് ജോലിയിലാണെന്നാണ് കരുതുന്നത്,” ഗാലനോസ് പറഞ്ഞു.
എന്നാല്‍ ഗാലനോസിനേക്കാള് കടുത്ത പ്രതിസന്ധിയാണ് സീമെന്‍ സെവനയുടെ ജീവിതത്തില്‍ സംഭവിക്കുന്നതെന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു ഉന്നത മറൈന്‍ ഉദ്യോഗസ്ഥന് പറഞ്ഞു. “അയാളുടെ ഭാര്യയും മക്കളും മാതാപിതാക്കളും അടങ്ങുന്ന കുടുംബം കൊടുംപട്ടിണിയിലാണ്. മക്കളുടെ വിദ്യാഭ്യാസം മുടങ്ങി. നാട്ടില്‍ തിരികെയെത്തിയാലും അവര്‍ക്കിനി കപ്പലില്‍ ജോലി ചെയ്യാനാവില്ല. രാജ്യം മൂവരെയും കൈയ്യൊഴിഞ്ഞ മട്ടാണ്. ആരോടും സംസാരിക്കാതെ എപ്പോഴും ഹോട്ടല്‍ മുറിയില്‍ തന്നെ കഴിയുകയാണ്. ആത്മഹത്യ ചെയ്യുന്നെങ്കില്‍ അയാളാകും ആദ്യം ചെയ്യുക. സാമൂഹിക നീതിയുടെ കടുത്ത ലംഘനമാണിത്,” അദ്ദേഹം പറഞ്ഞു.
മൂവരും കടുത്ത മാനസിക സമ്മർദ്ദത്തിലാണെന്ന് ഇവർ താമസിക്കുന്ന ഹോട്ടലിലെ ഒരു ജീവനക്കാരൻ പറഞ്ഞു. വളരെ അപൂർവ്വമായി മാത്രമേ ഇവർ മുറിവിട്ട് പുറത്തിറങ്ങാറുളളൂവെന്നും അദ്ദേഹം പറയുന്നു.
“ജെ എം ബക്സി എന്ന ഷിപ്പിങ് കമ്പനിയാണ് ഇവരുടെ കാര്യങ്ങൾ നോക്കുന്നത്. ഭക്ഷണം, ചികിത്സാ കാര്യങ്ങൾ മറ്റ് ചെലവുകൾ എന്നിവ വഹിക്കുന്നത് ഈ കമ്പനിയാണ്. അവരാവശ്യപ്പെടുന്ന സാധനങ്ങൾ ഞങ്ങൾ കൊടുക്കുന്നുണ്ട്. എന്നാൽ അവരുടെ കൈവശം ആവശ്യത്തിന് പണമില്ല എന്നത് സത്യമാണ്. അവർ മറ്റുളളവരോട് അധികം സംസാരിക്കാറുമില്ല,” ജീവനക്കാരൻ പറഞ്ഞു.
അപകടം നടന്ന സ്ഥലം കേസിൽ പ്രധാനപ്പെട്ട ഒന്നാണ്. തീരത്ത് നിന്നും 12 നോട്ടിക്കൽ മൈൽ ദൂരം ഇന്ത്യയെ സംബന്ധിച്ച് പരമാധികാരം ഉളല സ്ഥലമാണ്. എന്നിരിന്നാലും അടുത്തിടെ പുറത്തിറങ്ങിയ യു എൻ കടൽ നിയമ കൺവെൻഷന്റെ വിജ്ഞാപന പ്രകാരം രണ്ട് കൂട്ടരുടെയും 200 നോട്ടിക്കൽ മൈൽ ദൂരം വരെയുളള സ്ഥലങ്ങളിൽ നടക്കുന്ന സംഭവങ്ങളിൽ സി ആർ പി സി പ്രകാരം കേസ് എടുക്കാവുന്നതാണ്. ഈ കേസിലും കപ്പലും ബോട്ടും അൺക്ലോസ് ( യു എൻ സി എൽ ഒ എസ് ) നിയമങ്ങൾ ബാധകമാണ്.
അണ്‍ക്ലോസ്’ നിയമ പ്രകാരം കടല്‍ പാതയില്‍ അപകടം നടന്നാല്‍ അതില്‍ ഏറ്റവും വേഗത്തില്‍ പരിഹാരം കാണണമെന്നാണ്. കേസ് വൈകുകയാണെങ്കില്‍, കേസിന്റെ നടപടികള്‍ക്ക് തിരികെ വരാമെന്ന നിബന്ധനയോടെ കപ്പല്‍ ജീവനക്കാര്‍ക്ക് നാട്ടിലേക്ക് തിരികെ പോകാനുളള അവസരം ഉണ്ടാക്കണം. എന്നാല്‍ ഭക്ഷണവും താമസവും കൃത്യമായി നടക്കുന്നുവെന്നല്ലാതെ നീണ്ട 18 മാസമായി അവരുടെ ജീവിതത്തില്‍ മനസ്സറിഞ്ഞ് ചിരിച്ച ഒരു ദിവസം പോലും ഉണ്ടായിട്ടില്ല.

“ആഴ്ചയിലൊരിക്കല്‍ കോസ്റ്റല്‍ പൊലീസ് സ്റ്റേഷനില്‍ പോയി ഒപ്പിടണം. ശമ്പളം കിട്ടുന്നില്ല. ബന്ധുക്കളെയോ സുഹൃത്തുക്കളെയോ വിളിക്കാന്‍ പറ്റുന്നില്ല. എംബസിയില്‍ നിന്ന് സഹായം ലഭിക്കുന്നില്ല. ഞാനിപ്പോള്‍ മനുഷ്യാവകാശ കമ്മിഷന് കത്തയച്ചിരിക്കുകയാണ്. ഗ്രീസിലെ യും മ്യാന്മറിലെയും ഐടിഎഫ് സംഘങ്ങളുമായി ബന്ധപ്പെടുന്നുണ്ട്. ഒന്നും സാധിച്ചില്ലെങ്കില്‍ ഏതെങ്കിലും വിധത്തില്‍ ഐടിഎഫ് വഴി കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താനും ശ്രമി ക്കും,” എന്ന് തോമസ് സെബാസ്റ്റ്യന്‍ പറഞ്ഞു.
കേള്‍വിക്ക് തകരാറുണ്ടായിരുന്നു ഗാലനോസിന്. പനയപള്ളിയിലെആശുപത്രി മുറിയില്‍ ഞങ്ങള്‍ ഗാലനോസിനെ സന്ദര്‍ശിക്കുമ്പോള്‍ അദ്ദേഹത്തോടൊപ്പം ഡോക്ടറുമുണ്ടായിരുന്നു. ‘നട്ടെല്ലില്‍ രണ്ട് കശേരുക്കളുടെ ഭാഗത്ത് വളവുണ്ട്. ഇരിക്കുമ്പോഴും കിടക്കുമ്പോഴും സൂക്ഷി ക്കണം,’ ഡോക്ടര്‍ അദ്ദേഹത്തോട് പറഞ്ഞു. ഗാലനോസിനെ പോലെ തന്നെ രോഗബാധിതനാണ് ക്യാപ്റ്റനും. ഹൃദ്രോഗ ബാധിതനാണ് അദ്ദേഹം. കേസ് നീണ്ടുപോകുന്നത് ഇരുവര്‍ക്കും ഇടയില്‍ തര്‍ക്കങ്ങളും തെറ്റിദ്ധാരണകളും ഉണ്ടാക്കിയിട്ടുണ്ട്. അദ്ദേഹം പറയുന്നു
എന്നാൽ തങ്ങൾ എല്ലാ ദിവസവും ഗാലനോസും ക്യാപ്റ്റൻ ജോർജിയാനക്കിസുമായും ബന്ധപ്പെടാറുണ്ടെന്ന് എംബസി സെക്രട്ടറി പറയുന്നു. “2017 ജൂണിൽ അപകടം ഉണ്ടായ ശേഷം എല്ലാ ദിവസവും ഇവരുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നു. ഇതിന് പുറമെ കോൺസുലാർ സെക്ഷൻ ക്യാപ്റ്റൻ ജോർജിയാനക്കിസിന്റെ ഭാര്യയുമായും സംസാരിക്കുന്നുണ്ട്. ഭർത്താവിന്റെ ആരോഗ്യത്തെ കുറിച്ച് അവർ വളരെയധികം ഉത്കണ്ഠ പ്രകടിപ്പിച്ചിരുന്നു,” എംബസി സെക്രട്ടറി വിശദീകരിച്ചു.
“കഴിഞ്ഞ ഒന്നര വർഷത്തിനിടയിൽ മൂന്ന് വട്ടം എംബസി ജീവനക്കാർ കൊച്ചിയിലെത്തി ഗാലനോസിനെയും ജോർജിയാനക്കസിനെയും കണ്ടിരുന്നു. ശാരീരികമായും മാനസികമായും സാമ്പത്തികമായും നൽകേണ്ട എല്ലാ സഹായങ്ങളും അവർക്ക് നൽകിയിട്ടുണ്ട്. ഇതിന് പുറമെ ഇവരുടെ കേസിന്റെ കാര്യങ്ങൾ നോക്കുന്ന ബോസ് ആന്റ് മിത്ര ആന്റ് കമ്പനി എംബസിയെ കൃത്യമായി വിവരങ്ങൾ അറിയിക്കുന്നുണ്ട്. ഞങ്ങൾ ഇടപെടേണ്ട സമയത്ത് ഞങ്ങൾ കേസിൽ ഇടപെടുന്നുണ്ട്,” ഗ്രീക് എംബസി സെക്രട്ടറി ഓയിക്കനോമു പറഞ്ഞു.
അപകടമല്ലേ… ബോധപൂര്വ്വമല്ലല്ലോ…
“അപകടമല്ലേ… ബോധപൂര്‍വ്വം ചെയ്യുന്നതാണോ” എന്നാണ് പേര് വെളിപ്പെടുത്താനാവില്ലെന്ന് പറഞ്ഞ മറൈന്‍ ഓഫീസര്‍ ചോദിച്ചത്. “റോഡില്‍ അപകടം ഉണ്ടാക്കുന്ന വ്യക്തികളുടെ ലൈസന്‍സ് റദ്ദാക്കുകയല്ലേ നമ്മള് ചെയ്യുന്നത്. പിന്നീട് അവര്‍ വാഹനം ഓടിക്കാതിരിക്കുക. അതാണ് പരമാവധി ശിക്ഷയായി നല്‍കേണ്ടത്.”

“ഈ കേസ് കോടതിയില്‍ നിലനില്‍ക്കില്ല. ഇത് ഇന്ത്യന്‍ ശിക്ഷ നിയമപ്രകാരം പരിഗണിക്കാനാ വുന്ന കേസല്ല. അണ്‍ക്ലോസ് നിയമപ്രകാരം പരിഗണിക്കേണ്ടതാണ്. ആ നിയമ പ്രകാരം അപകടമുണ്ടാക്കിയവരെ പരമാവധി ലൈസന്‍സ് റദ്ദാക്കുകയാണ് ചെയ്യുക. ഇന്ത്യയില്‍ നിന്ന് ഇവരുടെ അംഗീകാരം റദ്ദാക്കണമെന്ന് ഗ്രീസിലെ അധികൃതര്‍ക്ക് കത്തയക്കാനേ ഈ നിയമപ്രകാരം സാധിക്കൂ. അവരെ ഈ നാട്ടിലിട്ട് ഇങ്ങിനെ ദ്രോഹിച്ചിട്ട് എന്താണ് കാര്യം,” അദ്ദേഹം ചോദിക്കുന്നു.
എന്നാല്‍ കേസ് വൈകിപ്പിക്കുന്നത് ഇന്ത്യാക്കാരല്ലെന്ന് ഗാലനോസ് പറഞ്ഞു. “ഞങ്ങളെ സഹായിക്കേണ്ടത് ഞങ്ങളുടെ കമ്പനിയും ഞങ്ങളുടെ എംബസിയുമാണ്. നാട്ടില്‍ ഞങ്ങളെ സഹായിക്കാന്‍ ആരുമില്ല. ഞങ്ങളുടെ കേസിന്റെ ഈ 18 മാസക്കാലത്തിനിടയില്‍ എംബസി യില്‍ മൂന്ന് പേര് മാറി വന്നു. ഓരോ മാസവും ഞാന്‍ എംബസിയെ ബന്ധപ്പെടാറുണ്ട്. എന്നാല്‍ അവര്‍ എന്റെ നമ്പര്‍ കാണുമ്പോള്‍ ഫോണ്‍ ബന്ധം വിച്ഛേദിക്കുന്നു,” ഗാലനോസ് തന്റെ നിരാശ മറച്ചുവയ്ക്കാതെ പറഞ്ഞു.
മാന്യമായ നഷ്ടപരിഹാരം നല്‍കണം
മത്സ്യത്തൊഴിലാളികളെ വെടിവച്ച് കൊലപ്പെടുത്തിയ എൻറിക്ക ലെക്സി പോലെയുളള സംഭവമല്ല ഇതെന്നാണ് കൊച്ചിയിലെ ഫിഷറീസ് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ കണ്‍വീനറായ ചാള്‍സ് ജോര്‍ജ് പറഞ്ഞത്.
“ഇത് അപകടമാണ്. അന്താരാഷ്ട്ര തലത്തില്‍ കേസ് നീണ്ടുപോകുന്നത് ഇന്ത്യക്കോ, മത്സ്യത്തൊഴിലാളികള്‍ക്കോ ഗുണകരമല്ല. ഒരു തലം എത്തിക്കഴിഞ്ഞാല്‍ കേസില്‍ ഇന്ത്യയുടെ ദേശീയ താൽപ്പര്യം പൂര്‍ണ്ണമായി പരാജയപ്പെടുന്നത് കാണേണ്ടി വരും. അതാണ് എൻറിക്ക ലെക്സി കേസിലും സംഭവിച്ചത്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ഇടപെടലില്ലാതെ ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കിയാണ് കേസ് അവസാനിപ്പിച്ചത്.”
“ആംബര്‍ എല്ലിന്റേത് ആദ്യത്തെ കേസ് അല്ല. ഈ വര്‍ഷം മുനമ്പത്ത് നിന്ന് പോയ ഫൈബര്‍ വളളത്തിൽ മയൂരി നാരി എന്ന കപ്പല്‍ ഇടിച്ച് അപകടം ഉണ്ടായി. അവര്‍ക്ക് നഷ്ടപരിഹാരം ലഭിച്ചില്ല. അതിന് ശേഷം കൊച്ചിയില്‍ നിന്ന് പോയ ഓഷ്യാനസ് എന്ന ബോട്ടില്‍ ഇന്ത്യന്‍ കപ്പലിടിച്ച് കാണാതായ 14 പേരെ കുറിച്ച് ഇതുവരെ വിവരമില്ല. അതില്‍ കപ്പലിന്റെ ഭാഗത്ത് കുറ്റമില്ലെന്നാണ് ഇപ്പോഴത്തെ നില.”

“കപ്പല്‍ അപകടങ്ങള്‍ ഒറ്റപ്പെട്ട സംഭവമല്ല. ആംബര്‍ എല്ലിന്റേത് ബോധപൂര്‍വ്വം നടത്തിയ പിഴവാണെന്ന് കരുതുന്നുമില്ല. മരിച്ച മത്സ്യത്തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം നല്കി കേസ് ഒഴിവാക്കാനാണ് ശ്രമിക്കേണ്ടത്. തകര്‍ന്ന ബോട്ടിന് 1.75 കോടി രൂപ നഷ്ടപരിഹാരം ലഭിച്ചത് കോടതിക്ക് പുറത്ത് കേസ് ഒത്തുതീര്‍പ്പാക്കിയാണ്. മരിച്ചവരുടെ കുടുംബങ്ങള്‍ 45-46 കോടി രൂപയോ മറ്റോ ആണ് നഷ്ടപരിഹാരം ചോദിച്ചതയാണ് അറിയുന്നത്. അത്രയും ഉയര്‍ന്ന തുക നല്‍കാനാവില്ലെന്ന് കപ്പല്‍ കമ്പനി നിലപാടെടുത്തു. എന്നാല്‍ കേസിന് പോകട്ടെയെന്നായി കമ്പനി. കേസ് എത്രയും വേഗം അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ട്. എന്നാല്‍ എൻറിക്ക ലെക്സിയുടെ കേസില്‍ സംഭവിച്ചത് പോലെ ഇതിലും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് കടുത്ത അലംഭാവമാണ് കാണുന്നത്,” ചാള്‍സ് ജോര്‍ജ് പറഞ്ഞു.
2012 ഫെബ്രുവരി 15 നാണ് നീണ്ടകരയ്ക്ക് സമീപം ഇറ്റാലിയന്‍ കപ്പലായ എന്റിക്കാ ലെക്സിയില്‍ നിന്നുമുണ്ടായ വെടിവെയ്പ്പിനെ തുടര്‍ന്ന് രണ്ട് മത്സ്യത്തൊഴിലാളികൾ കൊല്ലപ്പെട്ടത്. കൊല്ലം മുദാക്കര സ്വദേശി വാലന്റൈന്‍ (ജലസ്റ്റിന്‍ 50), കന്യാകുമാരി സ്വദേശി അജീഷ് പിങ്കു(21) എന്നിവരാണ് വെടിവെയ്പില്‍ കൊല്ലപ്പെട്ടത്. ഈ കേസില്‍ ഇറ്റാലിയന്‍ നാവികരായ മസിമിലാനോ ലത്തോറും സാല്‍വത്തോറെ ജെറോണും അറസ്റ്റ് ചെയ്യപ്പെട്ടു. പിന്നീട് ഇവരെ ജാമ്യത്തില്‍ വിട്ടതും എല്ലാം വലിയ വിവാദമുയര്‍ത്തിയിരുന്നു.
സെന്റ് ആന്റണീസ് ബോട്ടിലെ തൊഴിലാളികളായിരുന്നു കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളി കള്‍. ഇവര്‍ കടല്ക്കൊളളക്കാരാണെന്ന് കരുതി തെറ്റിദ്ധരിച്ച് വെടിവെയ്ക്കുകയായിരുന്നു വെന്നാണ് പ്രതിഭാഗം വാദിച്ചത്. സിംഗപ്പൂരില്‍ നിന്നും ഈജ്പിതിലേയ്ക്ക് പോകുകയായിരുന്നു എന്റിക്ക ലെക്സി എന്ന കപ്പല്‍ ഇതിലെ സുരക്ഷാ ഭടന്മാരാണ് കേസിലെ പ്രതികളായ മസിമിലാനോ ലത്തോറും സാല്‍വത്തോറെ ജെറോണും. കേരളത്തിലെ ആദ്യ സംഭവങ്ങളിലൊന്നായാണ് കടലിൽ മത്സ്യത്തൊഴിലാളികളെ വെടിവച്ച് കൊലപ്പെടുത്തിയ ഈ സംഭവത്തെ കണക്കാക്കുന്നത്. അതിനാൽ കടൽക്കൊലക്കേസ എന്നും ഈ സംഭവം അറിയപ്പെടുന്നു. ഇന്നും വിവാദം അവസാനിക്കാത്ത ഈ കടല്‍ക്കൊലക്കേസ് സംബന്ധിച്ചുളളത്.
കോടതി മുറിയിലേക്ക് വീണ്ടും…
എറണാകുളം ജില്ല കോടതിയില്‍ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയുടെ വാദം നടക്കുകയാണ്. കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബവും കാണാതായ മത്സ്യത്തൊഴിലാളികയുടെ കുടുംബവും ജാമ്യ പ്രകാരം ഇന്ത്യ വിട്ട് ഇവര്‍ക്ക് എങ്ങോട്ടും പോകാന്‍ പാടില്ല. ഹോട്ടലില്‍ നിന്ന് എവിടെ പോകാനും അവര്‍ക്ക് ഫോര്‍ട്ടുകൊച്ചിയിലെ കോസ്റ്റല്‍ പൊലീസിന്റെ അനുമതി വേണം.
“കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്. ക്രിമിനല്‍ കേസാണ് അവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. സെക്ഷന്‍ 304 ആണ് അതില്‍ പ്രധാനം. അതിനാലാണ് പുറത്ത് പോകാന്‍ പറ്റാത്തത്,” ഇവരുടെ അഭിഭാഷകനായ സുജേഷ് മേനോന് പറഞ്ഞു.
കുറ്റവാളികളെ കൈമാറ്റം ചെയ്യുന്നതിന് ഗ്രീസും ഇന്ത്യയും തമ്മില്‍ കരാര്‍ ഒപ്പുവച്ചിട്ടില്ല. അതിനാല്‍ തന്നെ ഇവരെ കോടതിക്ക് നാട്ടിലേക്ക് വിടാനുമാവില്ല. ഗ്രീക് എംബസിയില്‍ നിന്ന് ഈ ആവശ്യത്തില്‍ മറുപടി തേടിയിരിക്കുകയാണ് കോടതി
കേസ് ഇന്നലെ കോടതിയുടെ പരിഗണനയിലെത്തിയപ്പോൾ ഈ കേസിൽ പ്രതികളെ തിരികെ വിട്ടയച്ചാൽ കേസിലെ നടത്തിപ്പിനായി വീണ്ടും ഇവിടെ എത്തിക്കാമോ എന്ന കാര്യത്തിൽ മറുപടി നൽകാൻ ഗ്രീക്ക് എംബസി 14 ദിവസം സമയം ചോദിച്ചു.
ആംബർ എൽ ഷിപ്പ് അപകടവുമായി ബന്ധപ്പെട്ട കേസിൽ വാദം കേൾക്കുന്നത് കോടതി ജനുവരി ആദ്യവാരത്തിലേക്ക് നീട്ടി. കപ്പൽ ജീവനക്കാരായ രണ്ട് ഗ്രീക്കുകാരുടെയും ഒരു മ്യാന്മാർ സ്വദേശിയുടെ യും ഹർജിയാണ് പരിഗണിക്കുന്നത്. നാട്ടിലേക്ക് പോകാൻ അനുവദിക്കണമെന്നാണ് മൂന്നുപേരുടെയും ആവശ്യം. മറുപടി നൽകാൻ സമയം വേണമെന്ന് തന്നെയാണ് ഗ്രീക്ക് എംബസി ഇന്നും കോടതിയിൽ പറഞ്ഞത്. എന്നാൽ മ്യാന്മാർ എംബസി ഇക്കാര്യത്തിൽ ഇതുവരെയും കോടതിയിൽ മറുപടി നൽകിയിട്ടില്ല.
ഗ്രീസിലെ വിദേശകാര്യ മന്ത്രാലയത്തിൽ നിന്ന് നിർദ്ദേശം ലഭിക്കാതെ തങ്ങൾക്കൊന്നും ചെയ്യാനാവില്ലെന്നും ഗ്രീക് എംബസി കോടതിയെ അറിയിച്ചു. രണ്ടാഴ്ച സമയമാണ് എംബസി ചോദിച്ചത്. ഹർജിക്കാർ കേസ് നീട്ടിവയ്ക്കുന്നതിനെ എതിർത്തെങ്കിലും കോടതി എംബസിയ്ക്ക് സമയം അനുവദിച്ചു. അതേസമയം ശനിയാഴ്ച ഗ്രീക്ക് എംബസി സെക്രട്ടറി ഓയിക്കനോമു കൊച്ചിയിൽ നാവികരെ സന്ദർശിക്കും എന്നറിയുന്നു.